മാതൃവിദ്യാലയത്തിന്റെ സ്നേഹത്തണലില്‍ ജനപ്രതിനിധികളുടെ ഒത്തുചേരല്‍
പട്ടിക്കാട്: ഒട്ടും ഔദ്യോഗിക പരിഭവങ്ങളില്ലാതെ അവര്‍ വീണ്ടും മാതൃവിദ്യാലയത്തിന്റെ സ്നേഹത്തണലില്‍ ഒത്തുകൂടി. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും എം.എല്‍.എമാരായ അഡ്വ.എം.ഉമ്മറും പി.അബ്ദുല്‍ ഹമീദുമാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന പട്ടിക്കാട് ജി.എച്ച്.എസ്.എസില്‍ ഒത്തുകൂടിയത്. 1918ല്‍ ഓത്തുപള്ളിയായി തുടങ്ങിയ പട്ടിക്കാട് ജി.എല്‍.പി സ്കൂളും ഹൈസ്കൂളും, ഹയര്‍ സെക്കന്‍ഡറി സ്കൂളും മൂന്ന് പേര്‍ക്കും അക്ഷരവെളിച്ചമേകിയ വിദ്യാലയങ്ങളാണ്.
ജി.എല്‍.പി സ്കൂളിന്റെ ശതാബ്ദി ഉദ്ഘാടനത്തിനും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈടെക് പ്രഖ്യാപനത്തിനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥുമായി എത്തിയ മൂന്ന് പേരും അവര്‍ പഠിച്ച സ്കൂളിലെ ക്ലാസ് മുറികളും അധ്യാപകരെയും മന്ത്രിക്ക് പരിചയപെടുത്തി പഴയ വിദ്യാര്‍ഥികളായത് പുതുതലമുറക്ക് കൗതുക കാഴ്ച്ചയായി.
സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയായ അബ്ദുല്‍ ഹമീദ് എം.എല്‍.എയും യു.പി സ്കൂളിലെ പഠന അനുഭവങ്ങളുമായി ഉമ്മര്‍ എം.എല്‍.എയും ഒന്നു മുതല്‍ പത്ത് വരെയുള്ള അനുഭവങ്ങളുമായി പി.ശ്രീരാമകൃഷ്ണനും രണ്ട് മണിക്കൂര്‍ കാംപസില്‍ ഓര്‍മകള്‍ പങ്കുവച്ച് സഹപാഠികള്‍ക്കൊപ്പം ചെലവഴിച്ചു.
ഉന്നത സ്ഥാനത്തിരിക്കുന്ന പ്രിയശിഷ്യരെ കാണാനെത്തിയ ഇവരുടെ അധ്യാപകരായ സി.വാസുദേവന്‍, കെ.ടി കദീജ, കേശവന് നമ്പൂതിരി എന്നിവര്‍ക്ക് ഉപഹാരം നല്കി ആദരിച്ചു.
കേരളത്തിന് മൂന്ന് പ്രഗല്ഭ നിയമസഭാ സാമാജികരെ സംഭാവന ചെയ്ത പട്ടിക്കാട് സ്കൂള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഭാരത് ജ്യോതി അവാര്‍ഡ് ജേതാവായ സ്പീക്കര്‍ക്ക് സ്കൂള്‍ പി.ടി.എ പ്രസിഡന്റ് നഹാസ് എം.നിസ്താര്‍, വൈസ് പ്രസിഡന്റ് പി.വേലു എന്നിവര്‍ ഉപഹാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."