ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?
ദമസ്‌കസ്: സിറിയയിലെ ഹയാത്ത് തഹ്‌രീര്‍ അല്‍ശാം (എച്ച്.ടി.എസ്) എന്ന സംഘടനയെ ആഗോള ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു യു.എസ്. അര നൂറ്റാണ്ടിലേറെയായുള്ള അസദ് കുടുംബവാഴ്ച അവസാനിപ്പിച്ച് ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിന്റെ നേതൃത്വത്തിലുള്ള വിമത സംഘം പിടിച്ചടക്കിയിരിക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിന്റെ ഏറ്റെടുക്കല്‍ പാശ്ചാത്യ രാജ്യങ്ങളെ, പ്രത്യേകിച്ച് അമേരിക്കയെ ഒരു 'ഭീകര' സംഘടനയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു എന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍.
തങ്ങളുടെ നിലപാട് മാറ്റാന്‍ യു.എസ് തയ്യാറാണ് എന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. എച്ച്.ടി.എസിന്റെ ഭീകര സംഘടന എന്ന ലേബലിനെ കുറിച്ച് പുനഃപരിശോധന നടത്തി വരികയാണെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പ്രതികരിക്കുന്നു. അതേസമയം, അത്തരത്തിലൊരു ലേബല്‍ ഉണ്ട് എന്നത് സംഘടന പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് യു.എസിന് തടസ്സമല്ലെന്നും സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വ്യക്തമാക്കുന്നു.
കഴിഞ്ഞ വാരാന്ത്യത്തില്‍ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് പ്രത്യേക അവലോകനം ഒന്നുമില്ല. ഞങ്ങള്‍ എപ്പോഴും വിലയിരുത്തലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായി അവര്‍ക്കു മേലുള്ള ഉപരോധ നിലപാടില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം' സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പ്രതികരിച്ചു. അവര്‍ അവരുടെ നിലപാടില്‍ മാറ്റം വരുത്തിയാല്‍ തീര്‍ച്ചയായും പട്ടികയില്‍നിന്ന് അവരെ നീക്കുന്നതിനെ കുറിച്ച് ചിന്തിക്കും. അന്തിമ തീരുമാനം അവരുടെ നിലപാടിനനുസരിച്ചായിരിക്കും മില്ലര്‍ കൂട്ടിച്ചേര്‍ത്തു.
സിറിയയും യു.എസും റഷ്യയും അടക്കമുള്ള ലോകരാജ്യങ്ങള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം. അല്‍ഖാഇദയുടെ കീഴില്‍ ഈ സംഘടന രൂപീകൃതമാവുമ്പോള്‍ ജബത്ത് അല്‍ നുസര്‍ എന്ന മറ്റൊരു പേരിലായിരുന്നു ഗ്രൂപ്പ് രൂപം കൊണ്ടത്.
ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്) നേതാവായ അബൂബക്കര്‍ അല്‍ബാഗ്ദാദി ഇതിന്റെ രൂപീകരണത്തില്‍ പങ്ക് വഹിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ആശയപരമായ വ്യത്യാസങ്ങളാല്‍ അല്‍ഖാഇദയില്‍ നിന്ന് പിളര്‍ന്നപ്പോള്‍ സംഘടന ജബത്ത് അല്‍ നുസര്‍ എന്ന പേര് ഉപേക്ഷിച്ച് തഹ്‌രീര്‍ അല്‍ ശാം എന്ന് പേര് സ്വീകരിക്കുകയായിരുന്നു. അമേരിക്ക 10 മില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയിട്ട അബു മുഹമ്മദ് അല്‍ ജൂലാനിയുടെ നേതൃത്വത്തിലായിരുന്നു ഈ വിഭജനം നടന്നത്.
13 വര്‍ഷങ്ങളായി സിറിയയിലെ വിവിധ 'വിമത ഗ്രൂപ്പു'കളും അസദ് സര്‍ക്കാരും തമ്മില്‍ പല തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏകദേശം പത്ത് ദിവസങ്ങളുടെ ഇടവേളയിലാണ് എച്ച്.ടി.എസ് സിറിയയിലെ നാല് പ്രധാനനഗരങ്ങള്‍ പിടിച്ചെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."