സകാത്ത് കേവലം റിലീഫല്ല
ബൈത്തുസ്സകാത്ത് കേരള സംസ്ഥാനത്തുടനീളം ശൃംഖലയുള്ള കേരളത്തിലെ ഒരു പ്രമുഖ സകാത്ത് സ്ഥാപനമാണ്, 2000 ഒക്ടോബര്‍ മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ദാരിദ്ര്യം കുറയ്ക്കുന്നതിനും ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുമായി ഇത് സകാത്ത് ശേഖരിക്കുകയും ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നല്‍കേണ്ട സകാത്ത് ബൈത്തുസ്സകാത്ത് കേരളയെ ഏല്‍പ്പിക്കാന്‍ അഭ്യാര്‍ഥിക്കുന്നു. ഏറ്റവും അര്‍ഹതപ്പെട്ടവരിലേക്ക് തുക എത്തട്ടെ. സര്‍വശക്തനായ അല്ലാഹു നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനവും സമൃദ്ധിയും വര്‍ഷിക്കട്ടെ'.
കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ബൈത്തുസ്സകാത്ത് ബ്രോഷറിലെ അഭ്യാര്‍ഥനയാണിത്. ഇതിന്റെ ഇസ്‌ലാമിക മാനമെന്താണ്? അഞ്ചു അതിപ്രധാന ഇസ്‌ലാം സ്തംഭങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. അത് പിരിച്ചെടുത്ത് വിതരണം ചെയ്യാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഇസ്‌ലാമികമായി അവകാശമുണ്ടോ? സകാത്തു ശേഖരണ വിതരണത്തിന്, അതിന്റെ ബാധ്യസ്ഥരുടെയോ അവകാശികളുടെയോ ഏജന്റാണോ ജമാഅത്തെ ഇസ്‌ലാമി? സകാത്ത് പിരിക്കാനും വിതരണം ചെയ്യാനും ഇത്തരം കമ്മിറ്റിക്ക് എന്തുറോളാണ് ഇസ്‌ലാമിലുള്ളത്?
ഇസ്‌ലാം നിര്‍ബന്ധമാക്കുന്ന സാമ്പത്തിക സഹായ പദ്ധതി സകാത്ത് മാത്രമാണ് എന്നാണ് ജമാഅത്തുകാരുടെ ബ്രോഷര്‍ വായിച്ചാല്‍ തോന്നുക. ഇസ്‌ലാമിലെ നിര്‍ബന്ധദാനമെന്നത് വര്‍ഷാവര്‍ഷമോ വിളവെടുപ്പ് വേളയിലോ നല്‍കേണ്ടുന്ന സകാത്തെന്ന ദാനം മാത്രമല്ല. കേവലം രണ്ടര ശതമാനം സകാത്ത് കൊടുത്താല്‍ എല്ലാ നിര്‍ബന്ധബാധ്യതയും തീര്‍ന്നുവെന്നാണോ? എല്ലാ പ്രശ്‌നവും അവസാനിക്കുമെന്നാണോ? ഭൂമിയില്‍ ദൈനദിനം നടത്തേണ്ടുന്ന പല ദുരിതാശ്വാസ സഹായങ്ങളുമുണ്ട്. അത് സമൂഹത്തിലെ ധനാഢ്യരുടെ സാമൂഹിക ബാധ്യതയാണ്. സകാത്ത് നിശ്ചിത ധനത്തിലെ വ്യക്തിബാധ്യതയാണെങ്കില്‍, ദുരിതാശ്വാസം ധനികരുടെ പൊതുബാധ്യതയാണ്. സമ്പാദ്യത്തില്‍നിന്ന് ഒരു വര്‍ഷത്തെ അവശ്യനീക്കിയിരുപ്പ് കഴിച്ചു മിച്ചമുള്ളവരാണ് ഇവ്വിഷയത്തില്‍ ധനാഢ്യര്‍. ഉണ്ണാനും ഉടുക്കാനും വീടുവയ്ക്കാനും ചികിത്സിക്കാനും സഹായം ആവശ്യമുള്ളവരെ, ഇതര സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെങ്കില്‍ സഹായിക്കല്‍ ഇത്തരം സമ്പന്നരുടെ ബാധ്യതയാണ്.
അത്യാസന്ന ഘട്ടത്തിലെത്തിയവരാണെങ്കില്‍ തല്‍ക്ഷണമുള്ളതുകൊണ്ടുതന്നെ സഹായിക്കല്‍ നിര്‍ബന്ധമാണ്(തുഹ്ഫ 9220). ഇത് സമ്പത്തിന്റെ ഏതെങ്കിലും ഇനത്തില്‍ വന്നുചേരുന്ന ബാധ്യതയല്ല. കാരണം, ബാധ്യസ്ഥരുടെ സമ്പത്ത് ഏതുതരമാണെന്നോ നല്‍കേണ്ട അളവ് എത്രയാണെന്നോ ഇതില്‍ നിശ്ചിത കണക്കില്ല. ഗുണഭോക്താക്കളില്‍ മതജാതി വ്യത്യാസവുമില്ല. പാവങ്ങളുടെ വിദ്യാഭ്യാസം, മരണാനന്തര കര്‍മ്മം തുടങ്ങിയവയിലൊക്കെ ഈ ബാധ്യത വരുന്നുണ്ട്. വ്യക്തിഗതം എന്നതിനപ്പുറം വിഷയാധിഷ്ഠിതം എന്നതാണ് ഇതിന്റെ സ്വഭാവം.
അഥവാ സഹായം ആര് നല്‍കുന്നു എന്നതല്ല, സഹായം നടക്കുകയെന്നതാണ് പ്രധാനം. എന്നാല്‍ സകാത്ത് ദാനത്തിന്റെ സ്ഥിതി ഇതാണോ? സകാത്തില്‍ ആരാണ്, ആര്‍ക്കാണ്, എപ്പോഴാണ്, എന്തിലാണ്, എത്രയാണ് എന്നതെല്ലാം നിശ്ചിത നിയമങ്ങള്‍ക്ക് വിധേയമാണ്. കാരണം അതൊരു വ്യവസ്ഥാപിത ആരാധനാ പദ്ധതിയാണ്.
സകാത്തിനെക്കുറിച്ച് ശരിയായ ബോധ്യം അത്യാവശ്യമാണ്. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: 'സകാത്ത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ്. ആരെങ്കിലും അത് നിഷേധിച്ചാല്‍ അവന്‍ ഇസ്‌ലാം മതത്തില്‍നിന്ന് പുറത്തുപോകുന്നതാണ്. നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം സകാത്ത് നല്‍കാന്‍ വിസമ്മതിക്കുന്നവരില്‍നിന്ന് യുദ്ധം ചെയ്തിട്ടായാലും ഇമാം (ഇസ്‌ലാമിക ഭരണാധികാരി) ശക്തിപൂര്‍വം സകാത്ത് പിടിച്ചെടുക്കേണ്ടതാണ് '(റൗള 2149). സകാത്തില്‍ എല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമാണ്. 'നിശ്ചിത വിഭാഗങ്ങള്‍ക്ക് നിശ്ചിത വിധത്തില്‍ നിശ്ചിത സമ്പത്തുകളില്‍നിന്ന് നിശ്ചിത വിഹിതം നല്‍കുന്നതാണ് സകാത്ത്'(ശര്‍ഹുല്‍ മുഹദ്ദബ് 5325). ഒരാള്‍ നിശ്ചിത മുതല് നിശ്ചിത സമയം ഉടമപ്പെടുത്തിയാല്‍ അയാള്‍ക്ക് സകാത്ത് നിര്‍ബന്ധമാകും.
അവന്‍ ഒരുപക്ഷേ അന്നാട്ടില്‍ അതിദരിദ്രനായിരിക്കും. അവകാശിയാണെങ്കിലോ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട എട്ടു വിഭാഗങ്ങളില്‍ ഒരാളായാല്‍ മതി. അവന്‍ ചിലപ്പോള്‍ സമ്പന്നനാകാം.
സകാത്ത് ഇസ്‌ലാമിന്റെ പരസ്യ ചിഹ്നങ്ങളിലൊന്നാണ്. പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ആന്തരിക ധനത്തില്‍ പോലും സകാത്ത് പരസ്യമായി നല്‍കലാണ് ഉത്തമം(തുഹ്ഫ 7-179). അവകാശിയുടെ വിഹിതത്തെ ബാധ്യസ്ഥന്റെ മുതലില്‍നിന്ന് വേര്‍തിരിക്കലാണ് സകാത്തിലുള്ളത്. ഇതിലൂടെ അടിസ്ഥാനപരമായി ധനത്തെയും ദേഹത്തെയും ശുദ്ധീകരിക്കുന്ന പ്രക്രിയയാണത്. ഖുര്‍ആന്‍ അക്കാര്യം അടിവരയിട്ടിട്ടുണ്ട്(അത്തൗബ 103).
സകാത്ത് കൊടുക്കല്‍ ബാധ്യസ്ഥരുടെ വ്യക്തിഗത വാജിബും (ഫര്‍ള്വു ഐന്‍), വാങ്ങല്‍ അവകാശികളുടെ സാമൂഹിക കടമയുമാണ് (ഫര്‍ള്വു കിഫായ). വാങ്ങുന്നവര്‍ക്കും പ്രതിഫലമുണ്ടെന്നര്‍ഥം. നാട്ടില്‍ അവകാശികള്‍ ഉണ്ടായിട്ടും ആരും തന്നെ സകാത്ത് വാങ്ങാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അവരോട് യുദ്ധം ചെയ്തിട്ടാണെങ്കിലും നിര്‍ബന്ധപൂര്‍വം സകാത്ത് വാങ്ങിപ്പിക്കാന്‍ ഇമാമിന് അധികാരമുണ്ട്. വാങ്ങാതെ ഉടമയ്ക്ക് പൊരുത്തപ്പെട്ടുകൊടുക്കല്‍ സാധുവുമല്ല(മുഗ്‌നി 4-189, ഇബ്‌നു ഖാസിം 7-162). അതിനാല്‍ സകാത്ത് വാങ്ങുന്നവനെ യാചകനായായിട്ടല്ല നാം കാണേണ്ടത്. പ്രത്യുത, നരകശിക്ഷയില്‍ നിന്ന് ദായകനെ രക്ഷിക്കുന്നവനാണെന്നാണ് യഥാര്‍ത്ഥത്തില്‍ ഒരു സത്യവിശ്വാസി കരുതേണ്ടത്.
സകാത്ത് വിതരണത്തിന് മൂന്ന് മാര്‍ഗങ്ങളാണുള്ളത് 1 ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഇമാം അല്ലെങ്കില്‍ ഇമാമിന്റെ കീഴിലുള്ള ഖാസിയോ മറ്റു സകാത്ത് ഉദ്യോഗസ്ഥരോ സകാത്ത് പിരിച്ചെടുത്ത് അര്‍ഹര്‍ക്ക് വിതരണം ചെയ്യുക. 2 ധനത്തിന്റെ ഉടമ നേരിട്ട് വിതരണം ചെയ്യുക. 3 ഉടമ തന്റെ വകീല്‍ മുഖേന വിതരണം ചെയ്യല്‍(റൗള്വ 2.205). ജമാഅത്തുകാരുടെ ബൈത്തുസ്സകാത്ത് അവയിലൊന്നിലും ഉള്‍പ്പെടുന്നില്ല. കാരണം അത് രാഷ്ട്രത്തിന്റെ ഭരണാധികാരിയല്ല. ജമാഅത്തുകാരുടെ അഖിലേന്ത്യാ അമീറോ സംസ്ഥാന അമീറോ ഭരണകര്‍ത്താവാണെന്ന് അവര്‍ക്കു തന്നെ അഭിപ്രായമില്ല.
ബൈത്തുസ്സകാത്ത് ധനത്തിന്റെ ഉടമസ്ഥനല്ലെന്നതും വ്യക്തം. ഉടമസ്ഥന്‍ നിയോഗിച്ച വകീലുമല്ല. ഉടമസ്ഥന്‍ നേരിട്ട് നിയമിക്കുന്നതും തന്റെ ഇംഗിതമനുസരിച്ചു മാത്രം പ്രവര്‍ത്തിക്കേണ്ടുന്നതും എപ്പോഴും സ്ഥാനഭൃഷ്ടനാക്കാന്‍ സാധിക്കുന്നതുമായ ആളാണ് വകീല്‍. ഒരു സ്റ്റെപ്പിനി പോലെ. ഈ വകീല്‍ സ്വതന്ത്ര ബോഡിയല്ല. നിര്‍ണിത വ്യക്തിയോ വ്യക്തികളോ ആണ്. അതേസമയം സകാത്തു ബാധ്യസ്ഥരല്ലാത്ത, മറ്റേതോ ജനറല്‍ ബോഡിയാല്‍ നിശ്ചിത കാലാവധിക്ക് രൂപീകരിച്ചതും അതേ ബോഡിയാല്‍ പിരിച്ചുവിടാവുന്നതുമായ ഒരു സംഘടനാ സമിതി മാത്രമാണ് ബൈത്തുസ്സകാത്ത്. അതൊരിക്കലും സകാത്തു ബാധകരുടെ നിയമനത്താല്‍ വന്നതല്ല. കേവലം അമൂര്‍ത്തമായൊരു സംവിധാനം മാത്രമാണത്.
ബൈത്തുസ്സകാത്തിന്റെ അംഗങ്ങള്‍ 'സകാത്ത് ഉദ്യോഗസ്ഥ'രാണോ? അതുമല്ല. കാരണം സകാത്ത് ഉദ്യോഗസ്ഥന്‍ ഇമാമിന്റെ കീഴിലേ ഉണ്ടാകൂ, പൊതുജനങ്ങളാല്‍ നിയമിക്കപ്പെടുന്നവനല്ല. അതിനാല്‍ ഇപ്പേരിലും സകാത്ത് പിരിച്ചെടുക്കാന്‍ അര്‍ഹതയില്ല.
സകാത്ത് അവകാശിയുടെ വിഹിതമാണ്. അതായത് സകാത്ത് നിര്‍ബന്ധമാകലോടെ അത് അവകാശിയുടേതായി. തന്റെ വിഹിതം എന്തുചെയ്യണം, എന്തില്‍ ചെലവഴിക്കണം എന്നത് തീരുമാനിക്കേണ്ടത് അവകാശിയാണ്. ബാധ്യസ്ഥനല്ല. അതിനാല്‍ സകാത്ത് അതേപടി അവകാശിക്ക് നല്‍കുകയാണ് ചെയ്യേണ്ടത്. ഭക്ഷണം, ഭവനം, വാര്‍ധക്യ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, വൃദ്ധസദനം, ആശുപത്രികളില്‍ ഉച്ചക്കഞ്ഞി, രോഗ ചികിത്സ, രോഗികള്‍ക്ക് വീല്‍ ചെയര്‍, സ്‌ട്രെക്ച്ചര്‍, സ്വയംതൊഴില്‍ പദ്ധതി, വാഹനം, വിവാഹ സഹായം, പണിയായുധം, കച്ചവടച്ചരക്ക് എന്നിങ്ങനെയൊക്കെയായി സകാത്ത് പരിവര്‍ത്തനം ചെയ്യാന്‍ ഉടമസ്ഥര്‍ക്ക് പറ്റില്ല.
അതേസമയം, ഇമാം അഥവാ സുല്‍ത്വാന്‍ അവകാശികളുടെ പ്രതിനിധിയാണ്. അതിനാല്‍ ഇമാം വശം സകാത്ത് ഏല്‍പ്പിക്കുന്നത് അവകാശികള്‍ക്ക് നല്‍കിയതിനു സമാനമാണ്(തുഹ്ഫ 3.350). തന്മൂലം ഭരണാധികാരിക്ക് അവകാശികള്‍ക്കുവേണ്ടി ചില പ്രത്യേക ക്രയവിക്രയാധികാരങ്ങളുണ്ട്. ഇമാമിന്റെ അത്തരം അധികാരം ഉപയോഗിക്കാന്‍ ബൈത്തുസ്സകാത്തുകാര്‍ക്ക് എന്തവകാശം? ഇന്ത്യയിലെ സമാന്തര ഭരണകൂടമാണ് ബൈത്തുസ്സകാത്തെന്ന് ജമാഅത്തുകാര്‍ക്ക് വാദമുണ്ടോ?
അന്യന്റെ സമ്പത്ത് അനധികൃതമായി കൈകാര്യം ചെയ്യുന്ന ഈ ഏര്‍പ്പാട് അവസാനിപ്പിക്കണം.ജമാഅത്തെ ഇസ്‌ലാമിയുടെ കുടിലത കൂടി തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയില്‍ ബൈത്തുല്‍മാല് എന്നൊരു വകുപ്പുണ്ട്. സകാത്തിലൂടെയാണ് അതില്‍ പണം കണ്ടെത്തുന്നത്. ജമാഅത്തിന്റെ സംഘടനാ പ്രവര്‍ത്തനത്തിനാണ് അത് വിനിയോഗിക്കുന്നത് എന്ന് അതിന്റെ ഭരണഘടനയില്‍ പറയുന്നു(ഖണ്ഡിക 57-59). ഇസ്‌ലാം അനുവദിക്കുന്നതാണോ അത്?
സംഘടന എന്നൊരു അവകാശിയെ ഇസ്‌ലാം എണ്ണിയിട്ടുണ്ടോ? ഇല്ല. അതിനാല്‍ മുസ്‌ലിമിന്റെ വ്യവസ്ഥാപിത ഇബാദത്തായ സകാത്തിനെ കേവല റിലീഫായി കാണുന്ന ജമാഅത്തിന്റെ കുതന്ത്രങ്ങളില്‍ വീണുപോകാതിരിക്കാന്‍ സത്യവിശ്വാസികള്‍ ജാഗരൂകരാകേണ്ടതാണ്. ഈ തിരിച്ചറിവില്ലാതെ 'ബൈത്തുസ്സകാത്ത് പ്രഖ്യാപന'ത്തിന് പങ്കാളിയാകാന്‍ ആരും മുതിരരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."