HOME
DETAILS
MAL
പ്രകാശം പരത്തുന്നവള്‍
backup
January 19 2020 | 04:01 AM
കാലുകള്‍ മുട്ടിന് താഴേക്ക് വളര്‍ന്നിട്ടില്ല, കുഞ്ഞിനെ കാണണോ'..? പത്ത് മാസം കാത്തിരുന്ന കണ്മണിയെ കുറിച്ച് ലേബര്‍റൂമിന് പുറത്ത് വന്ന് ഡോക്ടര്‍ ഇത് പറയുമ്പോള്‍ അബ്ദുല്‍ കരീമിന്റെ മനസിലേക്ക് ആയിരം ചോദ്യങ്ങളാണ് ഉയര്‍ന്നുവന്നത്. പെണ്‍കുട്ടിയാണ്. വളര്‍ന്നു വരുമ്പോഴുണ്ടായേക്കാവുന്ന പ്രതിസന്ധികളെ കുറിച്ചോര്‍ത്തപ്പോള്‍ പിതാവിന്റെ ഉള്ളം പിടഞ്ഞു. എന്നാലും സ്വന്തം കുഞ്ഞല്ലേ.. കാണാതിരിക്കുന്നതെങ്ങനെയാണ്..? ആ ദിവസം ഉപ്പയുടെ കരുതലിന്റെ കരങ്ങള്‍ ഉയര്‍ന്നില്ലായിരുന്നെങ്കില്‍ ഏതെങ്കിലും ശാസ്ത്ര പ്രദര്‍ശനത്തിലെ ചില്ല് കുപ്പിയില്‍ നിങ്ങളെന്നെ കണ്ടേനെയെന്ന് നൂര്‍ ജലീലയെന്ന 17 കാരി പറഞ്ഞുനിര്‍ത്തുമ്പോള്‍ വൈകല്യങ്ങളെ അതിജയിച്ച ആത്മവിശ്വാസത്തിന്റെ പൂനിലാവുദിച്ചു.
കുന്ദമംഗലം ആനപ്പാറയില്‍ അബ്ദുല്‍ കരീമിന്റെയും അസ്മാബിയുടെയും മകളായ നൂര്‍ ജലീലയാണ് തന്റെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നത്. ഭിന്നശേഷി എന്നാല്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാനുള്ള കാരണമല്ലെന്നും മറ്റുള്ളവര്‍ക്കില്ലാത്ത തന്റെ കഴിവുകളെ കണ്ടെത്തണമെന്നുമുള്ള ഉറച്ച തീരുമാനവുമാണ് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിലെ ഒന്നാം വര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനി നൂര്‍ ജലീലയെ വ്യത്യസ്തയാക്കുന്നത്.
നൂറിലെ ചിത്രകാരി പുറത്തുവരുന്നു
ഇരു കൈകാലുകളും മുട്ടിന് താഴേക്ക് പൂര്‍ണ വളര്‍ച്ചയെത്താതെയായിരുന്നു നൂറിന്റെ ജനനം. മനസിലെ നീറ്റലുകളെല്ലാം ഉള്ളിലൊളുപ്പിച്ച് അബ്ദുല്‍ കരീമും അസ്മാബിയും പടച്ചവന്‍ തന്ന സമ്മാനത്തെ നെഞ്ചോട് ചേര്‍ത്തു. ഇങ്ങനെയൊരു കുഞ്ഞിനെ നോക്കാന്‍ ഞങ്ങള്‍ക്കേ കഴിയുള്ളൂവെന്ന് പടച്ചവനറിയാമായിരിക്കുമെന്നവര്‍ സ്വയം ആശ്വസിച്ച് മകള്‍ക്ക് താങ്ങും തണലുമായി. ചെറുപ്പത്തില്‍ പെന്‍സിലെടുത്ത് കുത്തിവരയ്ക്കുന്നത് കാണുമ്പോള്‍ സാധാരണ എല്ലാ കുട്ടികളും ചെയ്യുന്ന സ്വാഭാവികമായ ഒന്നായേ ഇവര്‍ക്ക് തോന്നിയിരുന്നുള്ളൂ. എന്നാല്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ജേഷ്ഠ സഹോദരിയുടെ വര്‍ക്ക്ബുക്കില്‍ നൂര്‍ വരച്ച ചിത്രങ്ങള്‍ കണ്ട അധ്യാപകരാണ് നൂറിനുള്ളില്‍ ഒളിച്ചിരുന്ന ചിത്രകാരിയെ കുടുംബത്തിന് പരിചയപ്പെടുത്തിയത്.
മകളുടെ കഴിവ് മനസിലാക്കിയ അബ്ദുല്‍ കരീം പിന്നീടവള്‍ക്ക് സമ്മാനിച്ചത് നിറങ്ങളുടെ പുതിയൊരു ലോകമായിരുന്നു. കുഞ്ഞു കൈകള്‍ ചേര്‍ത്ത് വച്ച് ചായക്കൂട്ടുകള്‍ കൊണ്ട് കാഴ്ചക്കാരുടെ മനസ് നിറക്കാന്‍ നൂറിന് കഴിഞ്ഞു. ഇന്ന് കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലുമായി നടക്കുന്ന ചിത്ര പ്രദര്‍ശനങ്ങളിലെല്ലാം നൂറിന്റെ ചിത്രങ്ങള്‍ക്കുമിടമുണ്ട്. ഒരിക്കല്‍ ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയ കോഴിക്കോട് കലക്ടര്‍ യു.വി ജോസ് വില്‍പ്പനയ്ക്ക് അല്ലാതിരുന്നിട്ടുകൂടി പണം നല്‍കി മകളുടെ ചിത്രം വാങ്ങിയ കഥ പറയുമ്പോള്‍ 17 വര്‍ഷം മുന്‍പ് ലേബര്‍റൂമിന് പുറത്ത് ഇടറി നിന്ന അബ്ദുല്‍ കരീമിന് നൂറ് നാവാണ്. അന്ന് തന്റെ മനസിലുദിച്ച ചോദ്യങ്ങളെല്ലാം എത്ര മനോഹരമായാണ് ഇവള്‍ മായ്ച്ചു കളഞ്ഞതെന്ന് മകളെ ചേര്‍ത്ത് പിടിച്ച് കരീം പറയുന്നു.
പരിചരണ വഴിയില്‍
തിരൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പാലിയേറ്റീവ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് വീല്‍ചെയറില്‍ കഴിയുന്ന അനേകം പേരെ നൂര്‍ കാണുന്നത്. തനിക്ക് ദൈവം ഇത്രയേറെ അനുഗ്രഹം തന്നിട്ടും അതൊന്നും കണ്ടില്ലെന്ന് വയ്ക്കുന്നത് എങ്ങനെയെന്ന ചിന്തയുണ്ടാകുന്നത് അന്നു മുതലാണ്. വിധിയില്‍ തളര്‍ന്നു പോയവര്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ പുതുവെളിച്ചമായി നൂര്‍ ഇറങ്ങിത്തിരിച്ചു. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവിലെ വളണ്ടിയാറായി ക്യാന്‍സര്‍ രോഗികളെ പരിചരിക്കാന്‍ ഒഴിവുസമയങ്ങളെ അവള്‍ ക്രമീകരിച്ചു. കഴിയുന്നത്ര വേദികളില്‍ ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും സംവദിച്ചു. ഇന്ന് ആ വഴിയില്‍ തിളങ്ങുന്ന പ്രതിഭയായി മാറിയിരിക്കുന്നു നൂര്‍ ജലീല.
മോഹം അധ്യാപികയാവാന്‍
രണ്ടു കൈകള്‍ ഉള്ളവര്‍ പോലും പ്രയാസപ്പെടുന്ന വയലിന്‍ വായനയിലും നൂറിന്റെ കൈകള്‍ എളുപ്പം വഴങ്ങി. പാട്ട് പാടാനുള്ള തന്റെ കഴിവും അവള്‍ തിരിച്ചറിഞ്ഞു. ജേഷ്ഠ സഹോദരി ഡോക്ടറായതിനാല്‍ തന്നെ സയന്‍സ് പഠിക്കാനുള്ള മോഹം നൂറിന്റെ മനസിലുണ്ടായെങ്കിലും ലാബ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാകുമെന്നതിനാല്‍ നൂര്‍ തന്റെ പ്ലാനൊന്ന് മാറ്റിവരച്ചു. കുഞ്ഞുങ്ങളെ അറിയുന്ന ഏറ്റവും നല്ല അധ്യാപികയാകണമെന്നാണ് ഇപ്പോള്‍ നൂറിന്റെ മോഹം. അതാണ് ദേവഗിരി കോളജിലേക്ക് നൂറിനെ എത്തിച്ചത്.
ഒന്നും ചെയ്യാനില്ലെന്ന് കരുതി മാറിനില്‍ക്കുമ്പോഴാണ് ലോകം ചുരുങ്ങി പോകുന്നതെന്നും വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് അതിനെ മറികടക്കാന്‍ ശ്രമിച്ചു തുടങ്ങുമ്പോഴാണ് ഇവിടം എത്ര സുന്ദരമാണെന്ന് നമ്മള്‍ തിരിച്ചറിയൂവെന്നും നൂര്‍ ജലീല പറഞ്ഞുനിര്‍ത്തുമ്പോള്‍, തളര്‍ന്നു പോകാതിരിക്കാന്‍ തനിക്ക് ചുറ്റും ഉമ്മയുടെയും ഉപ്പയുടെയും സഹോദരി ഡോ. ഐഷയുടെയും സ്‌നേഹത്തണലൊരുക്കിയ സര്‍വ്വശക്തന്റെ കാരുണ്യമോര്‍ത്ത് കൂടുതല്‍ പ്രകാശമുള്ളതായി ആ മുഖം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."