രവി പൂജാരിയുടെ അറസ്റ്റ്; ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ വഴിത്തിരിവായേക്കും
കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതോടെ വഴിമുട്ടി നില്‍ക്കുന്ന കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന് സൂചന. ഇന്റര്‍പോളിന്റെ സഹായത്തോടെ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലാകുന്നത്. നിരവധി കവര്‍ച്ചാ, കൊലപാതക കേസുകളിലെ പ്രതിയാണ് ഇയാള്‍. ഗുജറാത്ത് പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരി പിടിയിലായതെന്നാണ് സൂചന. കഴിഞ്ഞ 15 വര്‍ഷമായി ഒളിവിലായിരുന്ന പൂജാരിക്ക് മുംബൈ അധോലോകത്ത് ശക്തമായ വേരുകള്‍ ഇപ്പോഴുമുണ്ട്. ഒളിവിലായിരുന്ന സമയത്ത് പോലും രവി പൂജാരിയുടെ പേരില്‍ രാജ്യത്ത് പലകേസുകളും ഉണ്ടായി.
നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരേ ബംഗളൂരു പൊലിസ് റെഡ് കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ഡിസംബറില്‍ കൊച്ചി പനമ്പിള്ളി നഗറില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലേക്ക് അജ്ഞാത സംഘം വെടിയുതിര്‍ത്ത സംഭവമുണ്ടാകുന്നത്. അക്രമികള്‍ രവി പൂജാരിയെന്ന് ഹിന്ദിയില്‍ എഴുതിയ പേപ്പറും സംഭവ സ്ഥലത്ത് ഇട്ടതോടെയാണ് കേസിന് അധോലോക ബന്ധം കൈവരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കേസ് വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമായാണ് രവി പൂജാരിയുടെ പേര് ഉള്‍ക്കൊള്ളിച്ചതെന്ന് പൊലിസ് കണക്കുകൂട്ടി. എന്നാല്‍, സ്വകാര്യ ചാനലുകളിലേക്ക് രവി പൂജാരി തന്നെ ഫോണ്‍ വിളിച്ച് വെടിവച്ചത് തന്റെ സംഘമാണെന്ന് പറഞ്ഞതോടെ പൊലിസ് ആശയക്കുഴപ്പത്തിലുമായി. പിന്നീട് ശബ്ദ സാംപിളുകള്‍ പരിശോധിച്ച് വിളിച്ചത് പൂജാരി തന്നെയെന്ന് പൊലിസ് ഉറപ്പിച്ചു. എന്നാല്‍ ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങള്‍ ലഭിക്കാതായതോടെ കേസ് വഴിമുട്ടി നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രവി പൂജാരി അറസ്റ്റിലാകുന്നത്. ഇതോടെ വിവാദമായ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരള പൊലിസ്. അതിന് രവി പൂജാരിയെ അന്വേഷണ സംഘത്തിന് വിട്ടുകിട്ടണം. എന്നാല്‍ ഇയാളെ കേരളത്തിലെത്തിക്കാന്‍ കടമ്പകള്‍ ഏറെയാണ്. അതിനു കാലതാമസം എടുക്കും എന്നതിനാല്‍ അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിക്കുകയാണെങ്കില്‍ അവിടെ ചെന്ന് ചോദ്യം ചെയ്യാനും പൊലിസ് പദ്ധതിയിടുന്നു. അതേസമയം, പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികള്‍ ബംഗളൂരു പൊലിസും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."