വഖ്ഫ് ട്രൈബ്യൂണല്‍ നിയമനം: പ്രതിഷേധ സംഗമം 19ന്
കോഴിക്കോട്: കേരള വഖ്ഫ് ബോര്‍ഡിന്റെ ട്രൈബ്യൂണല്‍ അംഗങ്ങളെ കേരള സര്‍ക്കാര്‍ നിയമിച്ചതിലെ വിവേചനത്തിനെതിരേ സമസ്തയുടെ മഹല്ലിലെ മുതവല്ലിമാര്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ സംഗമം 19 ശനിയാഴ്ച രാവിലെ 10ന് കോഴിക്കോട് എരഞ്ഞിപ്പാലം വഖ്ഫ് ട്രൈബ്യൂണലിന് മുന്‍പാകെ നടക്കും.
സമസ്തയുടെ മഹല്ലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വഖഫ് ബോര്‍ഡില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും യാതൊരു പരിഗണനയും നല്‍കാതെ രണ്ട് ട്രൈബ്യൂണല്‍ അംഗങ്ങളെ നിയമിച്ചതും കാന്തപുരം വിഭാഗത്തില്‍ നിന്നാണ്. നിയമനത്തിലെ വിവേചനത്തെ കുറിച്ച് സമസ്ത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ നീതിപൂര്‍വമായ തീരുമാനമുണ്ടാകുമെന്നും സമസ്തക്ക് അര്‍ഹതപ്പെട്ടത് നല്‍കുമെന്നും മുഖ്യമന്ത്രി വാക്ക് നല്‍കിയിരുന്നു. എന്നാല്‍, വകുപ്പ് മന്ത്രിയുടെ തികഞ്ഞ പക്ഷവാദമാണ് സമസ്തയെ അവഗണിച്ചത്.
നിരവധി കേസുകള്‍ വഖ്ഫ് ട്രൈബ്യൂണലിന് മുന്‍പിലിരിക്കെ നിയമനത്തില്‍ സര്‍ക്കാര്‍ കാണിച്ച വിവേചനം സമസ്ത ആശങ്കയോടെ കാണുകയാണ്.
നീതി ലഭിക്കുന്നതുവരേ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 19ന് വഖ്ഫ് ജഡ്ജിമാരുടെ നിയമനം നടക്കുന്ന വേദിക്ക് സമീപമാണ് മുതവല്ലിമാര്‍ നേതൃത്വം നല്‍കുന്ന സമര സംഗമം നടക്കുന്നത്. മഹല്ല് ഭാരവാഹികളും സംഘടനാ പ്രവര്‍ത്തകരും സമരത്തില്‍ പങ്ക് വഹിക്കും.
കെ.ടി കുഞ്ഞിമോന്‍ ഹാജി (ചെയര്‍മാന്‍), നാസര്‍ ഫൈസി കൂടത്തായി (കണ്‍വീനര്‍), കെ.എ റഹ്മാന്‍ ഫൈസി, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തലൂര്‍, ഒ.പി.എം അശ്‌റഫ് അംഗങ്ങളായും പ്രക്ഷോഭ സമിതി രൂപീകരിച്ചു. യോഗത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."