നിരോധിച്ച പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം; 15 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി
മഞ്ചേരി: നഗരസഭ നിരോധിച്ച പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചതിനു 15 സ്ഥാപനങ്ങള്‍ക്കു പിഴ ചുമത്തി. മഞ്ചേരി നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവര്‍ പൂര്‍ണമായും നിരോധിക്കാന്‍ 2018 ജൂലൈ 31നു ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 40 കടകളില്‍ പരിശോധന നടത്തി. 15 സ്ഥാപനങ്ങള്‍ നിരോധന നിര്‍ദേശം മറികടന്ന് പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.
ഓരോ കടകളിലെയും പ്ലാസ്റ്റിക്കിന്റെ തൂക്കത്തിന് അനുസരിച്ചാണ് പിഴ ചുമത്തിയത്. എല്ലാ കടകളിലും കര്‍ശനമായ പരിശോധന നടത്തി പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ 4,000 രൂപ പിഴ ചുമത്തുമെന്നായിരുന്നു തീരുമാനമെങ്കിലും 1,000, 2,000 എന്നിങ്ങനെയാണ് പിഴ ചുമത്തിയത്.
വ്യാപാരികളുടെ എതിര്‍പ്പ് ശക്തമായതോടെ പ്ലാസ്റ്റിക് കവര്‍ നിരോധനത്തില്‍നിന്നു നഗരസഭ പിന്നോട്ടുപോയതായി ആരോപണമുയര്‍ന്നിരുന്നു. തീരുമാനം പിന്‍വലിക്കുന്നതിനെതിരേയും പ്രതിഷേധമുയര്‍ന്നതോടെയാണ് പരിശോധനാ നടപടികളുമായി നഗരസഭ രംഗത്തിറങ്ങിയത്. 2016ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്ലാസ്റ്റിക് കവറുകളും മറ്റു കാരേജുകളും പൂര്‍ണമായും നിരോധിക്കാനാണ് നഗരസഭയുടെ തീരുമാനം. എന്നാല്‍, പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം എന്ത് ഉപയോഗിക്കുമെന്ന വ്യാപാരികളുടെ ചോദ്യത്തിനു മറുപടി നല്‍കാന്‍ നഗരസഭയ്ക്കായില്ല. ഇതോടെ വ്യാപാരികളും ടൗണ്‍ സംരക്ഷണ സമിതിയും നഗരസഭയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."