ഖത്തറിലെ യു.എസ് സൈനിക താവളം സഊദിയിലേക്കു മാറ്റാന്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്
റിയാദ് : ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം സഊദിയിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഖത്തറിലെ അല്‍ ഉബൈദ് വ്യോമ സൈനിക താവളം സഊദിയിലെ അല്‍ഖര്‍ജിന് സമീപത്തേക്ക് മാറ്റുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ഇസ്റാഈല്‍ ഇന്റലിജന്‍സ് അധികൃതരെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തു വന്നതെന്ന് ട്രേഡ് അറേബ്യ ബിസിനസ് ന്യൂസ് ഇന്‍ഫര്‍മേഷന്‍ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത് നടപ്പിലാക്കുന്നതെന്നും വാര്‍ത്തയില്‍ വ്യക്തമാക്കി.
ഇത് മധ്യേഷ്യയിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യത നടപടിയാണ് ഉണ്ടാക്കുകയെന്നും സഊദി യു എസ് ബന്ധത്തിലെ ചരിത്ര നടപടിയാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്റാഈലി വൈബ് സൈറ്റായ ദെബ്ക ഫയല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ അല്‍ ഉബൈദ് എയര്‍ ബേസിലെ സൈനിക യൂണിറ്റുകളുടെ അനുബന്ധ കാര്യങ്ങള്‍ മധ്യ സഊദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലെക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചതായും ദെബ്ക ഫയല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 15 വര്‍ഷം മുന്‍പ് ഗള്‍ഫിലെ പ്രധാന യു എസ് സൈനിക താവളമായിരുന്നു റിയാദിന് 77 കിലോമീറ്റര്‍ ദൂരത്തുളള ഈ സൈനിക താവളം.
60,000 സൈനികരും അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നുവെന്നും സൈറ്റ് വ്യക്തമാക്കി.
മേഖലയിലെ തന്നെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ തെക്കന്‍ തുര്ക്കിയിലെക്ക് യു എസ് സൈനിക വ്യൂഹത്തെ അയക്കാനും ട്രംപ് അഡ്മിനിസ്ട്രേഷന് തയാറെടുപ്പുകള്‍ നടത്തി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."