ഒ.സി.ഡിയെക്കുറിച്ചു തന്നെ
'ഓളെ ഒസ്വാസ് നോക്കിയേ, ഏതുനേരത്തും പാത്രം കഴുകല്‍ തന്നെയാ പണി..'
'തമ്പുരാട്ടിയുടെ നീരാട്ട് കഴിയാന്‍ എത്ര നേരമെടുക്കും?'
വീട്ടിലും ഹോസ്റ്റലിലുമൊക്കെ പലപ്പോഴും കേള്‍ക്കുന്ന ഡയലോഗുകള്‍.
'എനിക്കെന്തേലും പറ്റുമോ എന്ന് എന്തല്ലോ ചിന്തകളാണ് ' എന്നു ചോദിച്ചുവന്ന കുട്ടികളെ 'അതൊക്കെ നിന്റെ തോന്നലാണ്, നീ പോയി പഠിക്ക് ' എന്നു പറഞ്ഞു ചിലപ്പോഴൊക്കെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ടാകും നമ്മില്‍ പലരും.
ഇവിടെയൊക്കെ ഈ അമിത വൃത്തിക്കാരുടെ ഉള്ളിലും അമിതമായി ഉത്കണ്ഠപ്പെടുന്ന ആള്‍ക്കാരുടെ ഉള്ളിലും ഒരു അസുഖം ഒളിച്ചിരിക്കുന്നതിനെ കുറിച്ചു പലപ്പോഴും നമ്മള്‍ ആലോചിക്കാറില്ല. ഈ അമിത വൃത്തിയും ഉത്കണ്ഠയും പേടിയും കുറ്റബോധവുമൊക്കെ ദിവസവും നമ്മുടെ ഒരുപാട് സമയം അപഹരിക്കുമ്പോഴും ദൈനംദിന പ്രവൃത്തികളെ ബുദ്ധിമുട്ടിക്കുമ്പോഴുമാണ് അതൊരു ചികിത്സ തേടേണ്ട അസുഖമായി മാറുന്നത്. മാനസിക രോഗങ്ങളുടെ കാര്യത്തില്‍ രോഗിക്കു ചുറ്റുമുള്ളവരുടെ റോള്‍ വളരെ വലുതാണ്. കൃത്യസമയത്ത് തിരിച്ചറിയുക, ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുക, രോഗിക്കു വേണ്ട കരുതല്‍ നല്‍കുക... ഇതൊക്കെയാണു സമൂഹത്തിന്റെ കടമ. മാനസിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അറിവുകള്‍ നമ്മുടെ സമൂഹത്തെ കടമ നിര്‍വഹിക്കാന്‍ പര്യാപ്തമാക്കുന്നു. അതിലൊരു രോഗത്തെ കുറിച്ച്, സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഒ.സി.ഡി അഥവാ ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡറിനെക്കുറിച്ച് ഇവിടെ വിശദീകരിക്കാം.
എന്താണ് ഒ.സി.ഡി ?
ലോകത്ത് ഏതാണ്ട് ഒരു ശതമാനം ആള്‍ക്കാരെ ബാധിക്കുന്ന അസുഖമാണ് ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍(ഛയലെശൈ്‌ല രീാുൗഹശെ്‌ല റശീെൃറലൃ). ഉത്കണ്ഠാ രോഗങ്ങളുടെ കൂട്ടത്തില്‍ ഒ.സി.ഡിയെ ഉള്‍പ്പെടുത്താം. നാഡീവ്യവസ്ഥയിലെ സെറടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ അളവില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇതിനു കാരണമാകുന്നു. ഇതുകൂടാതെ ജനിതക കാരണങ്ങള്‍, വ്യക്തിത്വം, ഫാമിലി ഹിസ്റ്ററി, ജീവിതസംഘര്‍ഷങ്ങള്‍, കുട്ടിക്കാലത്തുണ്ടായ ശാരീരികവും മാനസികവുമായ ട്രോമകള്‍, ഉത്കണ്ഠാജനകമായ ജീവിത ചുറ്റുപാട്, സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഒ.സി.ഡിക്കു വഴിയൊരുക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഒ.സി.ഡിക്കുള്ള സാധ്യത തുല്യമാണെങ്കിലും കൗമാരപ്രായത്തില്‍ ആണ്‍കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒ.സി.ഡിക്കു രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് ഒബ്‌സഷനും രണ്ടാമത്തേത് കംപല്‍ഷനും. അനാവശ്യവും യുക്തിരഹിതവുമായ ചിന്തകള്‍, ദൃശ്യങ്ങള്‍ എന്നിവ തുടര്‍ച്ചയായി ഒരാളുടെ മനസിലേക്കു കടന്നുവരുന്നതിനെയാണ് ഒബ്‌സഷന്‍ എന്നു പറയുന്നത്. ഉദാഹരണത്തിന് വീട് പൂട്ടിപ്പോകുമ്പോള്‍ വാതില്‍ അടച്ചില്ലേ എന്നു വീണ്ടും വീണ്ടും ചിന്ത വരിക. നടന്നുപോകുന്ന വഴിയില്‍ കൈയില്‍ അഴുക്കുപറ്റുമോ എന്ന ചിന്ത അനാവശ്യമായി കടന്നുവരിക എന്നിവയൊക്കെയാണ് ഒബ്‌സഷനുകള്‍. ഒബ്‌സഷനുകള്‍ പല വിധത്തിലുണ്ട്. രോഗങ്ങളുമായി ബന്ധപ്പെട്ട ഒബ്‌സഷനുകള്‍, സെക്ഷ്വല്‍ ഒബ്‌സഷനുകള്‍(അടുത്ത ബന്ധുക്കളുമായുള്ള ലൈംഗിക ബന്ധങ്ങളെക്കുറിച്ച്, തെറ്റാണെന്ന് അറിയാമെങ്കില്‍ കൂടി വീണ്ടും വീണ്ടും ആലോചിക്കാന്‍ നിര്‍ബന്ധിതനാവുക), അഗ്രസീവ് ഒബ്‌സഷനുകള്‍(മറ്റൊരാളെ കത്തിയെടുത്തു കുത്താനും കഴുത്തു ഞെരിച്ചുകൊല്ലാനുമുള്ള ത്വര തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ അനിയന്ത്രിതമായി ഉണ്ടാവുക) എന്നിവയാണവ.
ഇനി ഈ ഒബ്‌സഷനുകള്‍ മൂലമുണ്ടാകുന്ന ഉത്കണ്ഠയും ടെന്‍ഷനും കുറയ്ക്കാന്‍ വേണ്ടി, ഇഷ്ടമില്ലെങ്കില്‍ കൂടെ, രോഗി ഒരു പ്രവൃത്തി തന്നെ ആവര്‍ത്തിച്ചു ചെയ്യാന്‍ നിര്‍ബന്ധിതനാവുന്നു. ഇത്തരം പ്രവൃത്തികളാണ് കംപല്‍ഷനുകള്‍. മേല്‍പറഞ്ഞ സന്ദര്‍ഭങ്ങളില്‍ വീണ്ടും വീണ്ടും തിരിച്ചുപോയി വാതില്‍ അടച്ചില്ലേ എന്നു ചെക്ക് ചെയ്യുക, ആവര്‍ത്തിച്ചു കൈകഴുകുക എന്നിവയാണവ. ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ചു ചെയ്യുന്നതു കുഴപ്പമില്ല. പക്ഷെ ആവര്‍ത്തിച്ച്, ഇഷ്ടമില്ലാതെ വീണ്ടും വീണ്ടും ചെയ്യേണ്ടി വരികയും അതു നമ്മുടെ സമയം അപഹരിക്കുകയും ചെയ്യുമ്പോഴാണ് അത് ഒ.സി.ഡിയായി മാറുന്നതും ചികിത്സ തേടേണ്ടി വരുന്നതും. ഒന്നു രണ്ടു മണിക്കൂറൊക്കെ ദിവസവും കുളിക്കാനായി ചെലവഴിക്കുക, ജോലിക്കുപോയ ഇടത്തുനിന്നു പലതവണയായി ലീവെടുത്തു വന്നു വീടിന്റെ വാതില്‍ അടച്ചോ എന്നു നോക്കേണ്ടി വരിക എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഉദാഹരണം.
ഒ.സി.ഡിക്കൊപ്പം കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങളാണ് സോഷ്യല്‍ ആങ്‌സൈറ്റി(അഥവാ സാമൂഹ്യ ഉത്കണ്ഠ, സമൂഹം എന്തെങ്കിലും പറയുമോ എന്ന ഭയം), സ്‌പെസിഫിക് ഫോബിയ(എന്തിനോടെങ്കിലും പ്രത്യേക ഭയം തോന്നുക, ഉദാഹരണം ചെറുപ്രാണികള്‍, ഇടിമിന്നല്‍ തുടങ്ങിയവ), പാനിക്ക് ഡിസോര്‍ഡര്‍(അകാരണമായ ഭയം, തളര്‍ച്ച, ക്ഷീണം, വിയര്‍പ്പ്, വിറയല്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്) എന്നിവ. ചിലരില്‍ ചില ശാരീരിക ചലനവൈകല്യങ്ങളും ഒ.സി.ഡിയുടെ ഭാഗമായി കണ്ടുവരുന്നു. കൃത്യസമയത്ത് ചികിത്സയെടുക്കാത്ത സാഹചര്യത്തില്‍ ഒ.സി.ഡിക്കൊപ്പം വിഷാദം, സംശയരോഗം എന്നിവ മൂര്‍ച്ഛിക്കുന്നതിലേക്കു വഴിയൊരുങ്ങുകയും രോഗിയുടെ നില ഗുരുതരമാവുകയും ചെയ്യുന്നു.
ചികിത്സയെ കുറിച്ച്
ഉത്കണ്ഠ കുറക്കുന്നതുള്‍പ്പെടെയുള്ള മരുന്നുകളും കൗണ്‍സിലിങ്ങും കോഗ്‌നിറ്റിവ് ബിഹവിയറല്‍ തെറാപ്പി (ഇആഠ) എന്ന ചികിത്സയുമാണു ഫലപ്രദമായുള്ളത്. ഇതോടൊപ്പം തുല്യ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണു ചുറ്റുമുള്ളവരുടെ കരുതല്‍ എന്ന കാര്യം മറക്കാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."