സ്വര്‍ഗം വില്‍ക്കുന്ന അനാഥ അഗതികള്‍
ചുള്ളിക്കമ്പുകൊണ്ട് തറയില്‍ എന്തോ വരച്ചുകൊണ്ടിരിക്കുന്ന പാവപ്പെട്ട ആ അനാഥബാലനെ കണ്ടപ്പോള്‍ അവളുടെ മനസലിഞ്ഞു. വാത്സല്യം കിനിയുന്ന ശബ്ദത്തില്‍ അവള്‍ ചോദിച്ചു: ''കുഞ്ഞേ, എന്താണു നീ ചെയ്തുകൊണ്ടിരിക്കുന്നത്..?''
തല ഉയര്‍ത്തുകപോലും ചെയ്യാതെ അവന്‍ പറഞ്ഞു: ''ഞാന്‍ സ്വര്‍ഗം വരയ്ക്കുകയാണ്.''
''സ്വര്‍ഗം വരയ്ക്കുകയോ...?'' അവള്‍
''അതെ, സ്വര്‍ഗം വരച്ച് പല ഭാഗങ്ങളാക്കി തരംതിരിക്കുകയാണ്..''
മുഖത്ത് ഒരു പൂപുഞ്ചിരി വിടര്‍ത്തി അവള്‍ ചോദിച്ചു:
''നിന്റെ സ്വര്‍ഗത്തില്‍ എനിക്കൊരു ഇടം തരുമോ..?''
''തരാം, പക്ഷെ, വെറുതെ തരില്ല.''
''എത്ര രൂപ വേണ്ടി വരും..'' അവള്‍ അന്വേഷിച്ചു.
''നാല്‍പത്തിയഞ്ചു രൂപ..''
''നാല്‍പത്തിയഞ്ചു രൂപയോ..! അതു മതിയോ...?'' ''അതു മതി. ഉച്ചച്ചോറിനു നാല്‍പത്തിയഞ്ചു രൂപ വേണമെന്നാ കടക്കാരന്‍ പറഞ്ഞത്...''
നിഷ്‌കളങ്കമായ ഈ മറുപടി കേട്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ ഒരു നിമിഷം അവള്‍ കുഴങ്ങി. കണ്ണില്‍ നീര്‍ക്കണങ്ങള്‍ ഉരുണ്ടു. പിന്നെ ഒന്നും ആലോചിച്ചുനിന്നില്ല. തന്റെ ബാഗില്‍നിന്ന് അഞ്ഞൂറു രൂപയെടുത്ത് അവന്റെ കൈയില്‍ വച്ചു. പക്ഷെ, അവനതു വാങ്ങിയില്ല. പിടിപ്പിച്ചിട്ടും വാങ്ങിയില്ല. എനിക്കു നാല്‍പത്തിയഞ്ചു രൂപ മാത്രം മതിയെന്ന ആവശ്യത്തില്‍ അവന്‍ ഉറച്ചുനിന്നു. അവസാനം അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ നാല്‍പത്തിയഞ്ചു രൂപ എടുത്തു കൊടുത്തു. കൈയിലുണ്ടായിരുന്ന മിഠായികളും അവനു നല്‍കി.
അന്നു രാത്രി ഉറങ്ങുമ്പോഴതാ ഒരു സ്വപ്നം. തന്റെ ജീവിതത്തില്‍ ഇന്നേ വരേ കാണാത്ത അതിമനോഹരമായൊരു കിനാവ്. താന്‍ സ്വര്‍ഗത്തിലൂടെ സൈ്വരവിഹാരം നടത്തുന്നു. അവിടത്തെ സുഖാനന്ദങ്ങള്‍ ആവോളം ആസ്വദിച്ചു മുന്നോട്ടുപോകുന്നു..
നേരം പുലര്‍ന്നപ്പോള്‍ തന്റെ ഭര്‍ത്താവിനോട് അവളീ സ്വപ്നം പങ്കുവച്ചു. അതുകേട്ടപ്പോള്‍ ഭര്‍ത്താവിനു ഇരിപ്പുറച്ചില്ല. അയാള്‍ വേഗം വസ്ത്രം മാറ്റി അപ്പോള്‍ തന്നെ ആ കുഞ്ഞിനെയും തേടിയിറങ്ങി. അവനെ കണ്ടു പറഞ്ഞു: ''കുഞ്ഞേ, എനിക്കും വേണം നിന്റെ സ്വര്‍ഗം..?''
അവന്‍ പറഞ്ഞു: ''ഞാനതു വില്‍ക്കില്ല..''
''അതെന്താ, ഇന്നലെ നീ എന്റെ ഭാര്യയ്ക്കു നാല്‍പത്തിയഞ്ചു രൂപയ്ക്കു വിറ്റിരുന്നല്ലോ..''
''വിറ്റിരുന്നു.. പക്ഷെ, താങ്കളുടെ ഭാര്യ നാല്‍പത്തിയഞ്ചു രൂപ കൊടുത്ത് സ്വര്‍ഗം വാങ്ങുകയല്ല, എന്റെ കണ്ണീരൊപ്പുകയാണു ചെയ്തത്. താങ്കള്‍ എന്റെ കണ്ണീരൊപ്പാന്‍ വന്നതല്ല, സ്വര്‍ഗം മാത്രം ലക്ഷ്യമാക്കി വന്നതാണ്. അതിനു നാല്‍പത്തിയഞ്ചു രൂപ മതിയാവില്ല. നാല്‍പത്തിയഞ്ചു രൂപയ്ക്കു നിങ്ങള്‍ നിങ്ങളുടെ ഒരു തുണ്ടു ഭൂമി തരുമോ.. എന്നിട്ടാണോ ആകാശഭൂമികളുടെ വിസ്തൃതിയുള്ള സ്വര്‍ഗം നാല്‍പത്തിയഞ്ചു രൂപയ്ക്കു വാങ്ങാന്‍ വരുന്നു...''
ചിലര്‍ കൂലിക്കുവേണ്ടി ജോലിയെടുക്കും. വേറെ ചിലര്‍ ജോലിക്കുള്ള കൂലി വാങ്ങും.. രണ്ടും ഒന്നുതന്നെയാണെന്നു തോന്നാമെങ്കിലും വലിയ വ്യത്യാസമുണ്ട്. കൂലിക്കു ജോലി ചെയ്യുന്നവന്‍ ജോലിയിലല്ല, കൂലിയിലാണു ശ്രദ്ധിക്കുക. ജോലിക്കു കൂലി വാങ്ങുന്നവന്‍ കൂലിയിലല്ല, ജോലിയിലാണു ശ്രദ്ധിക്കുക. അയാള്‍ വാങ്ങുന്നതു ജോലിക്കുള്ള കൂലി മാത്രമായിരിക്കും.
വീടുപണി എടുക്കുന്നിടത്തുവച്ച് താങ്കളെന്താ ചെയ്തുകൊണ്ടിരിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ഒരു തൊഴിലാളിയുടെ മറുപടി: ''കുട്ടികള്‍ക്ക് അരി വാങ്ങണമല്ലോ. അതിനു വേണ്ടി പണിയെടുക്കുകയാണ്..''
കൂടെ ജോലി ചെയ്യുന്ന വേറൊരു തൊഴിലാളിയോട് ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അയാളുടെ മറുപടി: ''ഞാന്‍ അതിമനോഹരമായൊരു വീടു പണിയുകയാണ്..''
ചോദിക്കട്ടെ, ഇതില്‍ ആര്‍ക്കായിരിക്കും ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥതയുണ്ടാവുക..? തീര്‍ച്ചയായും രണ്ടാമനു തന്നെ. കാരണം, അയാള്‍ക്ക് തന്റെ ജോലിയോടാണ് ആത്മാര്‍ഥത. ഒന്നാമന് ആത്മാര്‍ഥത ജോലിയോടല്ല, തന്റെ കുടുംബത്തോടാണ്.
ദൈവം കര്‍മങ്ങളിലേക്കല്ല, മനസിലേക്കാണു നോക്കുന്നത്. നമ്മുടെ മനസ് എങ്ങനെയാണോ അതിനനുസരിച്ചാണ് നമുക്കു ലഭിക്കുന്ന പ്രതിഫലം. കൊലപാതകം കഴിഞ്ഞാല്‍ ഏറ്റവും വലിയ വന്‍കുറ്റമാണല്ലോ വ്യഭിചാരം. അത്രയ്ക്കു വലിയ പാപം ചെയ്ത ഒരു വ്യക്തി ദാഹിച്ചു വലഞ്ഞ ഒരു നായയ്ക്കു വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു എന്നു പ്രമാണങ്ങളില്‍ കാണാം. എന്നുവച്ചു സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റു കിട്ടാന്‍ നായയ്ക്കു വെള്ളം കൊടുത്താല്‍ മാത്രം മതി എന്നു പറഞ്ഞു സമാധാനിച്ചിരുന്നാല്‍ എങ്ങനെയുണ്ടാകും..? നായയ്ക്കു വെള്ളം കൊടുത്ത പ്രവൃത്തിക്കല്ല, ആ പ്രവൃത്തിക്കു കാരണമായ തുല്യതയില്ലാത്ത കാരുണ്യത്തിനും വാത്സല്യത്തിനും സഹാനുഭൂതിക്കും ദൈവം നല്‍കിയ സമ്മാനമാണു സത്യത്തില്‍ ആ സ്വര്‍ഗം. വെള്ളം കൊടുക്കല്‍ അതിനു നിമിത്തമായി എന്നു മാത്രം.
സ്വര്‍ഗം കിട്ടാന്‍ നാല്‍പത്തിയഞ്ചു രൂപയോ നായയ്ക്കു വെള്ളം കൊടുക്കലോ മതിയാവില്ല. കാരണം, ദൈവത്തിനു ഒരു കൊതുകിന്റെ ചിറകിന്റെ വില പോലുമില്ലാത്ത ഈ ലോകത്തെ ഭൂമിയില്‍ ഒരു തുണ്ടു കിട്ടാനാണ് ലക്ഷങ്ങള്‍ വില. എങ്കില്‍ കണ്ണുകള്‍ കാണാത്തതും കാതുകള്‍ കേള്‍ക്കാത്തതും ഒരു മനുഷ്യനും സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ആകാശഭൂമികളുടെ വിസ്തൃതിയുള്ള സ്വര്‍ഗത്തിന്റെ വില എത്രയായിരിക്കും...? അതു വില കൊടുത്ത് വാങ്ങാന്‍ പറ്റുന്നതല്ല. കര്‍മങ്ങള്‍ ചെയ്തു വാങ്ങാനും കഴിയില്ല. അതു ദാനമായി കിട്ടുന്നതാണ്. ആ ദാനത്തിന് അര്‍ഹത നേടുകയാണു വേണ്ടത്. അതിനു നമ്മുടെ ലക്ഷ്യം പാവനമായിരിക്കണം. ഉദ്ദേശ്യശുദ്ധി നിഷ്‌കളങ്കമായിരിക്കണം. കര്‍മമല്ല, കര്‍മത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധിയാണു പരിഗണക്കപ്പെടുന്നത്.
കൂലി കിട്ടാന്‍ വേണ്ടി മാത്രം ജോലിയെടുക്കരുത്; ജോലി നന്നാവില്ല. നിങ്ങള്‍ ചെയ്യുന്ന ജോലി മനോഹരവും ആത്മാര്‍ഥവുമാക്കുക. ജോലിയെക്കാള്‍ വലിയ കൂലി നിങ്ങളെ തേടിയെത്തും. അപ്പോള്‍ നാല്‍പത്തിയഞ്ചു രൂപയ്ക്കല്ല, നാല്‍പത്തിയഞ്ചു പൈസയ്ക്കുതന്നെ സ്വര്‍ഗം വാങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."