മഴപെയ്താല്‍ അപകടക്കെണിയായി എം.സി റോഡ്
കൊട്ടാരക്കര: മഴക്കാലം ആരംഭിച്ചാല്‍ എം.സി.റോഡിലൂടെയുള്ള വാഹനയാത്ര അപകടയാത്രയായി മാറുന്നു. ഒരു മാസത്തിനുള്ളില്‍ 20 ഓളം ചെറുതും വലതുമായ അപകടങ്ങളാണ് എം.സി റോഡില്‍ കൊട്ടാരക്കര മേഖലയില്‍ നടന്നിട്ടുള്ളത്. ഈ അപകടങ്ങളില്‍പെട്ട് മരിച്ചവരും മരിച്ചതിനൊപ്പം ജീവിക്കുന്നവരും നിരവധിയാണ്.
ആയൂര്‍ മുതല്‍ കുളക്കട പാലമുക്ക് വരെയുള്ള ഭാഗങ്ങളിലാണ് ഏറ്റവും അധികം വാഹനാപകടങ്ങള്‍ നടക്കുന്നത്. എല്ലാ സീസണിലും ഈ ഭാഗങ്ങളില്‍ അപകടമുണ്ടാകുന്നുണ്ട്. മഴക്കാലത്ത് എണ്ണം വര്‍ധിക്കുന്നുവെന്ന് മാത്രം. കുളക്കട ആലപ്പാട്ട് ക്ഷേത്ര ഭാഗം, കുളക്കട ജങ്ഷന്‍, കുളക്കട ലക്ഷം വീട് ഭാഗം, പുത്തൂര്‍മുക്ക് എല്‍.എം.എസ് ഭാഗം, കലയപുരം, ഇഞ്ചക്കാട് ശില്പ ജങ്ഷന്‍, മൈലം റെയില്‍വേ മേല്‍പ്പാലം, കൊട്ടാരക്കര ഫെയ്ത് ഹോം ഭാഗം, കരിക്കം , ലോവര്‍കരിക്കം, സദാനന്ദപുരം, സദാനന്ദപുരം ഹൈസ്‌കൂള്‍ വളവ്, വാളകം, വയ്ക്കല്‍ എന്നീ സ്ഥലങ്ങള്‍ സ്ഥിരം അപകടമേഖലകളാണ്. ഈ മഴക്കാലത്ത് ഈ ഭാഗങ്ങളില്‍ നടന്ന
അപകടങ്ങളില്‍ മൂന്നുപേര്‍ മരണപ്പെട്ടു.
രണ്ടുവര്‍ഷത്തിനുള്ളില്‍ കുളക്കട ഭാഗങ്ങളില്‍ ഉണ്ടായ വാഹനാഅപകടങ്ങളില്‍ 10 ഓളം പേര്‍ മരിച്ചിട്ടുണ്ട്. പിതാവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ഥി ബസിടിച്ച് മരിച്ചിട്ട് അഞ്ചു വര്‍ഷത്തോളമായിട്ടും ഇടിച്ച വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആലപ്പാട്ട് ക്ഷേത്രം വളവില്‍ നിത്യേനയാണ് അപകടങ്ങള്‍ നടക്കുന്നത്. നാട്ടുകാര്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടും അപകടങ്ങള്‍ക്ക് കുറവില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് കൊട്ടാരക്കര വനിതാ സി.ഐയുടെ ജീപ്പും ഇവിടെ അപകടത്തില്‍ പെട്ടിരുന്നു. എം.സി റോഡ് ലോകനിലവാരത്തില്‍ പുനര്‍ നിര്‍മിച്ചെന്നാണ് അധികൃതരുടെ അവകാശവാദം. നിര്‍മാണം കഴിഞ്ഞ് ഒരു വര്‍ഷംആയപ്പോഴേക്കും റോഡിന്റെ പല ഭാഗവും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ചില ഭാഗങ്ങള്‍ മഴപെയ്താല്‍ മഴപെയ്താല്‍ വെള്ളക്കെട്ടായി മാരുകയും ചെയ്യുന്നു. റോഡ് നിര്‍മാണത്തില്‍ നടന്ന അഴിമതിയും അശാസ്ത്രീയ നിര്‍മാണവുമാണ് അപകടങ്ങള്‍ വര്‍ധിക്കാനും റോഡ് തകരാനും കാരണമായി ജനങ്ങള്‍ ചൂണ്ടികാട്ടുന്നത്. വളവുകളും തിരുവുകളും കുറയ്ക്കണമെന്ന് പതിബെല്‍ കമ്പിനിയുടെ നിര്‍ദേശം ഇവിടുത്തെ ഉദ്യോഗസ്ഥരും വസ്തു ഉടമകളും ചേര്‍ന്ന് അട്ടിമറിച്ചു. റോഡ് പരുക്കന്‍ ആക്കണമെന്ന നിര്‍ദേശവും നടപ്പിലായില്ല. ഓടകള്‍ വേണ്ട രീതിയില്‍ പുനര്‍ നിര്‍മിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.
അപകടങ്ങള്‍ ഏറിയിട്ടും അപകട മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ചുമതലക്കാരായ കെ.എസ്.ടി.പി ഇതുവരെ തയാറായിട്ടില്ല. കെ.എസ്.ടി.പി പഞ്ചായത്തുകളുമായി കരാറുണ്ടാക്കിയിരുന്നെങ്കിലും തെരുവുവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങളായി. അധികൃതര്‍ നിസ്സംഗരായിരിക്കുമ്പോള്‍ അപകടങ്ങള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."