അതിരപ്പിള്ളി പദ്ധതിക്ക് നീതീകരണമില്ല: ഡോ. മാധവ് ഗാഡ്ഗില്‍
കൊച്ചി:നിര്‍ദിഷ്ട അതിരപ്പിള്ളി ജലസേചന പദ്ധതിക്കു സാങ്കേതിക കാരണങ്ങളുടെ പശ്ചാത്തലത്തില്‍ നീതീകരണമില്ലെന്നു പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. പദ്ധതി ആവശ്യത്തിനു ലഭ്യമായ ജലം സംബന്ധിച്ച കണക്കുകള്‍ അതിശയോക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസും അഡ്വ. ആര്‍. ബാലഗോപാല്‍ ട്രസ്റ്റും സംഘടിപ്പിച്ച 'ആനുകാലികം'പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പദ്ധതിരേഖകളില്‍ പറയുന്നതുപോലെ വൈദ്യുതോല്‍പാദനം സാധ്യമല്ല. പദ്ധതി സാമ്പത്തികമായി വിജയിക്കുകയില്ലെന്നും ഡോ.ഗാഡ്ഗില്‍ പറഞ്ഞു.
സമൃദ്ധിയേറിയ ജൈവവൈവിധ്യങ്ങളാല്‍ അനുഗ്രഹീതമായതും സംസ്ഥാനത്തു ശേഷിക്കുന്ന ഏറ്റവും താഴ്ചയുള്ള പുഴയോരവനവുമാണ് അതിരപ്പിള്ളി എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള പാനലിന്റെ റിപ്പോര്‍ട്ട് വിവിധ അധികാരികള്‍ വളച്ചൊടിക്കുകയാണ്. ജനങ്ങളില്‍നിന്നും അതേക്കുറിച്ച് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത മേഖലയിലും വ്യാപിച്ചിരിക്കുന്ന പരിസ്ഥിതി നാശം ഒഴിവാക്കണമെങ്കില്‍ മലയാളികളുടെ സ്വാര്‍ഥതാബോധം ഇല്ലാതാകണമെന്നു പരിപാടി ഉദ്ഘാടനം ചെയ്ത കുസാറ്റിലെ ഡോ.എസ് അനില്‍കുമാര്‍ പറഞ്ഞു. പച്ചപ്പുകളും മാമലകളും തണ്ണീര്‍ത്തടങ്ങളും അനുനിമിഷം നശിക്കുന്നതു തികഞ്ഞ നിസംഗതയോടെയാണു കേരളസമൂഹം കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ.പി.എസ്. സീമ അധ്യക്ഷയായി. അഡ്വ. ആര്‍. ബാലഗോപാല്‍ ട്രസ്റ്റി ബി. രാമചന്ദ്രന്‍നായര്‍, ഡോ. ജീന്‍ വിനീത പീറ്റര്‍, ശ്രീജേഷ് പി. പണിക്കര്‍ ഡോ. എം.ആര്‍ അനന്തരാമന്‍ പ്രസംഗിച്ചു. പ്രഭാഷണപരമ്പര ബുധനാഴ്ച അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."