സി.എ.എ: നാടകത്തിന്റെ പേരില്‍ കുരുന്നുകള്‍ക്ക് കര്‍ണാടക പൊലിസിന്റെ പീഡനം
ശരീഫ് കൂലേരി
ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരേയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരേയും നാടകം അവതരിപ്പിച്ചെന്ന കേസില്‍ കര്‍ണാടകത്തിലെ ബീദറിലുള്ള സ്‌കൂളില്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം സ്‌കൂളില്‍ പൊലിസ് എത്തി വിദ്യാര്‍ഥികളെ നാലും അഞ്ചും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ജനുവരി 21ന് സ്‌കൂളില്‍ അവതരിപ്പിക്കപ്പെട്ട നാടകത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേയും പ്രധാനമന്ത്രിക്കെതിരേയും വിമര്‍ശനങ്ങളുണ്ടായെന്നാണ് ആരോപണം. നാടകം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സ്‌കൂള്‍ പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും വിദ്യാര്‍ഥിയുടെ അമ്മയെയും അറസ്റ്റു ചെയ്തു. നാടകത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയാണ് ഇപ്പോള്‍ പൊലിസ് നിരന്തരം ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്. ആറ്,ഏഴ്,എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് നാടകത്തില്‍ പങ്കെടുത്തത്. നിലവില്‍ നാലുവട്ടം വിദ്യാര്‍ഥികളെ ചോദ്യം ചെയ്തുകഴിഞ്ഞു.
പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ടാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിയോടെ പൊലിസ് സ്‌കൂളിലെത്തി വൈകിട്ട് നാലുവരെ ചോദ്യം ചെയ്യല്‍ തുടരും. കഴിഞ്ഞ നാലു ദിവസമായി ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കള്‍ വിഷയത്തില്‍ ക്ഷമാപണം നടത്തിയിരുന്നു. എന്തിനാണ് വിദ്യാര്‍ഥികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് സ്‌കൂള്‍ ചീഫ് എക്്‌സിക്യൂട്ടിവ് ഓഫിസര്‍ തൗസീഫ് മടിക്കേരി പറഞ്ഞു.
അതേസമയം, ഒരു മാസം മുന്‍പ് ദക്ഷിണ കന്നഡ ജില്ലയിലെ ആര്‍.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്‌കൂളില്‍ ബാബറി മസ്ജിദ് പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഒരു വിവാദ നാടകം അവതരിപ്പിച്ചിരുന്നു. ഇതിനെതിരേ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
സി.എ.എ വിഷയത്തില്‍ ഷഹീന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകം അവതരിപ്പിച്ചതിന് സ്‌കൂള്‍ മാനേജ്‌മെന്റിനും ഒരു പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താവിനുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ദക്ഷിണ കന്നഡയിലെ സ്‌കൂളില്‍ പൊലിസ് സംയമനം പാലിക്കുകയും കുട്ടികളെ ചോദ്യം ചെയ്യലിന് വിധേയരാക്കുകയും ചെയ്തില്ല. ഇതു മതപരമായ കാരണങ്ങളാലാണെന്ന് വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."