ധനകാര്യ കമ്മിഷന്‍: നിവേദനത്തിനു മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷനു സമര്‍പ്പിക്കാന്‍ തയാറാക്കിയ നിവേദനത്തിലെ നിര്‍ദേശങ്ങളും ശുപാര്‍ശകളും മന്ത്രിസഭ അംഗീകരിച്ചു. കമ്മിഷന്റെ പരിഗണനാവിഷയങ്ങളിലെ പല നിര്‍ദേശങ്ങളും സംസ്ഥാനത്തിന് ആശങ്ക ഉളവാക്കുന്നതാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
നികുതി വിഭജനം 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി നടത്തണമെന്ന നിര്‍ദേശം കേരളത്തിനു ദോഷകരമാണ്. അതിനാല്‍ 1971ലെ സെന്‍സസ് പ്രകാരം നികുതി വിഭജനം നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. 14ാം ധനകാര്യ കമ്മിഷന്‍ കേരളത്തിനു ശുപാര്‍ശ ചെയ്ത നികുതി വിഹിതത്തില്‍ കുറവ് വരാത്ത രീതിയില്‍ നികുതി വിഭജന മാനദണ്ഡം സ്വീകരിക്കണം. റവന്യൂ കമ്മി നികത്താന്‍ ഗ്രാന്റ് നല്‍കുന്നതിനുള്ള വ്യവസ്ഥ പുനഃപരിശോധിക്കാനുള്ള നിര്‍ദേശം നടപ്പായാല്‍ സംസ്ഥാനത്തിന്റെ മൂലധനവികസന ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടി വരും. അതിനാല്‍ ആ നിര്‍ദേശം പിന്‍വലിക്കണം.
സംസ്ഥാനങ്ങള്‍ക്കു വിഭജിച്ചുനല്‍കുന്ന കേന്ദ്രനികുതി വിഹിതം 42 ശതമാനത്തില്‍നിന്ന് 50 ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടും. ധനക്കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ധനക്കമ്മി ജി.എസ്.ഡി.പിയുടെ 1.7 ശതമാനമായി നിജപ്പെടുത്താനുള്ള ശുപാര്‍ശ കേരളത്തിന് ദോഷം ചെയ്യും. അതിനാല്‍ നിലവിലുള്ള നിയമത്തില്‍ ഒരു മാറ്റവും വരുത്തരുത്. തീരസംരക്ഷണം, റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം, വനസംരക്ഷണം, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍, നൈപുണ്യ വികസനം എന്നിവയ്ക്കു പ്രത്യേക ഗ്രാന്റ് നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."