ഹാരിസണ്‍ കൈമാറിയ വിവാദ ഭൂമിക്ക് നികുതി അടയ്ക്കാമെന്ന് നിയമവകുപ്പ്
അജേഷ് ചന്ദ്രന്‍#
തിരുവനന്തപുരം: ഹാരിസണ്‍ കൈമാറിയ വിവാദ ഭൂമിക്ക് നികുതി അടയ്ക്കാന്‍ നിയമവകുപ്പിന്റെ അനുമതി. ഹാരിസണ്‍സില്‍ നിന്ന് റിയ കമ്പനി വാങ്ങിയ ഭൂമിക്കാണ് നികുതി സ്വീകരിക്കാന്‍ നിയമവകുപ്പ് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച് നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് റവന്യൂ വകുപ്പിന് നിയമോപദേശം നല്‍കി. ഹാരിസണ്‍സ് ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ച സുപ്രിംകോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ യാതൊരു സാധ്യതയുമില്ല. അതിനാല്‍ നികുതി സ്വീകരിക്കണമെന്നാണ് നിയമോപദേശം. മുഖ്യമന്ത്രിയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പങ്കെടുത്ത ഉന്നതതലയോഗത്തില്‍ ഇക്കാര്യം അംഗീകരിച്ചെന്നും നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇതോടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സ്‌പെഷല്‍ ഓഫിസറായിരുന്ന എം.ജി രാജമാണിക്യം നിര്‍ദേശിച്ച മുഴുവന്‍ തോട്ടങ്ങള്‍ക്കും ഭൂനികുതി അടക്കാനുള്ള അനുമതിയാണ് ലഭിക്കുന്നതെന്നും ഹാരിസണ്‍സ് അടക്കമുള്ള കമ്പനികളെ സഹായിക്കുകയാണ് നിയമ സെക്രട്ടറിയുടെ നീക്കമെന്നും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഹാരിസണ്‍സ് ടി.ആര്‍ ആന്‍ഡ് കമ്പനിക്ക് കൈമാറിയ കൊല്ലത്തെ എസ്റ്റേറ് മുംബൈ ആസ്ഥാനമായ റിയാ കമ്പനി വാങ്ങുകയായിരുന്നു. അവര്‍ നേരത്തെ ഭൂമിയുടെ പോക്കുവരവിനായി കൊല്ലം കലക്ടര്‍ക്ക് നല്‍കിയ അപേക്ഷ തള്ളിയിരുന്നു. അപ്പലേറ്റ് അധികാരിയെന്ന നിലയില്‍ ലാന്‍ഡ് റവന്യൂ കമ്മിഷനര്‍ക്കും അപേക്ഷ നല്‍കി. ഭൂവുടമസ്ഥത സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഭൂനികുതി സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കമ്മിഷനറുടെ നിലപാട്.
തണ്ടപ്പേരില്ലാത്ത ഭൂമിക്ക് ആരുടെ പേരില്‍ നികുതി സ്വീകരിക്കുമെന്നാണ് അന്ന് റവന്യൂ വകുപ്പ് ചോദിച്ചത്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാനായിരുന്നു സര്‍ക്കാരിനോട് ഹൈക്കോടതിയും സുപ്രിംകോടതിയും പറഞ്ഞത്. ഇക്കാര്യം റവന്യൂ വകുപ്പ് ചൂണ്ടിക്കാണിച്ചിട്ടും നിയമ സെക്രട്ടറി മറുപടി നല്‍കിയില്ല. ഹാരിസണ്‍സ് കേസില്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ എസ്.എല്‍.പി (സ്‌പെഷല്‍ ലീവ് പെറ്റിഷന്‍) തള്ളിയതോടെയാണ് റിയാ ഭൂനികുതി അടക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് നികുതി അടക്കുന്നതിനും അനുകൂലമായി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."