നെടുമങ്ങാട് സ്ഥിതിഗതികള്‍ ശാന്തം; കൂടുതല്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
സാറ മുഹമ്മദ്
നെടുമങ്ങാട്: നിരോധനാജ്ഞ നിലവില്‍ വന്നതോടെ നെടുമങ്ങാടും പരിസര പ്രദേശങ്ങളും ശാന്തം. ഇന്നലെ രാത്രി മുതല്‍ സംഘര്‍ഷങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍, സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരോധനാജ്ഞ നീട്ടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി നെടുമങ്ങാട് സംഘര്‍ഷ ഭൂമിയായിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാരുടെ അടക്കം നിരവധി വീടുകളും ബി.ജെ.പി പാര്‍ട്ടി ഓഫിസും തകര്‍ത്തു.
ഇതിനിടയില്‍ അക്രമം അവസാനിക്കുന്നില്ലന്നു കണ്ടാണ് ജില്ലാ കലക്റ്റര്‍ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതിനിടെ ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞത് ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആലപ്പുഴ സ്വദേശി പ്രവീണ്‍ ആണെന്ന് വ്യക്തമായത് ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
ഇതര ജില്ലകളില്‍ നിന്നുള്ളവരാണ് നെടുമങ്ങാട് അക്രമം നടത്തുന്നതെന്ന് കഴിഞ്ഞദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് ശരിവെക്കുന്നതാണ് ഇന്നലെ പുറത്തു വന്ന ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണിന്റെ ബോംബേറ് ദൃശ്യം.
ഇയാള്‍ ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ പൊലിസ് സ്റ്റേഷന് സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പൊലിസ് പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്.
മേലാംകോട് റോഡില്‍ നിന്നും കയറിവന്ന ഇയാള്‍ പ്ലാസ്റ്റിക് കവറില്‍ നിന്നും നാലുതവണ ബോംബ് പൊലിസ് സ്റ്റേഷനിലേക്ക് എറിഞ്ഞിട്ട് വന്ന വഴി തന്നെ രക്ഷപെടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
പ്രവീണിനെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ എസ്.ഐ.യെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, വീടുകള്‍ ആക്രമിച്ച കേസിലും, ആനാട്ടും ടൗണിലും അക്രമം അഴിച്ചുവിട്ട സംഭവത്തിലും എട്ടോളം ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ നെടുമങ്ങാട് പൊലിസിന്റെ കസ്റ്റഡിയിലുള്ളതായാണ് വിവരം.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും അന്വേഷണം ശക്തമാക്കിയെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."