നിര്‍മാണ കുടിശിക നല്‍കിയില്ല; കരാറുകാരന്‍ സോണിയാഗാന്ധിക്കെതിരേ കേസ് നല്‍കി
തിരുവനന്തപുരം: നെയ്യാര്‍ഡാമിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ നിര്‍മാണത്തുകയുടെ കുടിശിക വരുത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരേ കേസ്. സോണിയയെ ഒന്നാം പ്രതിയാക്കിയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഹൈദര്‍ മുഹമ്മദ് എന്നിവരെ രണ്ടുമുതല്‍ അഞ്ചുവരെ പ്രതികളാക്കിയുമാണു തിരുവനന്തപുരം സബ്‌കോടതിയില്‍ കരാറുകാരായ ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് കേസ് ഫയല്‍ ചെയ്തത്. രമേശ് ചെന്നിത്തല പ്രസിഡന്റ് ആയിരിക്കെയാണ് കെ.പി.സി.സിക്കു കീഴില്‍ പഠന, ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി നെയ്യാര്‍ഡാമില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ഹീതര്‍ കണ്‍സ്ട്രക്ഷനെയാണു കരാര്‍ ഏല്‍പ്പിച്ചത്. 2005ല്‍ സോണിയാഗാന്ധിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. 2013ല്‍ നിര്‍മാണം പൂര്‍ത്തിയായ ശേഷം തുറന്നുകൊടുത്തതും സോണിയയായിരുന്നു. നിര്‍മാണം പൂര്‍ത്തിയായ ശേഷം ബാക്കി തുകയായ രണ്ടു കോടി എണ്‍പതു ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടു ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് നിരവധിതവണ കെ.പി.സി.സിയെ സമീപിച്ചിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്നു സോണിയാഗാന്ധിക്കും കെ.പി.സി.സിക്കും വക്കീല്‍നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നു കുടിശിക നല്‍കാന്‍ കെ.പി.സി.സി നേതൃത്വത്തോടു സോണിയാഗാന്ധി നിര്‍ദേശിച്ചിരുന്നു. പലതവണ കരാറുകാര്‍ നേതൃത്വത്തെ സമീപിച്ചിട്ടും ബാക്കി തുക നല്‍കാന്‍ കെ.പി.സി.സി തയാറായില്ല.
രമേശ് ചെന്നിത്തലയുടെ കാലത്ത് പൂര്‍ത്തിയായ പദ്ധതിക്ക് ഇപ്പോള്‍ തുക നല്‍കാനാകില്ലെന്ന നിലപാടാണു കെ.പി.സി.സി നേതൃത്വം സ്വീകരിച്ചത്. ഭരണം മാറിയതോടെയാണു തങ്ങള്‍ക്കു കുടിശികയായ 2.80 കോടിരൂപ പലിശസഹിതം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് കേസ് കൊടുത്തിരിക്കുന്നത്.
കേസ് ഈ മാസം 23നു കോടതി പരിഗണിക്കും. അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണത്തില്‍ കുടിശികയൊന്നും ഇല്ലെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല പറഞ്ഞു. ഇതുവരെ തങ്ങള്‍ക്കു തുക ലഭിച്ചിട്ടില്ലെന്നും അതിനാലാണ് കേസ് ഫയല്‍ ചെയ്തതെന്നും ഹീതാര്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് പാര്‍ട്ണര്‍ രാജീവും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."