പട്ടണത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ റവന്യൂ വകുപ്പ് സര്‍വേ തുടങ്ങി
ഒറ്റപ്പാലം: പട്ടണത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി റവന്യൂ വകുപ്പ് സര്‍വേ തുടങ്ങി. സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും മേലെ പെട്രോള്‍ പമ്പ് മുതല്‍ ലക്ഷ്മി തിയറ്റര്‍ വരെയുള്ള കൈയേറ്റങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസം സബ് കലക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സര്‍വേ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുടരുകയാണ്. ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വിജയഭാസ്കര്‍ പറഞ്ഞു. സര്‍വേ പൂര്‍ത്തിയായാല്‍ പുറമ്പോക്ക് കൈയേറിയ വ്യാപാരികളെ കണ്ടെത്തി നോട്ടീസ് നല്‍കും.
സ്വയം പിന്മാറുന്നതിന് സാവകാശം നല്കിയ ശേഷവും കൈയേറ്റം തുടരുന്നവരുടെ നിര്‍മ്മാണങ്ങളും കച്ചവടവും പൊളിച്ചുനീക്കാനാണ് റവന്യൂ അധികൃതര്‍ തയ്യാറെടുക്കുന്നത്. സര്‍വേയില്‍ ചിലയിടങ്ങളില്‍ മൂന്ന് മീറ്ററിലധികം പുറമ്പോക്ക് കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. സ്വയം ഒഴിയുന്ന വ്യാപാരികള്‍ക്ക് നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സില്‍ സ്ഥലം ലഭ്യമാക്കാനാണ് സബ് കലക്ടര്‍ ശ്രമിക്കുന്നത്.
തഹസില്‍ദാര്‍ എം.ഡി.ലാലു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.വിജയഭാസ്കര്‍, എം.പി.ആനന്ദകുമാര്‍, താലൂക്ക് സര്‍വേയര്‍മാരായ എല്‍.മുകുന്ദന്, എസ്.ശ്രീകൃഷ്ണദാസ്, കെ.രാമദാസ്, വില്ലേജ് ഓഫീസര്‍ ബി.ഷാജി എന്നിവരാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."