ഉറുമ്പില്‍ പാലം അങ്കണവാടി മികവിന്റെ പുരസ്‌കാര നിറവില്‍
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഉറുമ്പില്‍ പാലം അങ്കണവാടിക്ക്. മുന്‍പ് മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാനപുരസ്‌കാരം ഇവിടത്തെ അംബിക ടീച്ചര്‍ക്ക് ലഭിച്ചിടുണ്ട്. അതിനു പിന്നാലെയാണ് മികച്ച അങ്കണവാടിക്കുള്ള ഈ അംഗീകാരം. തൊടുപുഴ മുനിസിപ്പല്‍ 23ാം വാര്‍ഡിലെ ഉറുമ്പില്‍ പാലത്തിന് സമീപമാണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്.
ചുറ്റുമതിലോ ഗേറ്റോ ഒന്നുമില്ലാതിരുന്ന അങ്കണവാടിയെ ഇന്നത്തെ നിലയില്‍ 'സ്മാര്‍ട്ട്' ആക്കി മാറ്റുന്നതില്‍ നാട്ടുകാരുടെയും സേവനസന്നദ്ധരായ സ്‌പോണ്‍സര്‍മാരുടെയെും കൈയയച്ചുള്ള സഹായം മുഖ്യപങ്കു വഹിച്ചിട്ടുണ്ടെന്ന് അംബികാദേവി പറയുന്നു. വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിച്ചാണ് അങ്കണവാടിയെ മികവിന്റെ കേന്ദ്രമാക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം 2013 ലാണ് അംബികാദേവിക്ക് ലഭിച്ചത്.
2007 ജനുവരിയില്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ എല്ലാ സഹായവുമേകി നാട്ടുകാരും ഒപ്പമുണ്ട്. ഒപ്പം ഹെല്‍പ്പര്‍ സുജാതയും. അടിസ്ഥാനസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന പല അങ്കണവാടികളുടെയും കഥകള്‍ പുറത്തു വരുമ്പോഴാണ് എല്ലാം തികഞ്ഞ ഈ സ്മാര്‍ട്ട് അങ്കണവാടി തലയെടുപ്പോടെ നില്‍ക്കുന്നത്.
സ്‌പേണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച ടിവിയും സൗജന്യമായി ലഭിച്ച കേബിള്‍ കണക്ഷനും കുട്ടികള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നു.
അടുക്കളയില്‍ ഫ്രഡ്ജുമുണ്ട്. അങ്കണവാടിക്ക് മുന്നിലായി ചെറു പാര്‍ക്കുമുണ്ട്. ഊഞ്ഞാല്‍ അടക്കമുള്ള സംവിധാനങ്ങള്‍ നല്‍കിയതും സ്‌പോണ്‍സര്‍മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."