കശ്മിരില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ശ്രീനഗറില്‍ രണ്ടു തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ശ്രീനഗറിലെ ഖാന്‍മോ ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ ഏഴു സൈനികര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്.
കൊല്ലപ്പെട്ട തീവ്രവാദികള്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നെന്നാണ് സൈന്യത്തിന്റെ വിശദീകരണം. കഴിഞ്ഞയാഴ്ച മാത്രം കശ്മിരില്‍ 11 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച തിരച്ചില്‍ തുടങ്ങുകയായിരുന്നു സൈനിക വക്താവ് അറിയിച്ചു. അതിനിടെ സുരക്ഷാ സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് രണ്ടു പേര് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട രണ്ടു പേരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൈന്യം അറിയിച്ചു. കശ്മിര് താഴ്വരയിലെ അഞ്ചു സ്ഥലങ്ങളില്‍ തീവ്രവാദികളുടെ ആക്രമണം നടന്നതിനു പിന്നാലെയാണ് തിരച്ചില്‍ നടന്നിരുന്നത്. സി.ആര്.പി.എഫ് പോസ്റ്റുകള്‍ക്കും ക്യാംപുകള്‍ക്കും നേരെയായിരുന്നു ഇവിടെ ഗ്രനേഡ് ആക്രമണങ്ങള്‍ നടന്നിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ ജെയ്ഷേ മുഹമ്മദ് അംഗങ്ങളാണെന്നാണ് വിവരം. ഇവരില്‍നിന്ന് എ.കെ 47 അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കശ്മിരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."