കരാറില്‍ കണ്ണുവച്ച് താലിബാനും അമേരിക്കയും
കഴിഞ്ഞ ദിവസം ദോഹയില്‍ താലിബാനും അമേരിക്കയും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവയ്ക്കുകയുണ്ടായി. കരാര്‍ ഉടമ്പടികള്‍ യാഥാര്‍ഥ്യമായാല്‍ ഇരുപതു വര്‍ഷത്തോളം നീണ്ടുനിന്ന യുദ്ധത്തിന്റെ കരിമ്പുകയില്‍ നിന്ന് അഫ്ഗാനിസ്ഥാന് മോചനം ലഭിച്ചേക്കും. പൊതു തെരഞ്ഞെടുപ്പിനു ശേഷവും ഭരണം പ്രതിസന്ധിയിലായിരിക്കെ താലിബാനുമായി അമേരിക്ക നടത്തുന്ന ഈ കരാറിലൂടെ യുദ്ധം അവസാനിക്കുകയാണെങ്കില്‍ അഫ്ഗാനിസ്ഥാനിത് പുതുപിറവിയായിരിക്കും.
യു.എസ് സഖ്യസേനയെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുന്നത് തന്നെയാണ് ഈ കരാറിന്റെ കാതലെങ്കിലും രാജ്യത്ത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തുന്ന ഒട്ടേറെ ഘടകങ്ങള്‍ കരാറിലുണ്ട്. കരാര്‍ വിജയിക്കണമെങ്കില്‍ കാബൂള്‍ ഭരണകൂടം പച്ചക്കൊടികാണിക്കണം. താലിബാനുമായി അധികാരപങ്കാളിത്തം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏത് രീതിയിലായിരിക്കും അഫ്ഗാന്‍ ഭരണകൂടം ഉടമ്പടിയിലെത്തുന്നത് എന്നതിന് അനുസരിച്ചായിരിക്കും കരാറിന്റെയും രാജ്യത്തിന്റെ തന്നെയും ഭാവി. യു.എസ് സൈനികരെ സ്വദേശത്തേക്ക് തിരിച്ചു കൊണ്ടുവരുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വഗ്ദാനവും ഇതോടുകൂടി സാധ്യമാവുകയാണ്. ഈ സുപ്രധാന ദൗത്യത്തിനു വേദിയാകുന്നത് വഴി ഇതിനകം ഒട്ടേറെ അന്താരാഷ്ട്ര മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വേദിയായ ദോഹ വീണ്ടും ചരിത്രത്തില്‍ അവരെ ക്രിയാത്മകമായി അടയാളപ്പെടുത്തുകയും ചെയ്തു.
കൊടും ഭീകരവാദികളെന്ന പദവിയുണ്ടായിരുന്നവരാണ് താലിബാന്‍. ആ പദവി ചാര്‍ത്തി നല്‍കിയതാവട്ടെ അമേരിക്കയും. അതേ ഭീകരവാദികളും ലോകപൊലിസും തമ്മിലൊരു ചരിത്രപരമായ കരാര്‍ സംഭവിച്ചിരിക്കുന്നു. കരാറില്‍ താലിബാനെ വിശേഷിപ്പിക്കുന്നത് 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍' എന്നാണ്. ഏറെ വിചിത്രമാണിതെന്നും ഈ ചരിത്രകരാറിലൂടെ താലിബാന്‍ എന്ന സംഘടനക്ക് അന്തര്‍ദേശീയ നിയമസാധുത കൈവന്നിരിക്കുന്നുവെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അഫ്ഗാന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളാരും തന്നെ ദോഹകരാറിന്റെ ഭാഗമായില്ല. താലിബാനെ പ്രതിനിധീകരിച്ച് 6 പേരാണ് ദോഹയില്‍ പങ്കെടുത്തത്.
അഫ്ഗാനിസ്ഥാനിലുള്ള മുഴുവന്‍ വിദേശ ശക്തികളും സമയബന്ധിതമായി രാജ്യത്തുനിന്ന് പിന്മാറണം. കരാര്‍ നിര്‍ദേശങ്ങള്‍ താലിബാന്‍ പാലിക്കുകയാണെങ്കില്‍ ഏറ്റവും കൂടിയത് 14 മാസത്തിനുള്ളില്‍ സൈനിക പിന്മാറ്റം സാധ്യമാകും. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് (താല്‍പര്യത്തിന്) വിരുദ്ധമായി ഒരു ശക്തിയും അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ പാടില്ലെന്നും കരാറിലുണ്ട്. ഈ കരാറിന്റെ തുടര്‍ച്ചയായി സമ്പൂര്‍ണവും സുസ്ഥിരവുമായ വെടിനിര്‍ത്തലിന് അഫ്ഗാന്‍ ഭരണകൂടവുമായി പരസ്പര സംവാദവും ഉടമ്പടികളുമുണ്ടാക്കണമെന്നും അല്‍ഖാഇദ ഉള്‍പ്പെടെയുള്ള തീവ്രവാദ ചേരികളുമായുള്ള എല്ലാ ബന്ധവും താലിബാന്‍ അവസാനിപ്പിക്കണമെന്നും കരാറിലുണ്ട്. അഫ്ഗാന്‍ ഭരണകൂടവുമായി താലിബാന്‍ നടത്തുന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അമേരിക്കയെ അറിയിക്കുകയും വേണം.
2011 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ ശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച രക്തരൂഷിത യുദ്ധത്തില്‍ രണ്ട് ലക്ഷത്തോളമാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അമേരിക്കയുടെ സഖ്യകക്ഷികളുടേതടക്കം ഏതാണ്ട് 3500 ഓളം സൈനികരും കൊല്ലപ്പെടുകയുണ്ടായി. ഒരു ലക്ഷത്തിലധികം അമേരിക്കന്‍ സൈനികരും ആയിരക്കണക്കിന് വരുന്ന സഖ്യകക്ഷികളുടെ സൈനികരും അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. 31000 ഓളം വിദേശ സൈനികരാണ് ഇനിയും അവശേഷിക്കുന്നത്. 136 ദിവസങ്ങള്‍ക്കകം ഈ സംഖ്യ 8,600 ആയി ചുരുക്കും. ഘട്ടംഘട്ടമായി ബാക്കിയുള്ളവര്‍ക്കും മടങ്ങാന്‍ അവസരമേകും. കരാര്‍ സാധ്യമായാല്‍ 5000ത്തൊളം വരുന്ന അഫ്ഗാന്‍ തടവുകാര്‍ക്കും മോചനം ലഭിച്ചേക്കും. അഫ്ഗാന്‍ ഭരണകൂടവുമായി ഉഭയകക്ഷി ചര്‍ച്ചകര്‍ ആരംഭിക്കുന്ന ഈ മാസം തന്നെ അഫ്ഗാനിസ്ഥാനു മേലുള്ള ഉപരോധം പുന:പരിശോധിക്കുമെന്നും വരുന്ന ഓഗസ്റ്റ് മാസത്തില്‍ അത് പൂര്‍ണമായും എടുത്തുകളയുമെന്നും സ്റ്റേറ്റ്‌സ് ഡിപാര്‍ട്ട്‌മെന്റ് പ്രസ്താവിക്കുകയുണ്ടായി.
സമ്മിശ്ര പ്രതികരണം
കരാറിനു അഫ്ഗാനിസ്ഥാനില്‍ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. പ്രതീക്ഷയും അനിശ്ചിതത്വവും ഒരുപോലെയുണ്ട്. രാജ്യം അമേരിക്കക്ക് തീറെഴുതിയെന്നും യുദ്ധവും സമാധാനവും ഉണ്ടാക്കുന്നതും അമേരിക്കയാണെന്നും അഫ്ഗാനിലെ പ്രമുഖ നിരീക്ഷകര്‍ പറഞ്ഞു. അതേസമയം തല്‍ക്കാല യുദ്ധവിരാമത്തിന്റെ ആവേശത്തിമര്‍പ്പിലാണ് അഫ്ഗാനിസ്ഥാനിലെ ഒരു വിഭാഗം പൗരസമൂഹം. പാട്ടുപാടിയും പടക്കം പെട്ടിച്ചും തെരുവുകള്‍ ഉണര്‍ന്നു. നഗരങ്ങളില്‍ താലിബാന്‍ അനുകൂലികള്‍ പ്രകടനം വിളിച്ചു സന്തോഷം പ്രകടിപ്പിച്ചു. കരാറിനെ അനുകൂലിച്ച് ചീഫ് എക്‌സിക്യൂട്ടീവ് അബുദുല്ലാ അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവനയിറക്കി. താലിബാന്‍ അനുകൂല മാധ്യമങ്ങളും കരാര്‍ ഉടമ്പടികള്‍ ആഘോഷമാക്കി. കരാര്‍ ഒപ്പിട്ടതിലൂടെ രാജ്യത്തുടനീളമുള്ള സായുധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദും വ്യക്തമാക്കി.
അമേരിക്കന്‍ താല്‍പര്യങ്ങള്‍
കരാര്‍ നിലനില്‍ക്കുമോ എന്നത് തന്നെയാണ് ഒന്നാമത്തെ ചോദ്യചിഹ്നം. ഓപ്പിയം(മയക്കുമരുന്ന്) നിര്‍മാണത്തില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനാണു മേല്‍കൈ എന്ന് അമേരിക്കക്ക് നന്നായറിയാം. അവരുടെ പ്രധാനവരുമാന സ്രോതസും അതുതന്നെയാണ്. ലോകത്തെ നിയമ വിരുദ്ധ ഓപ്പിയമിന്റെ 80% വും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബില്യണ്‍ കണക്കിനു ഡോളറാണു ഇതുവഴി താലിബാന്‍ ഉണ്ടാക്കുന്നത്. ഇതിലാണ് യഥാര്‍ഥത്തില്‍ അമേരിക്ക കണ്ണുവയ്ക്കുന്നത്. ചരിത്ര കരാര്‍ വീക്ഷിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ദോഹയില്‍ ഉണ്ടായിരുന്നു. അഫ്ഗാന്‍ ജനത സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുമ്പോഴാണു കരാര്‍ വിജയിക്കുന്നതെന്ന് പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.
ഒരുവെടിക്ക് രണ്ട് പക്ഷികള്‍ എന്നപോലെയാണ് അമേരിക്കക്ക് ഈ കരാര്‍. സ്വയം പിന്മാറാന്‍ അവസരം പാര്‍ത്തു കഴിയുന്ന അവര്‍ക്ക് കരാര്‍ സാധ്യമായാല്‍ പിന്മാറ്റം എളുപ്പമാവുന്നതോടൊപ്പം തങ്ങളുടെ താല്‍പര്യങ്ങള്‍ താലിബാന്റെ ചെലവില്‍ നടപ്പിലാക്കുകയും ചെയ്യാം. അഫ്ഗാന്‍ ഭരണകൂടവുമായി കരാറുണ്ടാക്കുന്നതിനു പകരം രാജ്യത്തെ ഒരു സംഘടനയുമായി (അതും ഭീകരവാദികളെന്ന് അമേരിക്ക തന്നെ മുദ്രവച്ച) കരാര്‍ ഉണ്ടാക്കുന്നത് വഴി അമേരിക്ക രാജ്യതാല്‍പര്യങ്ങളുടെ നൈതികതയ്ക്ക് മേലാണ് കത്തിവച്ചിരിക്കുന്നത്. രാജ്യത്ത് പ്രതിസന്ധിയിലായ അഫ്ഗാന്‍ ഭരണകൂടത്തിന് വീണ്ടുമത് രാഷ്ട്രീയമായ ഭാരമാവുകയും ചെയ്യും. അതിനാല്‍ തന്നെ ഭരണകൂടം താലിബാനുമായി സംവാദത്തിനു മുതിരുമോ എന്ന് സംശയിച്ചേക്കാം. എന്നാല്‍ ദുര്‍ബലമായ ഭരണകൂടത്തിനു താലിബാനുമായി സന്ധി ചെയ്യലല്ലാതെ മറ്റുവഴികളില്ലെന്നതാണ് വാസ്തവം. അധിനിവേശവും അധികാര വടംവലിയും നിര്‍ത്താനുള്ള നിര്‍ദേശങ്ങളൊന്നും കരാറിലില്ല. ഒന്നുകില്‍ അമേരിക്കയുടെ താല്‍പര്യത്തിനൊത്ത് അഫ്ഗാനിസ്ഥാനു മുന്നോട്ട് പോകാം. അല്ലെങ്കില്‍ വീണ്ടും ചോരപ്പുഴയുടെ പുതിയ അധ്യായങ്ങളിനിയും ഉണ്ടായേക്കും. അഫ്ഗാന്‍ ഭരണകൂടം കരാര്‍നിര്‍ദേശങ്ങള്‍ക്കൊത്ത് വരാതിരുന്നാല്‍ താലിബാനെ തന്നെ ഭരണത്തിന്റെ മുഖ്യശത്രുവാക്കിയായിരിക്കും പുതിയ പോരാട്ടം. എന്തായിരുന്നാലും സമാധാനം പുലരുന്ന അഫ്ഗാനുവേണ്ടിയാണു ലോകം കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."