വെള്ളവും അസംസ്‌കൃത വസ്തുക്കളും കിട്ടാനില്ല; ലൈഫ് മിഷന്‍ പദ്ധതി പാതിവഴിയില്‍
കൊണ്ടോട്ടി: സംസ്ഥാന സര്‍ക്കാറിന്റെ ആദ്യഘട്ട ലൈഫ് മിഷന്‍ പദ്ധയില്‍ 50 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ടത് 34,152 വീടുകള്‍. കടുത്ത വരള്‍ച്ചയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ലൈഫ് മിഷന്‍ പദ്ധതി വീടുകളുടെ പൂര്‍ത്തീകരണത്തിന് കനത്ത തിരിച്ചടിയായി.
മാര്‍ച്ച് 31നുളളില്‍ 61689 വീടുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചതെങ്കിലും ഇന്നലെ വരെ 27534 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് മെയ് 31 വരെ കാലാവധി നീട്ടി നല്‍കിയത്. 26538 വീടുകളാണ് ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കാനായതെങ്കില്‍ കടുത്ത വേനലില്‍ 50 ദിവസം കൊണ്ട് 34,152 വീടുകളുടെ പൂര്‍ത്തീകരണം എങ്ങിനെ സാധ്യമാക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
തദ്ദേശ സ്ഥാപനങ്ങളുടേയും, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെയാണ് ലൈഫ് മിഷന്‍ ആദ്യഘട്ടം കഴിഞ്ഞ നവംബര്‍ 11 മുതല്‍ ആരംഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ഭവന പദ്ധതികളില്‍ ആനുകൂല്യം ലഭിക്കുകയും എന്നാല്‍ പാതിവഴിയില്‍ വീട് നിര്‍മാണം നിലച്ചവരായ ഉപഭോക്താക്കളുടെ വീട് നിര്‍മാണമാണ് ലൈഫ് മിഷന്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. എസ്.ടി വിഭാഗത്തില്‍ 12849 വീടുകളില്‍ 6447 എണ്ണവും,എസ്.ഇ വിഭാഗത്തില്‍ 8611 വീടുകളില്‍ 1436 വീടുകളുമാണ് പൂര്‍ത്തിയായത്. ഫിഷറീസ് വകുപ്പിന് കീഴിലാണ് കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത്. 426 വീടുകളില്‍ 243 എണ്ണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 20541 വീടുകളില്‍ 51 ശതമാനം വീടുകളാണ് പൂര്‍ത്തിയാക്കിയത്. ജില്ലാപഞ്ചായത്ത് 13 ശതമാനവും,ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ 18 ശതമാനവും,ഗ്രാമപഞ്ചയത്ത് 43 ശതമാനവും,നഗരസഭകള്‍ 35 ശതമാനവുമാണ് പൂര്‍ത്തീകരിച്ചത്.
ലൈഫ് മിഷന്‍ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കേണ്ട തിയ്യതി മെയ് 31വരെയാണ്.എന്നാല്‍ ആറ് മാസം കൊണ്ട് ഏറ്റെടുത്ത പദ്ധതികളുടെ പകുതിയിലെത്താത്ത പ്രവര്‍ത്തികള്‍ രണ്ട് മാസംകൊണ്ട് എങ്ങിനെ പൂര്‍ത്തിയാക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
കടുത്ത വേനലും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കൂടിയായതോടെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തികളും ഈവര്‍ഷം തുടങ്ങാനിരിക്കെയാണ് ആദ്യഘട്ടം പ്രതിസന്ധി നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."