പൊന്നുവിളിയിക്കാന് കര്‍മ രംഗത്തിറങ്ങി 'എന്റെ മണ്ണ് കര്‍ഷക കൂട്ടായ്മ'
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി പഞ്ചായത്തിന്റെ കാര്‍ഷിക മുന്നേറ്റത്തിന് പ്രചോദനമാകുന്ന കര്‍മ മാതൃകകള്‍ സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് എന്റെ മണ്ണ് കര്‍ഷക കൂട്ടായ്മ. മണ്ണാണ് ജീവന് മണ്ണിനെ മറക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ കര്‍മരംഗത്തിറങ്ങുന്നത് . കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ സജീവരായ 12 കര്‍ഷകരാണ് മഹാദേവികാട് കേന്ദ്രമാക്കി രൂപീകരിച്ചിരിക്കുന്ന എന്റെ മണ്ണ് ഗ്രാമീണ കര്‍ഷക സംഘം കൂട്ടായ്മക്ക് പിന്നില്‍. കാര്‍ത്തികപ്പള്ളിയുടെ മണ്ണിനെ ജീവസ്സുറ്റതാക്കുക, ജൈവ കൃഷി വ്യാപകമാക്കുക, തരിശു ഭൂമികള്‍ കൃഷിയോഗ്യമാക്കുക, ആളുകളെ കൃഷിയില്‍ തല്പരരാക്കുക, ജൈവ ഉത്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് സംഘം ലക്ഷ്യമിടുന്നത്. മണ്ണിനെ പഴിപറഞ്ഞ് സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ ഭൂമി തരിശിടുകയാണ് ആളുകള്‍ ചെയ്യുന്നത്.
എല്ലാ വാര്‍ഡിലും കഴിയുന്നപോലെ തരിശ് ഭൂമികള്‍ ഏറ്റെടുത്ത് പ്രദേശത്തിന് അനുയോജ്യമായ കൃഷിയിറക്കും. ഇതിലൂടെ ആളുകളെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പൊന്നുവിളയുന്ന നാടാണ് കാര്ത്തികപ്പള്ളിയെന്ന് കര്‍മ മാതൃകകളിലൂടെ കാട്ടിക്കൊടുക്കുമെന്ന് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് കുറവുതറ പറഞ്ഞു.
കാര്‍ത്തികപ്പള്ളി കൃഷിഓഫീസര്‍ ആര്. സുനില്‍ കുമാറിന്റെ പ്രചോദനമാണ് ഈ കൂട്ടായ്മ രൂപീകരണത്തിന് ഇടയാക്കിയത്. കൃഷിവകുപ്പിന്റെ എല്ലാവിധ പിന്തുണയും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. തുടക്കമെന്ന നിലയില്‍ പെരുമാറ്റം പള്ളിയിലെ നാലേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിക്കുള്ള ഒരുക്കങ്ങള്‍ നടത്തിവരികെയാണ്.
വിവിധയിനം പച്ചക്കറികള്‍ കിഴങ്ങ് വര്‍ഗങ്ങള്‍ , വാഴ, പപ്പായ, മുരിങ്ങ , തുടങ്ങിയ വിവിധയിനം വിളകള്‍ വരും ദിനങ്ങളില്‍ ഇവിടെ കൃഷിചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ മണ്ണ് ഗ്രാമീണ കര്‍ഷക സംഘത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി. കൈപ്പള്ളില്‍ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് കുറവുതറ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ആര്. അജിത്ത് കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എലിസബത്ത് ഡാനിയേല്‍, കൃഷി ഓഫിസര്‍ ആര്. സുനില്‍കുമാര്‍, സമഭാവന രാധാകൃഷ്ണന്, പഞ്ചായത്തംഗങ്ങള്‍ സംബന്ധിച്ചു . തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് പെരുമാറ്റം പള്ളിയിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് എള്ള് വിത്ത് വിതച്ച് സംഘത്തിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."