നേപ്പാളിലെ ക്ഷേത്രങ്ങളിലൂടെ
തികച്ചും യാദൃച്ഛികമായാണ് നേപ്പാളില്‍ പോകാന്‍ അവസരം ലഭിച്ചത്. ഏഷ്യന്‍ ആക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പങ്കെടുക്കാനാണ് നേപ്പാളിലേക്ക് യാത്ര തിരിച്ചത്. അക്കാദമിക് പരിപാടിക്കിടെ വീണുകിട്ടിയ അവസരങ്ങളില്‍ കണ്ട അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്.
പശുപതി ക്ഷേത്രം
തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിനു ശേഷം നേരെ നേപ്പാളിലേക്കു വരുന്നതും കാഠ്മണ്ഡുവിലെ പശുപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കഴിഞ്ഞതും യാദൃച്ഛികമോ ഭാഗ്യമോ ആയി കാണുന്നു. രണ്ടും ലോക പൈതൃക പട്ടികയിലിടം നേടിയതും ശിവപ്രതിഷ്ഠയുമാണ്. മഹാശിവരാത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന സമയത്താണ് ഈ സന്ദര്‍ശനം. ഏക്കറു കണക്കിനു സ്ഥലത്തു ബഗ്മതി നദിക്കു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നന്തി വരവേല്‍ക്കുന്ന പോലെ ഇവിടെയും നന്തി തന്നെയാണ് പശുപതിക്ക് അഭിമുഖമായി നില്‍ക്കുന്നത്. വടക്കുംനാഥനിലേക്കാള്‍ വളരെ വലുതും സ്വര്‍ണം പൂശിയതുമാണെന്ന വ്യത്യാസം മാത്രം. ദര്‍ശനം പല കോണുകളില്‍ നിന്നു വീക്ഷിക്കാന്‍ പറ്റുന്ന വിഗ്രഹമായതുകൊണ്ട് തിരക്കധികം തോന്നുകയില്ല. വി.ഐ.പി പരിഗണനയുമില്ല. ശിവരാത്രിയായതിനാലാണെന്നു തോന്നുന്നു, ക്ഷേത്ര പരിസരം നഗ്നരും അല്ലാത്തതുമായ സന്യാസിമാരാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. യുവ സ്വാമിമാര്‍ തൊട്ട് പെരിയ സ്വാമിമാര്‍ വരെയുണ്ട്. കൂട്ടത്തില്‍ സ്വാമിനിമാരുമുണ്ട്. മയില്‍പ്പീലി ദണ്ഡിനാല്‍ അനുഗ്രഹിക്കുന്ന സ്വാമിമാര്‍, ധര്‍മ്മം ചോദിക്കുന്ന സ്വാമിമാര്‍, മണിയടിക്കാന്‍ നിര്‍ബന്ധിക്കുന്ന സ്വാമിമാര്‍, നെറ്റിയില്‍ ഭസ്മം തൊട്ടു തരുന്ന സ്വാമിമാര്‍, സിഗരറ്റ് പോലും ഉപയോഗിക്കുന്നവര്‍ വരെയുണ്ട്. ക്ഷേത്രത്തിനുള്ളില്‍ തന്നെ നാഗ വാസുകിയുടെയും വിഷ്ണുവിന്റെയും ഭൈരവന്റെയും ശ്രീരാമന്റെയും ഗണപതിയുടെയുമൊക്കെ പ്രതിഷ്ഠ കാണാം. മഹാ വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത് ശരിക്കും നിലത്താണ്. പൂര്‍ണമായ അനന്തശയനം. അതിന്റെയടുത്തായി വലിയ പകുതി കല്ലു കാണാം. അത് നാം കറക്കിയാല്‍ ചന്ദനം നമുക്ക് തൊടാന്‍ പാകത്തിനു കിട്ടും. ഒരു യുവസ്വാമി മണിക്ക് മണി തൂക്കി നടക്കുന്നു. ക്ഷേത്രത്തില്‍ നിന്നു തന്നെ താഴേക്ക് നോക്കിയാല്‍ ബഗ്മതി നദി കാണാം. നദി തീരത്ത് മൃതശരീരം ദഹിപ്പിക്കാനുള്ള സ്ഥലങ്ങള്‍ കാണാം.ഒന്നവിടെ കത്തിയെരിയുന്നതും മറ്റൊന്നിനു തയ്യാറെടുക്കുന്നതും കണ്ടു. ഇവിടെ വെച്ച് ശരീരം ദഹിപ്പിക്കപ്പെട്ടാല്‍ അടുത്ത ജന്‍മത്തിലും മനുഷ്യനായി ജനിക്കാമെന്നുള്ള വിശ്വാസമാണ് ഇവിടേക്ക് ആളുകള്‍ വരുന്നതിനു കാരണം. എരിയുന്ന ശവശരീരങ്ങളുടെ മണം മൂക്കിലേക്കുമെത്തുമെങ്കിലും അതൊന്നും ദര്‍ശനത്തെയോ ഭക്തരെയോ അലട്ടുന്നില്ല. ഭക്തിയോടെ വിളക്കുകള്‍ കത്തിക്കുന്നവര്‍, ജയ് ശംഭോ വിളികള്‍, ഹര്‍ഹര്‍ മഹാദേവാ വിളികള്‍, എരിയുന്ന ചന്ദന തിരികള്‍ ഇതെല്ലാം ക്ഷേത്രത്തെ ഭക്തിസാന്ദ്രമാക്കുന്നു.
ഭക്തപൂര്‍, ഒരു നാടിന്റെ തനിമ
'നേപ്പാളിന്റെ സംസ്‌കാരിക തലസ്ഥാനത്തിലേക്ക് സ്വാഗതം'- ഇതാണ് ഭക്തപൂരിലേക്ക് എത്തുന്നവരെ വരവേല്‍ക്കുന്ന വാചകങ്ങള്‍. തലവാചകവും സ്ഥലവും പലപ്പോഴും തമ്മില്‍ ബന്ധമുണ്ടാകാറില്ല. എന്നാല്‍ ഭക്തപൂരിനെപ്പറ്റിയുള്ള വിശേഷണം കുറഞ്ഞു പോയോ എന്നു മാത്രമേ സംശയിക്കേണ്ടതുള്ളു. എട്ടാം നൂറ്റാണ്ടു മുതല്‍ തുടങ്ങുന്നു ഭക്തപൂരിന്റെ ചരിത്രം. 6.88 ചതുരശ്ര കിലോമീറ്ററില്‍ 'എഹ്യശിഴ ജശഴലീി' ന്റെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഭക്തപൂര്‍ ചരിത്രത്തെയും പാരമ്പര്യത്തെയും ഭക്തിയെയും അറിയാന്‍ ആഗ്രഹിക്കുന്ന ഒരാളെയും നിരാശപ്പെടുത്തില്ലെന്നു മാത്രമല്ല, ഒരുദിവസം കാണാന്‍ മാത്രയുണ്ട്. പാരമ്പര്യമായി ഉല്‍പ്പാദിപ്പിക്കുന്ന കരകൗശല ഉല്‍പ്പന്നങ്ങള്‍, പെയിന്റിങ്ങുകള്‍, തുണിത്തരങ്ങള്‍, എല്ലാം നിര്‍മിക്കുന്നതുള്‍പ്പെടെ നമുക്ക് കാണാം. കൈയ്യില്‍ അല്‍പ്പം ചെളി പുരളാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ കളിമണ്‍ രൂപങ്ങള്‍ നിര്‍മിക്കാന്‍ അല്‍പ്പനേരം അവസരം നല്‍കുന്നവരാണേവരും. അവര്‍ക്കെന്തെങ്കിലും ചെറിയ തുക നല്‍കിയാല്‍ മതി. എന്റെ കൂടെയുള്ള അമേരിക്കയില്‍ സ്ഥിര താമസമാക്കിയ രുഗ്മണി ഇതൊന്നു പരീക്ഷിക്കാന്‍ ആഗ്രഹിക്കുകയും അവരുടെ മൊബൈലില്‍ പകര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യത്യസ്തങ്ങളായ നിര്‍മാണത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ക്ഷേത്രങ്ങള്‍, ഗോള്‍ഡന്‍ ഗേറ്റ്, മ്യൂസിയം, ദര്‍ബാര്‍ സ്‌ക്വയര്‍, വൈ ഫൈ കഫേകള്‍ അങ്ങനെ നീളുന്നു ഭക്തപൂരിന്റെ വിശേഷണങ്ങള്‍. ഇതിനെല്ലാമുപരി ആയിരത്തിലധികം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണിവിടം. കുഞ്ഞു തക്കാളി, കൂണ്‍, ക്യാരറ്റ് തൊട്ടുള്ള ഫ്രഷ് പച്ചക്കറി മുതല്‍ എല്ലാം ഇവിടെ വാങ്ങാം. അപ്രതീക്ഷിതമായ ഭൂകമ്പത്തില്‍ കാശി ക്ഷേത്രത്തിനുള്‍പ്പെടെ കാര്യമായ ക്ഷതമാണുണ്ടായത്. പഴയ പാരമ്പര്യം നിലനിര്‍ത്താന്‍ തനതായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടവിടെ. ഇത്രയധികം ആളുകള്‍ കൂടുന്ന സ്ഥലമായിട്ടും അവിടെയൊരു മാലിന്യത്തിന്റെ കണികപോലും കാണാന്‍ സാധിക്കില്ല. ഇന്ത്യയുള്‍പ്പെടെയുള്ള സാര്‍ക്ക് രാജ്യക്കാര്‍ക്ക് 500 രൂപയാണ് എന്‍ട്രീ ഫീ. ഒരു തവണയെടുത്താല്‍ പല തവണ ഉപയോഗിക്കാം എന്ന പ്രത്യേകത കൂടിയുണ്ട്.
1018 പടി കടന്നാല്‍ കാളിയും ബുദ്ധനും
ഏഷ്യന്‍ ആക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോഗ്രാം നടന്നുകൊണ്ടിരിക്കുന്ന ഒരു ദിവസം രാത്രിയാണ് നേപ്പാളി സുഹൃത്ത് പ്രഭല്‍ രാവിലെ ഏഴു മണിക്ക് കാളി ക്ഷേത്രത്തില്‍ പോകുന്ന കാര്യം ഷെയര്‍ ചെയ്തത്. മരംകോച്ചുന്ന തണുപ്പാണെങ്കിലും പോകാന്‍ തീരുമാനിച്ചു. ദുല്ലിക്കേലിലെ ഏറ്റവും മികച്ച സന്ദര്‍ശക കേന്ദ്രമാണ് 'കാളി ക്ഷേത്രം'. 1018 പടികള്‍ ഉണ്ട് ഈ ക്ഷേത്രത്തിന്. ഏഷ്യന്‍ ആക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭൂരിഭാഗം പേരും ഉണ്ടായിരുന്നു യാത്രയില്‍. കാട്ടിലൂടെ ഓരോ പടികള്‍ അടിവച്ചുള്ള യാത്ര. കിതപ്പുണ്ടായിരുന്നെങ്കിലും കൊറിയക്കാരി സൂചിയുടെ തൊപ്പിയിലെ 'ഡു ഇറ്റ് നൗ' എന്ന വരികള്‍ പ്രചോദനമായി. ശബരിമലയിലേക്കും പളനിക്കും പോകുന്ന പ്രതീതിയാണ് എനിക്കുണ്ടായിരുന്നത്. കുറച്ചുകൂടി ഇവിടം ശാന്തമാണെന്നു പറയാം. പടികള്‍ക്കിടയിലായി ഒന്നു രണ്ടു താറിട്ട റോഡുകള്‍ കടന്നുപോകുന്നുണ്ട്. പരിസരം മലിനമാക്കാതിരിക്കാന്‍ നാടന്‍ കൊട്ടകള്‍ അവിടവിടയായി വച്ചിട്ടുണ്ട്. ക്ഷേത്രമെത്തുന്നതിനു മുന്‍പ് ഗൗതമ ബുദ്ധന്റെ വലിയ പ്രതിമ 'ശാന്തിഭന്‍' എന്ന രീതിയില്‍ സംരക്ഷിക്കപ്പെട്ടതായി കാണപ്പെട്ടു. ഗേറ്റ് തുറക്കാത്തതിനാല്‍ നേരെ കാളി ക്ഷേത്രം ലക്ഷ്യമാക്കി തന്നെ മുന്നോട്ടുപോയി ഒടുവില്‍ അവിടെയെത്തി. നമ്മുടെ നാട്ടിലെ പോലെ അടച്ചിട്ട പ്രതിഷ്ഠയൊന്നുമല്ല ഒരു തുറന്ന പ്രതിഷ്ഠയാണ്.
കാളി ക്ഷേത്രത്തില്‍ നിന്നു നോക്കിയാല്‍ ദുല്ലിക്കേല്‍ മുഴുവന്‍ കാണാം. പശുപതി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെങ്കിലും ഇവിടെ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. തിരിച്ചു പടികള്‍ ഇറങ്ങുമ്പോള്‍ 'ശാന്തി ബന്‍' (ശാന്തവനം) തുറന്നതായി കാണപ്പെട്ടു. വലിയ ബുദ്ധന്റെ പ്രതിമ. അവിടെ സന്ദര്‍ശകര്‍ക്ക് ഫ്രീ വൈഫൈ അടക്കം നല്‍കുന്നു.
കാളി ക്ഷേത്രത്തിലേക്കും ശാന്തിബന്നിലേക്കുമുള്ള യാത്രക്ക് എന്‍ട്രി പാസുണ്ട്. ഇതില്‍ നിന്നു കിട്ടുന്ന വരുമാനം കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ്, വന സംരക്ഷണം, ചരിത്ര സ്ഥലങ്ങളുടെ സംരക്ഷണം തുടങ്ങിയവക്ക് ഉപയോഗിക്കുന്നു. പാഴ് ഉല്‍പ്പന്നങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നു. ഈ മോഡല്‍ തികച്ചും മാതൃകാപരമാണ്.
2006 വരെ ആഭ്യന്തര സംഘര്‍ഷത്താല്‍ അധികമാരും ശ്രദ്ധിക്കാതെ പോയ സ്ഥലമാണ് നേപ്പാള്‍. ആഭ്യന്തരമായിപ്പോലും ജനങ്ങള്‍ വിനോദ സഞ്ചാരം നടത്തിയിരുന്നില്ല. എന്നാലിന്ന് ആഭ്യന്തര ടൂറിസ്റ്റുകളാലും വിദേശ ടൂറിസ്റ്റുകളാലും സമ്പന്നമാണ് നേപ്പാളിലെ ഓരോ പ്രദേശങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."