കട്ടപ്പന കേരളത്തിലെ ആദ്യ ഒ.ഡി.എഫ് മുനിസിപ്പാലിറ്റി
തൊടുപുഴ: പൊതുസ്ഥലത്തു മലമൂത്ര വിസര്‍ജനമില്ലാത്ത സമ്പൂര്‍ണ ശൗചാലയ സൗകര്യമുള്ള കേരളത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയായി കട്ടപ്പന മുനിസിപ്പാലിറ്റിയെ പ്രഖ്യാപിച്ചു . ജില്ലാ ശുചിത്വമിഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, പൊതുജനങ്ങള്‍ എന്നിവരുടെ ശ്രമഫലമായാണ് കട്ടപ്പനയ്ക്ക് ഈ അംഗീകാരം ലഭിച്ചത്. കട്ടപ്പന മുനിസിപ്പല്‍ ഓഫിസില്‍ ചേര്‍ന്ന പ്രത്യേക കമ്മിറ്റിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണി കുളംപള്ളിയാണ് കട്ടപ്പന മുനിസിപ്പാലിറ്റിയെ ഒ.ഡി.എഫായി പ്രഖ്യാപിച്ചത്.
രണ്ടു വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ അംഗീകാരം ലഭിച്ചതെന്നു മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു. സ്വഛ്ഭാരത് മിഷന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പേതന്നെ ജില്ലാ ശുചിത്വമിഷന്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലുള്ള വീടുകളില്‍ ബോധവല്‍ക്കരണം നടത്തുകയും ശൗചാലയം ഇല്ലാത്ത വീടുകളില്‍ അവ നിര്‍മിച്ചു നല്‍കുവാന്‍ മുനിസിപ്പാലിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
മാത്രമല്ല കട്ടപ്പന ഗ്രാമ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കി മാറ്റുന്ന അവസരത്തില്‍ തന്നെ ജില്ലാ ശുചിത്വമിഷനുമായി കൂടിച്ചേര്‍ന്ന് കട്ടപ്പന സമ്പൂര്‍ണ ഒ.ഡി.എഫ് ആക്കി മാറ്റാനുള്ള തീരുമാനം എടുത്തിരുന്നു. നടപടികള്‍ ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ജില്ലാ ശുചിത്വമിഷന്റെ ദീര്‍ഘ വീക്ഷണമാണെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."