ചീമേനി ജാനകി വധം: കുറ്റപത്രം സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: ചീമേനിയില്‍ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചു. അറുപതിനായിരം ഫോണ്‍ കോളുകളും 560 സാക്ഷികളും 350 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്ന 2400 പേജ് വരുന്ന കുറ്റപത്രമാണ് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണത്തിന് നേതൃത്വം നല്കിയ നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണനും സംഘവുമാണ് കുറ്റപത്രം കോടതിയിലെത്തിച്ചത്.
കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യപ്രതി പുലിയൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണി എന്ന അരുണ്‍, പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ പുതിയവീട്ടില്‍ വിശാഖ് (27), ചെറുവാങ്ങക്കോട്ടെ റിനീഷ് (23) എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും അറസ്റ്റ് നീട്ടിക്കൊണ്ടുപോയി മുഴുവന്‍ തെളിവുകളും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞു. അന്വേഷണത്തിനിടെ അറുപതിനായിരം ഫോണ്‍ വിളികള്‍ പൊലിസ് പരിശോധനക്ക് വിധേയമാക്കിയിരുന്നു.
പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 560 സാക്ഷികളാണ് കേസിലുള്ളത്. 17 പവന് സ്വര്‍ണാഭരണങ്ങളും രേഖകളും ഉള്‍പ്പെടെ 350 തൊണ്ടിമുതലുകളുമുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രിയാണ് റിട്ട. അധ്യാപകനായ കളത്തേര കൃഷ്ണന്റെ വീട്ടില്‍ എത്തിയ സംഘം ഭാര്യ ജാനകി ടീച്ചറെ കഴുത്തറത്തു കൊന്നത്. കൃഷ്ണന് മാസ്റ്ററെയും കൊല്ലാന്‍ ശ്രമിച്ചിരുന്നു. മുഖംമൂടി അണിഞ്ഞാണ് പ്രതികള്‍ കൊലയും കൊള്ളയും നടത്തിയത്. കൃഷ്ണന് മാസ്റ്ററുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുു അന്വേഷണം പുരോഗമിച്ചത്.
കൃത്യം നടന്നയുടന്‍ തന്നെ ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന് നല്കി. തുടര്‍ന്ന് ഫെബ്രുവരി 21ന് അരുണ്‍ ഒഴികെയുള്ള പ്രതികളെ അറസ്റ്റ്ചെയ്തു. കൊലനടത്തിയ ശേഷം ഗള്‍ഫിലേക്ക് കടന്ന അരുണിനെ പൊലിസ് അവിടത്തെ മലയാളികളുടെ സഹകരണത്തോടെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."