മണ്ണാര്‍ക്കാട്: കാന്തപുരം വിഭാഗത്തില്‍ അസ്വസ്ഥത പുകയുന്നു
മലപ്പുറം: മണ്ണാര്‍ക്കാട് തെരഞ്ഞെടുപ്പില്‍ കാന്തപുരം സുന്നീ നിലപാട് പരിഹാസ്യമാക്കിയത് പ്രസ്ഥാനത്തിലെ ഒരു വിഭാഗം ആവേശക്കാരാണെന്നും ഇവരെ നിലക്കുനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു എസ്.എസ്.എഫ് പരസ്യമായി രംഗത്ത്. തെരഞ്ഞടുപ്പില്‍ കാന്തപുരത്തിന്റെ നിലപാട് ശരിയായിരുന്നുവെന്നും എന്നാല്‍ ജയിച്ചാലും തോറ്റാലും സംഘടനയുടെ നിലപാട് എന്നു കാണേണ്ടതിനു പകരം ചിലരുടെ അനാവശ്യമായ തിടുക്കങ്ങളും ഇടപെടലുകളുമാണ് രംഗം വഷളാക്കിയതെന്നും എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ വിശദമാക്കുന്നു. ഒരു രാഷ്ട്രീയ നിലപാടിനപ്പുറം കാന്തപുരം പറഞ്ഞതിനുമപ്പുറത്തേക്ക് വ്യാഖ്യാനം ചമച്ചു പ്രഭാഷകരും എഴുത്തുകാരും സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവരും സംഘടനയോട് മാപ്പില്ലാത്ത പാതകമാണ് ചെയ്തതെന്നു കുറ്റപ്പെടുത്തുന്നുണ്ട്. സംഘടനയുടെ നിലപാടുകള്‍ക്കെതിരേ ഒരുവിഭാഗം തുടരുന്ന അതൃപ്തിയും എതിര്‍പ്പുകളുമാണ് മുസ്‌ലിം ജമാഅത്തിന്റെ രൂപീകരണ ശേഷം കൈകൊണ്ട നിയമസഭാ തെരഞ്ഞെടുപ്പ് നയത്തിന്റെ പേരില്‍ വിദ്യാര്‍ഥി സംഘടന നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കുന്നതിലേക്ക് നയിച്ചത്.
സാങ്കേതികമായി വിജയം അവകാശപ്പെടുമ്പോഴും രാഷ്ട്രീയമായി പരാജയപ്പെട്ടുവെന്ന് ലീഗിന് ആത്മവിമര്‍ശം നടത്താന്‍ അവസരം നല്‍കുന്നതിനു പകരം നിതാന്ത ശത്രുതയോടെ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ചിലര്‍ രംഗത്തെത്തിയത് രംഗം കലുഷമാക്കിയതായി പറയുന്നു.
കാന്തപുരത്തിന്റെ മണ്ണാര്‍ക്കാട് പ്രസ്താവനയെ അതിന്റെ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിനു പകരം മലക്കുകളിറങ്ങുമെന്നും മറ്റുമുള്ള തരത്തില്‍ പൊതു സമൂഹത്തില്‍ അപഹാസ്യമാകുന്ന രീതിയിലുണ്ടായ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടത്തിയതായും ഇടതുപക്ഷത്തിന് ലഭിക്കുമായിരുന്ന വോട്ടുകള്‍ സ്റ്റേജില്‍ അലമുറയിട്ടും ഫേസ് ബുക്കിലെഴുതിയും നഷ്ടപ്പെടുത്തിയതുമാണ് ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. മണ്ണാര്‍ക്കാടിനു പുറത്ത് മറ്റു മണ്ഡലങ്ങളില്‍ ലീഗ് ക്ഷീണിക്കുന്നതും ചിലയിടങ്ങളില്‍ തോല്‍ക്കുന്നതിനും സംഘടനാ നിലപാട് വഴിവെച്ചുവെന്നിടത്ത് അവസാനിക്കേണ്ടതിനു പകരം, ഉഹ്ദിലെ മുസ്‌ലിം പക്ഷത്തിന്റെ പതര്‍ച്ചയും മലക്കുകള്‍ക്ക് കൊടുവള്ളിയും താനൂരും കഴിഞ്ഞ് മണ്ണാര്‍ക്കാടെത്താന്‍ കഴിയാതെ പോയതും പറഞ്ഞ് പിന്നെയും ചിലര്‍ പരിഹാസ്യത മേല്‍വിലാസമായി കൊണ്ടു നടന്ന് പ്രസ്ഥാനത്തെ പഴി പറയിപ്പിച്ചുവെന്നും വഹാബ് സഖാഫിയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വോയ്‌സ് ക്ലിപ്പിനെ പരഹസിച്ച്‌കൊണ്ട് പോസ്റ്റു പറയുന്നു.
തെരഞ്ഞെടുപ്പിനു ശേഷം സംഘടനാ മുഖപത്രത്തില്‍ ലീഗിനെതിരേ ലേഖന പരമ്പര പ്രസിദ്ദീകരിച്ചതിനേയും എസ്.എസ്.എഫ് വിമര്‍ശിക്കുന്നുണ്ട്. 'ജാള്യതയില്‍ നാണം മറക്കാന്‍ ഉടുമുണ്ട് തിരയുകയായിരുന്ന ലീഗിന്, സുന്നികള്‍ക്കെതിരേ കൊമ്പ് കുലുക്കാനും പ്രവര്‍ത്തകരെ അക്രമിക്കാനും പരസ്യമായിറങ്ങാനുള്ള വളം വയ്ക്കുന്നതായിരുന്നു ലേഖനങ്ങള്‍. രാഷ്ട്രീയത്തെ ആശയപരമായി വിമര്‍ശിക്കുകയും സംവാദങ്ങള്‍ ഉയര്‍ത്തുകയുമാവാം. പക്ഷേ,പ്രകോപിപ്പിച്ചും പരിഹസിച്ചും ഒരു സംവാദത്തേയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. നിര്‍മാണാത്മകമായി ധാരാളം പദ്ധതികളില്‍ വ്യാപൃതരാവേണ്ട പ്രവര്‍ത്തകരെ അനാവശ്യങ്ങളില്‍ തളച്ചിടുന്നതില്‍ ലേഖന പരമ്പര വിജയിച്ചു. ലീഗില്‍ സുന്നി പ്രസ്ഥാനത്തോട് അനുഭാവമുള്ള നിഷ്പക്ഷമതികളെ അകറ്റാന്‍ വഴിവച്ചു ആ ലേഖനങ്ങള്‍. പ്രസ്ഥാനത്തില്‍ യാതൊരു നേതൃപരമായ ഉത്തരവാദിത്തവുമില്ലാത്ത ലേഖകന്റെ അഭിപ്രായങ്ങള്‍ പ്രസ്ഥാനത്തിന്റേതായി വായിക്കപ്പെടുന്നത് സങ്കടകരമാണ്.'ആവേശം തൊണ്ടയില്‍ കുരുങ്ങി നില്‍ക്കുന്നെങ്കില്‍ ഇതിനു അത്തരക്കാര്‍ വേറെ മാര്‍ഗങ്ങള്‍ കാണട്ടേയെന്നും പ്രാസ്ഥാനിക പത്രങ്ങള്‍ ഇവര്‍ക്ക് എഴുതിത്തിമിര്‍ക്കാനുള്ള വേദിയല്ലെന്നും പേനയെടുത്താല്‍ നിയന്ത്രണം വിടുന്നവരെ നിലക്കുനിര്‍ത്തണമെന്നും ഒ.എം തരവണ എഴുതിയ ലേഖനത്തെ സൂചിപ്പിച്ച് പറയുന്നുണ്ട്.
വേദി കിട്ടുമ്പോഴേക്ക് ആവേശം സിരകളിലിരമ്പുന്ന പ്രഭാഷകര്‍ക്കും നിയന്ത്രണം വേണമെന്നാണ് എസ്.എസ്.എഫ് ആവശ്യം. തെരുവില്‍ എല്‍.സി.ഡിയുമായി അലഞ്ഞ ചിലര്‍ പില്‍കാലത്ത് പ്രസ്ഥാനത്തെ തിരിഞ്ഞുകൊത്തിയതായും അനുഭവങ്ങളില്‍ പാഠം പഠിക്കണമെന്നും ആവശ്യപ്പെടുന്നു. എല്‍.സി.ഡിയില്‍ ഉറങ്ങുകയും എല്‍.സി.ഡി യില്‍ തന്നെ ഉണരുകയും ചെയ്യുന്ന ചിലര്‍ ഇപ്പോഴുമുണ്ടെന്നും തുറന്നു പറയുന്ന പോസ്റ്റ്,
തിന്മയെ നന്മ കൊണ്ടാണെതിരിടേണ്ടതെന്ന പ്രവാചക പാഠത്തെ ധിക്കരിച്ച് കൊണ്ട് നടക്കുന്ന പ്രഭാഷണങ്ങളെ മതപ്രഭാഷണം എന്ന് പറയാനാവില്ലെന്നും ഇത്തരം പ്രഭാഷകര്‍ക്ക് മൂക്കുകയറിട്ടില്ലെങ്കില്‍ ഇവര്‍ പറയുന്നതിനും എഴുതുന്നതിനും പ്രസ്ഥാനം സമാധാനം പറയേണ്ടി വരുമെന്നും നേതൃത്വത്തെ ഉണര്‍ത്തുന്നു. ' പ്രഭാഷണം തൊഴിലായി സ്വീകരിച്ചവര്‍ വിവാദങ്ങളുടെ ഉപാസകരാണ്. പുതിയ ക്ലിപ്പുകള്‍ക്ക് വിഷയം തേടി നടക്കുകയാകും ഇവര്‍. യാത്രാപ്പടിയും കൈമടക്കും വാങ്ങി തെരുവില്‍ വിളിച്ചു പറയുന്നത് ഒരു പ്രദേശത്ത് ഒതുങ്ങുന്ന കാലമല്ല ഇത്. അതിനു സോഷ്യല്‍ മീഡിയയില്‍ ലോകത്തോളം പ്രചാരം കിട്ടുന്നുവെന്നു തിരിച്ചറിയാനകണം. അടച്ചിട്ട മുറിയില്‍ പറയേണ്ടത് പുറത്തു പറഞ്ഞു വഷളാക്കരുത്. ഇത്തരം ഗീര്‍വാണ പ്രഭാഷകരുടെ പ്രസംഗങ്ങള്‍, വിറളി പൂണ്ട അവിവേകികളുടെ എഴുത്തുകള്‍ എന്നിവ പ്രചരിപ്പിക്കുന്നതില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണം.' അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിക്കാറില്ലെന്നതാണ് ലീഗിന്റെ പരിമിതിയെന്നും നമ്മളും അങ്ങനെയായിക്കൂടാ എന്ന നിഷ്‌കര്‍ഷതയുള്ളതു കൊണ്ട് കൂടിയാണിതു പറയുന്നതെന്ന വരിയോടൊണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമിളക്കിയും നയവിശദീകരണം നിര്‍വഹിക്കുകയും ചെയ്യുന്നവരായി അറിയപ്പെടുന്ന ചില പ്രധാന പ്രഭാഷകരുടേയും എഴുത്തുകാരുടേയും പേരില്‍ സംഘടന പ്രതിസന്ധിയിലാവുന്നുവെന്ന വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ കാന്തപുരം വിഭാഗത്തില്‍ പുതിയ ചര്‍ച്ചയ്ക്കു വഴിവച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."