പള്ളിവാസല്‍ വിപുലീകരണ പദ്ധതി; നശിക്കുന്നത് 200 കോടിയുടെ യന്ത്രസാമഗ്രികള്‍
തൊടുപുഴ: പള്ളിവാസല്‍ വിപുലീകരണ പദ്ധതി വൈകുന്നതിനാല്‍ തുരുമ്പെടുത്ത് നശിക്കുന്നത് 200 കോടി മൂല്യമുള്ള യന്ത്രസാമഗ്രികള്‍. അവശേഷിക്കുന്ന പവര്‍ ഹൗസിന്റെ സിവില്‍ ജോലികള്‍, സര്‍ജ് ഷാഫ്റ്റ്, പ്രഷര്‍ ഷാഫ്റ്റ്, പെന്‍സ്റ്റോക്ക്, ഇലക്ട്രോ- മെക്കാനിക്കല്‍ ജോലികള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ ആളില്ലാതെ വന്നതോടെ പദ്ധതി ഇനിയും നീളുമെന്നുറപ്പാണ്. ഇതോടെ പവര്‍ ഹൗസില്‍ സ്ഥാപിച്ചിരിക്കുന്ന 30 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളും ടര്‍ബൈനുകളും അടക്കമുള്ള യന്ത്രസാമഗ്രികള്‍ നാശത്തിലാകും. ഇവയുടെ ഉത്തരവാദിത്വം കരാറുകാര്‍ക്കാണെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. എന്നാല്‍, കരാറുകാരായ എസ്.ആര്‍ ഗ്രൂപ്പിനെ 2018 ജൂലൈ 16ന് കെ.എസ്.ഇ.ബി ഒഴിവാക്കിയിരുന്നു.
പെന്‍സ്റ്റോക്കുകള്‍ ഫാബ്രിക്കേറ്റ് ചെയ്ത് മെഷിനറികള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയുള്ളൂവെന്നാണ് കെ.എസ്.ഇ.ബി നിലപാട്. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ നിലവിലെ കരാറുകാരന്റെ കൈവശമാണെന്നും ഇറക്ഷന് ശേഷം മാത്രമേ കെ.എസ്.ഇ.ബി ഏറ്റെടുക്കുകയുള്ളൂവെന്നുമാണ് വിവരാവകാശ നിയമപ്രകാരം കെ.എസ്.ഇ.ബിയില്‍നിന്ന് ലഭിച്ച മറുപടി. ടര്‍ബൈനുകളും ജനറേറ്ററുകളും നിലവില്‍ പാതിവഴിയിലെത്തിയ പവര്‍ ഹൗസ് കെട്ടിടത്തില്‍ മൂടിക്കെട്ടിവച്ചിരിക്കുകയാണ്. യന്ത്രസാമഗ്രികള്‍ യഥാസമയം ഗ്രീസിങ് നടത്തി സംരക്ഷിക്കുന്നുമില്ല.
മാങ്ങാപ്പാറ മുതല്‍ പള്ളിവാസല്‍ വരെ ഏകദേശം 4000 ടണ്ണോളം വരുന്ന 489 പെന്‍സ്റ്റോക്ക് പൈപ്പുകളാണ് നിരത്തി ഇട്ടിരിക്കുന്നത്. ഇവ പെയിന്റ് ചെയ്ത് സംരക്ഷിക്കാന്‍പോലും നടപടിയില്ല. ഒരു മഴക്കാലം കൂടി കഴിഞ്ഞാല്‍ പെന്‍സ്റ്റോക്കുകള്‍ ഉപയോഗശൂന്യമാകും.
അതേസമയം, കരാറെടുക്കാന്‍ ആളില്ലാതെ പ്രതിസന്ധിയിലായതിനാല്‍ പദ്ധതി തരംതിരിച്ച് റീടെന്‍ഡര്‍ ചെയ്യാനാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. സിവില്‍- ഇലക്ട്രോ മെക്കാനിക്കല്‍ ജോലികളാണ് തരംതിരിച്ചു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇവ രണ്ടായി തരംതിരിക്കണമെന്ന നിര്‍ദേശം നേരത്തേ സിവില്‍ വിഭാഗം മുന്നോട്ടുവച്ചെങ്കിലും പരിഗണിച്ചിരുന്നില്ല. സിവില്‍ ജോലികള്‍ ഏറ്റെടുക്കാന്‍ നിരവധി കരാറുകാര്‍ ഉണ്ടെങ്കിലും ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ ഏറ്റെടുക്കാന്‍ ആളുകള്‍ കുറവാണ്. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയില്‍ ഏറ്റെടുക്കേണ്ടത് തുടര്‍ജോലികളാണ്.
മുന്‍ കരാറുകാരായ എസ്.ആര്‍ ഗ്രൂപ്പ് നല്‍കിയ കേസിന്റെ പശ്ചാത്തലത്തില്‍ കോടതി അനുമതിയോടെയായിരുന്നു ടെന്‍ഡര്‍ നടപടി തുടങ്ങിയത്. പദ്ധതി നീളുന്നതോടെ അപകടഭീഷണി ഉയര്‍ത്തുന്ന ആദ്യ പള്ളിവാസല്‍ പദ്ധതിയുടെ പഴയ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന പദ്ധതിയും അനിശ്ചിതത്വത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."