അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ഗൾഫ് സന്ദർശനം 19 മുതൽ
ജിദ്ദ: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ ഗള്‍ഫ് സന്ദര്‍ശനം ഈ മാസം 19ന് തുടങ്ങും. സഊദി, ഒമാൻ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇറാന്‍ വിരുദ്ധ സഖ്യം കൂടുതല്‍ വിപുലീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സന്ദര്‍ശനം. ഗൾഫ് നാവിക സുരക്ഷാ പദ്ധതി സംബന്ധിച്ച സുപ്രധാന ചർച്ചയും സന്ദര്‍ശനത്തില്‍ നടക്കും.
ഈ മാസം 19നാണ് മൈക് പോംപെയോ സഊദിയിലെത്തുക. ഇറാൻ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളി ചെറുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നതാണ് പര്യടനത്തിൻറെ പ്രധാന ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിനെ തുടർന്ന് രൂപപ്പെട്ട സംഘർഷ സാഹചര്യത്തിൽ അയവ് വന്നിട്ടുണ്ടെങ്കിലും തെഹ്റാൻറെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതി സംബന്ധിച്ച് ശക്തമായ നടപടി ആവശ്യമാണെന്ന നിലപാടിലാണ് അമേരിക്ക. 2015ലെ ആണവ കരാർ വ്യവസ്ഥകൾ തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ ഇറാൻ, യുറേനിയം സമ്പുഷ്ടീകരണ തോത് നിജപ്പെടുത്താൻ ഒരുക്കമല്ലെന്നും അറിയിച്ചു. ഇതിനു പുറമെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്താനും തെഹ്റാൻ മുതിർന്നത് അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്.
ഇറാന്റെ ആണവ, ബാലിസ്റ്റിക് പദ്ധതികളുമായി ബന്ധപ്പെട്ട ഭാവി ചർച്ചകളിൽ തങ്ങൾക്കു കൂടി പങ്കാളിത്തം വേണമെന്ന് സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ ആവശ്യം ഉന്നയിച്ചിട്ടണ്ട്. ഇറാഖിൻറെ സുരക്ഷ അധികരിപ്പിക്കുന്ന കാര്യവും ഗൾഫ് രാജ്യങ്ങളുമായി അമേരിക്ക ചർച്ച ചെയ്യും. ഈ മാസം 22നാണ് പോംപെയോ മസ്കത്തിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."