HOME
DETAILS
MAL
നാലു വര്‍ഷത്തിനു ശേഷം മലയാളി യുവാവ് ജയില്‍ മോചിതനായി
backup
February 02 2019 | 10:02 AM
#നിസാര്‍ കലയത്ത്
ജിദ്ദ: വാഹനാപകടകേസില്‍ അല്‍ഖുര്‍മ ജയിലില്‍ നാല് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശി ബിജു ദാമോദരന് (43) ഒടുവില്‍ മോചനം. രണ്ട് മാസങ്ങള്‍ മുമ്പ് അവസാനമായി കോടതിയില്‍ ഹാജരാക്കിയ വേളയില്‍ സ്‌പോണ്‍സര്‍ ആവശ്യപ്പെട്ട പണം തനിക്ക് നല്‍കാന്‍ കഴിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ നടപടി എന്നോളം കഴിഞ്ഞ മാസം ആദ്യവാരത്തില്‍ കേസ് അവസാനിച്ചതായും മേല്‍കോടതിയില്‍ നിന്നുള്ള ഉത്തരല് ലഭിച്ചാല്‍ പുറത്തിറങ്ങാമെന്നും കോടതിയില്‍ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു.
മക്ക മേല്‍കോടതിയില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ജയില്‍ മോചിതനായത്. അല്‍ ഖൂര്‍മ കെ എം സി സിയുടെ സംരക്ഷണത്തില്‍ കഴിയുന്ന ബിജുവിന് യാത്രാ രേഖകള്‍ ശരിയായാല്‍ നാട്ടിലേക്ക് പോകാന്‍ സാധിക്കുമെന്ന് നിയമ സഹായത്തിന് രംഗത്തുള്ള സി.സി.ഡബ്ല്യൂ പ്രതിനിധിയും കെ എം സി സി നേതവുമായ മുഹമ്മദ് സാലി പറഞ്ഞു.
2015 മെയ് 12 നാണ് കേസ് ആസ്പദമായ സംഭവം. ട്രെയിലര്‍ ഡ്രൈവറായ ബിജു ജിദ്ദയില്‍ നിന്ന് പൊട്ടറ്റോ ചിപ്‌സ് കയറ്റിയ ലോഡുമായി നജ്‌റാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. യാത്രാമധ്യേ തായിഫിന് സമീപം അല്‍ ഖുര്‍മ റാന്നിയ റോഡില്‍ എതിരെ ആടുകളെ കയറ്റിവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ സ്വദേശി പൗരന്‍ തല്‍ക്ഷണം മരിച്ചു. വാനിന്റെ പിറകിലുണ്ടായിരുന്ന 15 ഓളം ആടുകളും അഗ്നിയില്‍ വെന്തുമരിച്ചു. തീ പടര്‍ന്ന് പിടിക്കുന്ന ട്രെയ്‌ലറില്‍ കുടങ്ങിക്കിടന്ന ബിജുവിനെ പാകിസ്താന്‍ സ്വദേശി ഡോര്‍ പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
അപകടത്തില്‍ ട്രെയിലര്‍ പൂര്‍ണമായും കത്തിനശിച്ചു. കേസിന്റെ ആദ്യനാളുകളില്‍ ബിജുവിനെ കോടതിയില്‍ നാല് തവണ ഹാജരാക്കി. മൂന്നാം തവണ ഹാജരാക്കിയപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് സ്വദേശിയുടെയും വാഹനത്തിന്റെയും മറ്റും നഷ്ടപരിഹാരത്തുകയായി നാല് ലക്ഷം റിയാല്‍ ആശ്രിതര്‍ക്ക് നല്‍കിയതായി കോടതി അറിയിച്ചതായി ബിജു പറഞ്ഞു.
മരിച്ച സ്വദേശിയുടെ കുടുംബം ബിജുവിന്റെ ജയില്‍ മോചനത്തിന് അനുമതി നല്‍കിയിരുന്നു. സ്‌പോണ്‍സര്‍ ജയിലിലെത്തി മറ്റു രേഖകള്‍ കൈമാറിയാല്‍ മോചിതനാകാമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കത്തിനശിച്ച ട്രെയ്‌ലറിന് നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് സ്‌പോണ്‍സര്‍ കോടതിയില്‍ കേസ് നല്‍കിയതാണ് ബിജുവിന്റെ മോചനം അനന്തമായി നീണ്ടുപോയത്. ട്രെയ് ലറിന് മുഴുവന്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ നഷ്്ടപരിഹാരം കിട്ടിയില്ല. ഇത് സ്‌പോണ്‍സറുടെ വീഴ്്ചയാണ്. മൂന്ന് ലക്ഷം റിയാല്‍ നഷ്്ടപരിഹാരമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്‌പോണ്‍സര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നത്. പഴക്കം ചെന്ന ട്രെയ്്‌ലര്‍ ആയതിനാല്‍ ഒരു ലക്ഷത്തിന് താഴെ മാത്രമേ വില വരികയുള്ളുവെന്നും ഇത്രവലിയ തുക ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ സാധിക്കല്ലെന്നും ബിജു കോടതിയില്‍ പറഞ്ഞിരുന്നു. ബിജുവിന്റെ മോചനവുമായി ബന്ധപ്പെട്ട് നിരവധിതവണ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അപേക്ഷ നല്‍കിയിരുന്നു. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍സുലര്‍ സംഘം തായിഫ് സന്ദര്‍ശിക്കുന്ന വേളയില്‍ സി.സി.ഡബ്ല്യൂ അംഗം മുഹമമദ് സാലിഹ് ബിജുവിന്റെ ദുരിതം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോണ്‍സുലര്‍ സംഘം അല്‍ഖുര്‍മ ജയിലിലെത്തി ബിജുവിനെ സന്ദര്‍ശിച്ചിരുന്നു.
കുടുംബത്തെ കരകയറ്റാന്‍ മരുപ്പച്ചതേടി സഊദി യിലെത്തി ഒരു വര്‍ഷം കഴിയുമ്പോഴാണ് വാഹനാപകട കേസില്‍ ബിജു അഴിക്കുള്ളിലായത്. വീടെന്ന സ്വപ്‌നം മോഹിച്ച് ബാങ്കില്‍ നിന്നും വായ്പയെടുത്ത് വീട് നിര്‍മിച്ചെങ്കിലും ബിജു ജയിലില്‍ ആയതോടെ ബാങ്ക് അടവ് മുടങ്ങി. പലിശ ഇനത്തില്‍ വലിയൊരു തുക ആയതിനാല്‍ പണി പൂര്‍ത്തിയാകാത്ത വീടും വസ്തുവും വിറ്റ് ബാങ്കിലെ ബാക്കി അടവുകള്‍ അടച്ചു. ഇതിന്റെ സമീപത്തുള്ള ജീര്‍ണിച്ച കെട്ടിടത്തിലാണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്. ഏത് നിമിഷവും നിലം പൊത്താന്‍ സാധ്യതയുള്ള പഴക്കം ചെന്ന കെട്ടിടമാണ്. ബിജു ജയില്‍ മോചിതനായ സന്തോഷത്തിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."