പശ്ചിമകൊച്ചിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു
മട്ടാഞ്ചേരി: മഴ കനത്തതോടെ പശ്ചിമകൊച്ചി പനി ഭീതിയില്‍.ദിവസേന നൂറു കണക്കിന് ആളുകളാണ് പനി ബാധിതരായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നത്. സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്നവരും ഏറെയാണ്.
വൈറല്‍ പനിക്കു പുറമേ ഡെങ്കിപ്പനിയും മട്ടാഞ്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തേ നഗരസഭ രണ്ടാം ഡിവിഷനില്‍ അഞ്ച് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
അതേസമയം നഗരസഭ മൂന്നാം ഡിവിഷനില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതു വീണ്ടും ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈരവേലിയിലാണു ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്വകാര്യ ലാബിലെ പരിശോധനയിലാണു ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനാല്‍ ആരോഗ്യ വിഭാഗം അധികൃതര്‍ ഇവരുടെ രക്തം പബ്ലിക്ക് ലാബില്‍ പരിശോധിക്കുന്നതിനായി ശേഖരിച്ചതായാണു വിവരം. ജനസാന്ദ്രത കൂടിയ മേഖലയായതിനാല്‍ രോഗം പടര്‍ന്നു പിടിച്ചാല്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. വെള്ളം കെട്ടി കിടക്കാന്‍ ഇട നല്‍കരുതെന്നും ഇവര്‍ പറയുന്നു.
രണ്ടാം ഡിവിഷനില്‍ ഡെങ്കിപ്പനി വരാന്‍ കാരണമായതു കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ശേഖരിച്ചുവച്ച വെള്ളത്തില്‍ കൊതുകു വളര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര രീതിയില്‍ നടത്താതും പനി പടരുന്നതിനു കാരണമായിട്ടുള്ളതായി പറയുന്നു. കാനയില്‍ കെട്ടി കിടക്കുന്ന മാലിന്യം മഴ പെയ്യുമ്പോള്‍ പുറത്തേക്ക് ഒഴുകുകയും അതു റോഡിലും മറ്റും കെട്ടി കിടക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്.
മാലിന്യങ്ങള്‍ ശക്തമായ മഴയില്‍ വീടിനകത്തേക്കു പ്രവേശിക്കുന്നതും രോഗ ഭീതിക്കിടയാക്കിയിട്ടുണ്ട്. ഇതിനു പുറമേ മാലിന്യം കലര്‍ന്ന കുടിവെള്ളമാണു കഴിഞ്ഞ കുറേ ദിവസങ്ങളായി മട്ടാഞ്ചേരി മേഖലയില്‍ വരുന്നത്. ഇതും രോഗ ഭീതിക്കിടയാക്കിയിട്ടുണ്ട്. അതേ സമയം മഴക്കാല പൂര്‍വ ശുചീകരണത്തിനു കരാറെടുത്തവരാരും അതുവേണ്ട വിധത്തില്‍ ചെയ്തില്ലന്നും പരാതിയുണ്ട്. ചില സ്ഥലങ്ങളില്‍ കാന കോരിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തില്ലന്നാണ് ആക്ഷേപം.
കോരിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് അതുവീണ്ടും കാനയിലേക്ക് ഒഴുകി പോയതായും പരാതിയുണ്ട്. പനി കൂടുതല്‍ പടരുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വിഭാഗം ബോധവല്‍കരണ പരിപാടികളും മറ്റുമായി മട്ടാഞ്ചേരിയില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."