കണ്ടോന്താര്‍ ജയില്‍ സംരക്ഷണത്തിന് 19.5 ലക്ഷം
തളിപ്പറമ്പ്: കണ്ടോന്താര്‍ ജയില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കുമെന്ന വാഗ്ദാനം പാലിച്ച് സംസ്ഥാന പുരാവസ്തു വകുപ്പ്. ഇതിനായി 19.5 ലക്ഷം രൂപ അനുവദിച്ചു. മാര്‍ച്ച് 31 മുമ്പ് പണി ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കും. കൂടാതെ പുരാവസ്തു വകുപ്പിന്റെ തെയ്യം കലാ മ്യൂസിയവും വണ്ണാത്തിപ്പുഴക്കരയില് സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് കണ്ടോന്താര്‍ ഇടമന യു.പി സ്കൂളില്‍ നല്കിയ സ്വീകരണത്തിനിടെയാണ് കണ്ടോന്താര്‍ ജയില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. 150 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പുരാവസ്തു വകുപ്പ് തന്നെ കണ്ടെത്തിയ കണ്ടോന്താര്‍ ജയില്‍ മേല്‍ക്കൂര തകര്‍ന്ന് നാശത്തിന്റെ വക്കിലായിരുന്നു.
മലയോര പ്രദേശങ്ങളില്‍ നിന്നുള്ള സ്വാതന്ത്രസമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടുവന്നാല്‍ വണ്ണാത്തിപ്പുഴയ്ക്ക് പാലമില്ലാത്തതിനാല്‍ പെരുമ്പയില്‍ നിന്ന് തോണി വഴിയെത്തിയാണ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചിരുന്നത്. ശിക്ഷ വിധിച്ചവരെ തളിപ്പറമ്പ് താലൂക്ക് കച്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയിലിലാണ് അടച്ചിരുന്നത്. മജിസ്ട്രേറ്റ് ആഴ്ചയില്‍ ഒരുദിവസം മാത്രമേ വരുമായിരുന്നുള്ളൂ. അതുവരെ തടവുകാരെ പാര്‍പ്പിച്ചിരുന്നത് കണ്ടോന്താറിലെ ഈ ജയിലിലായിരുന്നു. അഞ്ച് തടവുകാരെ വരെ ഇവിടെ പാര്‍പ്പിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. തടവുകാരെ കഠിനമായ മര്‍ദ്ദനമുറകള്‍ക്കും അന്ന് വിധേയമാക്കിയിരുന്നു. തടവുകാരെ കെട്ടിയിട്ട് മര്‍ദിച്ചിരുന്ന മുക്കാലി അന്‍പത് വര്‍ഷം മുമ്പ് വരെ ഇവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ ജയിലിന് 22 സെന്റ് സ്ഥലമുണ്ടെങ്കിലും ഇവിടെ സബ് രജിസ്ട്രാര്‍ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."