ആനമതില്‍ പൊളിച്ച് മൂന്ന് കാട്ടാനകളെ കാട്ടിലേക്ക് തുരത്തി
ഇരിട്ടി: ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നു മൂന്ന് ആനകളെ വനം വകുപ്പ് ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി. പുനരധിവാസ മേഖലയിലേക്ക് കാട്ടാനകള്‍ പ്രവേശിക്കാതിരിക്കാന്‍ സ്ഥാപിച്ച ആനമതില്‍ പൊളിച്ചു മാറ്റിയാണ് ആനകള്‍ക്ക് വനത്തിലേക്ക് തിരികെ പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കിയത്.
ആദിവാസി സ്ത്രീ ആനയുടെ കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് കലക്ടര്‍ മീര്‍ മുഹമ്മദലി ആറളം ഫാം സന്ദര്‍ശിക്കുകയും 48 മണിക്കൂറിനുള്ളില്‍ ജനവാസ മേഖലയില്‍ നിന്നു കാട്ടാന കൂട്ടത്തെ വനത്തിലേക്ക് തുരത്തി ഓടിക്കണമെന്ന് വനം വകുപ്പിന് അന്ത്യശാസനയും നല്‍കിയിരുന്നു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കോട്ടപ്പാറയില്‍ വച്ചാണ് മൂന്ന് ആനകളെ തുരത്തിയത്.
ചുള്ളികൊമ്പന് എന്ന ഒറ്റയാന് ഉള്‍പ്പെടെ അഞ്ച് ആനകള്‍ ജനവാസ കേന്ദ്രത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്നലെ രാവിലെ ഒന്‍പത് മുതല്‍ വനം വകുപ്പ് ജീവനക്കാര്‍ അക്ഷീണം പ്രയത്നിച്ചാണ് കാട്ടാനകളെ തുരത്തിയത്. ആദിവാസികള്‍ക്ക് പതിച്ചു നല്കിയ ആള്‍താമസമില്ലാത്ത കാടുകളിലാണ് ആനകള്‍ കഴിഞ്ഞിരുന്നത്. പടക്കം പൊട്ടിച്ചും വലിയ ശബ്ദം ഉണ്ടാക്കിയുമാണ് ആനകളെ ഓടിച്ചത്. കണ്ണവം, കൊട്ടിയൂര്‍, ആറളം വൈല്‍ഡ് ലൈഫ്, വനം വകുപ്പിന്റെ കണ്ണൂരില്‍ നിന്നുള്ള ഫ്ളൈയിങ് സ്ക്വാഡ്, വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവയുടെ നേതൃത്വത്തില്‍ 50ഓളം ജീവനക്കാരാണ് ഓപ്പറേഷനിറങ്ങിയത്.
മേഖലയിലേക്കുള്ള വാഹന ഗതാഗതം തടയുകയും ജനങ്ങള്‍ക്ക് മുന്‍കരുതലിനായി മൈക്ക് അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്തു. ആന മതില് പൊളിച്ച ഭാഗത്ത് മതിലിന് പകരം ഗെയിറ്റ് സ്ഥാപിച്ച് ജനവാസ മേഖലകളില്‍ ഇറങ്ങിയ കാട്ടാനകളെ ഇതു വഴി വനത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."