സ്ഥാനക്കയറ്റം നല്‍കണമെന്നാവശ്യപ്പെട്ടാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ നിസ്സഹകരണം ആരംഭിച്ചത്
കക്കട്ടില്‍: സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് സംസ്ഥാനത്തെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ ജനുവരി ഒന്നുമുതല്‍ ആരംഭിച്ച നിസ്സഹകരണം ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരില്‍ 50പേരെ വില്ലേജ് അസിസ്റ്റന്റുമാരായി സ്ഥാനക്കയറ്റം നല്‍കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെ 1664 വില്ലേജ് ഓഫിസുകളില്‍ ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ നിസ്സഹകരണം ആരംഭിച്ചത്. പൊതുജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റിയതോടെ ദുരിതത്തിലായത് സാധാരണക്കാരാണ് .
പോക്കുവരവ്, വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഓണ്‍ലൈന്‍ വഴി ലഭിക്കുമെങ്കിലും ഓഫിസുകളില്‍ നിന്നും ലഭിക്കേണ്ട തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് വായ്പയ്ക്കും മറ്റുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച്, സാക്ഷിപത്രങ്ങള്‍ എന്നിവയ്ക്ക് ഓഫിസിലെത്തുന്നവരാണ് ഇപ്പോള്‍ ബുദ്ധിമുട്ടുന്നത്.
വില്ലേജ് ഓഫിസുകളില്‍ ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ രണ്ടുവീതം തസ്തികകളാണ് നിലവിലുള്ളത്. ജോലി സംരക്ഷണമാവശ്യപ്പെട്ടാണ് നിസ്സഹകരണവുമായി ഇവര്‍ രംഗത്തെത്തിയത്. ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ ചെയ്തു കൊണ്ടിരുന്ന ജോലികളില്‍ മിക്കവയും മാന്വലില്‍ പറയാത്തവയാണ്.
വില്ലേജ് മാന്വല്‍ പ്രകാരം ഫീല്‍ഡ് അസിസ്റ്റന്റുമാര്‍, ഓഫിസില്‍ പിരിച്ചെടുക്കുന്ന നികുതി പണവും മറ്റും സര്‍ക്കാര്‍ ഖജനാവില്‍ അടയ്ക്കുവാന്‍ വില്ലേജ് ഓഫിസറെ സഹായിക്കുക, നോട്ടിസ് നല്‍കല്‍, വില്ലേജ് ഓഫിസര്‍മാര്‍ പറയുന്ന മറ്റു ജോലികളുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ മാന്വലില്‍ പറയാത്തവയ്ക്ക് നിയമ പരിരക്ഷ ഇല്ലാത്തതിനാല്‍ ഇനി മുതല്‍ ഇവ ചെയ്യേണ്ട എന്നാണ് ഇവരുടെ തീരുമാനം.
1972 മുതല്‍ ക്ലാസ് 3 വിഭാഗത്തില്‍പ്പെടുത്തിയ ഈ തസ്തികയുടെ കാറ്റഗറി മാറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി സ്ഥാനക്കയറ്റം ലഭിക്കാത്തവരുമാണ് വില്ലേജ് അസിസ്റ്റന്റുമാര്‍.
തങ്ങള്‍ ചെയ്യുന്ന ജോലികള്‍ക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുമില്ലെന്ന് നിസ്സഹകരണ രംഗത്തുള്ള ജീവനക്കാര്‍ പറയുന്നു. കെട്ടിടങ്ങള്‍ക്കുള്ള ഒറ്റതവണ നികുതി കണക്കാക്കല്‍ ഉള്‍പ്പെടെയുള്ളവയും ഇതോടെ താളംതെറ്റുന്നതിനാല്‍ സര്‍ക്കാര്‍ ഖജനാവിലേക്കുള്ള പണമൊഴുക്കും നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."