ദക്ഷിണ കേരളത്തിലെ പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ പ്രവാസി സംഘടന
മനാമ: ദക്ഷിണ കേരളത്തിലെ പ്രവാസികളായ മുസ്‌ലിംകള്‍ക്കായി 'മൈത്രി സോഷ്യല്‍ അസോസിയേഷന്‍' എന്ന പേരില്‍ ബഹ്‌റൈനില്‍ പുതിയ ഒരു പ്രവാസി സംഘടന കൂടി പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസികളായ വ്യത്യസ്ഥ സമുദായംങ്ങളെ ഒരുപോലെ സഹായിക്കാനും സഹകരിക്കാനുമാണ് ലക്ഷ്യമെന്നും ദക്ഷിണ മേഖലയില്‍ വ്യാപകമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഭാരവാഹികള്‍ സുപ്രഭാതത്തോട് വിശദീകരിച്ചു. കേരളത്തിലെ വടക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ആപേക്ഷികമായി തെക്കന്‍മേഖലകളില്‍ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കുറവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ സംഘടനയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ തെക്കന്‍ മേഖലയിലെ പ്രവാസികള്‍ക്കിടയില്‍ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചിട്ടുണ്ട്. മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹ്‌റൈനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഷാഹിദാ കമാല്‍ നിര്‍വഹിച്ചു. സര്‍ക്കാരുകള്‍ പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ നേടിയെടുക്കാന്‍ പ്രവാസി സംഘടനകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ഷാഹിദാ കമാല്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സിയാദ് ഏഴംകുളം അധ്യക്ഷത വഹിച്ചു. സംഘടനയുടെ ബഹ്‌റൈനിലെ പ്രഥമ അംഗത്വം നോര്‍ക്ക ബഹ്‌റൈന്‍ കോഡിനേറ്റര്‍ സിറാജ് കൊട്ടാരക്കര ഡോ. താജുദ്ദീന് നല്‍കി നിര്‍വഹിച്ചു. ഷബീര്‍ പത്തനംതിട്ട, നിസാര്‍ കൊല്ലം, നജീബ് കോട്ടയം, ഇബ്രാഹിം അദ്ഹം എറണാകുളം, നസീര്‍ നെടുങ്കണ്ടം, ഷാനവാസ് കായംകുളം, ഡോ.ഷംനാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. സിക്കന്ദര്‍ സിദ്ദീഖ് ,തേവലക്കര ബാദുഷ, നവാസ് കുണ്ടറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."