പൊലിസിനു മനുഷ്യമുഖം പ്രധാനം: മുഖ്യമന്ത്രി
തൃശൂര്‍: പൊലിസിന്റെ മനുഷ്യമുഖമാണു പ്രധാനമെന്നും ഒറ്റപ്പെട്ട തെറ്റുകളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരോ പൊലിസ് മേധാവികളോ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ കാര്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നാംമുറ പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പലതരം മാനസികാവസ്ഥയുള്ളവര്‍ പൊലിസിലുണ്ടാകും.
ഒറ്റപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. രാജ്യത്തിനുതന്നെ മാതൃകയാണ് കേരള പൊലിസിന്റെ പ്രവര്‍ത്തനം. ജനാധിപത്യ ഭരണസംവിധാനത്തിന് കീഴില്‍ ആരംഭിച്ചതല്ല ഇവിടുത്തെ പൊലിസ് സംവിധാനം. ബ്രിട്ടീഷ് സാമ്രാജ്യത്വം നാട്ടുകാരെയും നാടിനേയും അടക്കിഭരിക്കാനുള്ള ഉപാധിയായാണ് പൊലിസിനെ കണ്ടത്. 1957ലെ ഇ.എം.എസ് സര്‍ക്കാരാണ് പ്രഖ്യാപിത നയത്തിലൂടെ പൊലിസിന്റെ മുഖച്ഛായ മാറ്റിമറിച്ചത്. നാടിനും ലോകത്തിനും പൊലിസിനും വന്ന മാറ്റങ്ങള്‍ കാണാതെയാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇന്ന് പൊലിസ് സേനയിലുള്ളവരിലേറെയും. കേസന്വേഷണത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തുന്നവരെ അതേനാണയത്തില്‍ പിടികൂടാന്‍ കഴിയുന്നുണ്ട്. പിങ്ക് പൊലിസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിരീക്ഷണ കാമറാ സംവിധാനം ശക്തിപ്പെടുത്തും.
നിലവിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ നവീകരിച്ച് ശക്തമാക്കും. ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നവരുടെ സംരക്ഷണ ചുമതലകൂടി കേരള പൊലിസ് ഏറ്റെടുക്കുമെന്നും ഇതിനു നാടിന്റെ പിന്തുണ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."