കോഴിക്കോട്ട് വ്യാപാര സ്ഥാപനങ്ങള്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം, വ്യാപാരികള്‍ വാങ്ങിയ സാധനങ്ങളുടെ ബില്ലുകള്‍ സ്‌ക്വാഡുകള്‍ക്ക് നല്‍കണം
കോഴിക്കോട്: ജില്ലയിലെ എല്ലാ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. ഇത് ഉറപ്പുവരുത്താന്‍ സിവില്‍ സപ്ലൈസ് വിഭാഗത്തിന്റെ താലൂക്ക് സ്‌ക്വാഡുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. വ്യാപാരികള്‍ തങ്ങള്‍ വാങ്ങിയ സാധനങ്ങളുടെ ബില്ലുകള്‍ സ്‌ക്വാഡുകള്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതാണ്. സപ്ലൈസ് കോഡിനേഷന്‍ ടീം വിപണിയിലെ വിലകള്‍ അടിസ്ഥാനപ്പെടുത്തി ശരാശരി വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കും.
വിപണിയില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ കര്‍ശനമായ നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ടുപോകുകയാണെന്നും ലോക്ക്ഡൗണ്‍ മുതലെടുത്ത് അവശ്യസാധനങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കാണിക്കുന്ന വ്യാപാരികള്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് തടസ്സരഹിതമായ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. സ്ഥാപനങ്ങളില്‍ ജോലി ചെയുന്ന വ്യക്തികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ ചുമതലയാണ്.
കോഴിക്കോട് ജില്ലയ്ക്കുള്ളില്‍ തന്നെ ചരക്കുകള്‍ക്കും സേവനത്തിനുമായി നീങ്ങുന്ന വാഹനങ്ങള്‍ക്കും പാസ് നിര്‍ബന്ധമാണ്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഈ പാസ് നല്‍കേണ്ടത്. ജില്ലയില്‍ നിന്നും മറ്റുജില്ലകളിലേക്കും/
ഇതരസംസ്ഥാനങ്ങളിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ജില്ലാ ട്രാന്‍സ്പോര്‍ട്ട് കണ്‍ട്രോള്‍ റൂം ആണ് പാസ് ഇഷ്യൂ ചെയ്യുക. അതിനുള്ള അപേക്ഷകള്‍ അതത് താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ ആണ് സമര്‍പ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."