ജീവിതയാഥാര്‍ഥ്യങ്ങളിലേക്കുള്ള നേര്‍ക്കാഴ്ചയൊരുക്കി വീക്കെന്റ് ഹ്യൂസ്
കോഴിക്കോട്: സമൂഹത്തിലെ ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍കാഴ്ചകളൊരുക്കി ലളിതകലാ ആര്‍ട് ഗാലറിയില്‍ നടക്കുന്ന ആര്‍.വി സന്തോഷിന്റെ 'വീക്കെന്റ് ഹ്യൂസ് ' ചിത്രപ്രദര്‍ശനം ശ്രദ്ധേയമാവുന്നു. പേരിടാത്ത ചിത്രങ്ങളെ അനുവാചകന് അവരുടെതായ അഭിരുചിക്കനുസരിച്ച് വിശകലനം ചെയ്യാനുതകുന്ന തരത്തിലാണ് സന്തോഷ് ചിത്രങ്ങള്‍ കാന്‍വാസില്‍ വരച്ചിട്ടത്.
പ്രണയം, ആത്മീയത, പ്രകൃതി എന്നിവയെല്ലാം ചിത്രത്തിലെ വിഷയങ്ങളാണ്. പ്രണയത്തെ ആധുനിക സാമൂഹിക പശ്ചാത്തലത്തിലാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. പൊതുസമൂഹത്തില്‍ സ്ത്രീകളനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളെ ഒരൊറ്റ ചിത്രത്തിലൂടെ സന്തോഷ് അനുവാചകനു മുന്നിലെത്തിക്കുന്നു.
ചെന്നൈ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി, ഫ്‌ളാറ്റ് സംസ്‌കാരത്തില്‍ പ്രകൃതിക്കുണ്ടാവുന്ന കോട്ടങ്ങള്‍, ആത്മീയതയിലൂന്നിയ മനുഷ്യ വീക്ഷണങ്ങള്‍ എന്നിവയും ചിത്രത്തില്‍ തെളിയുന്നു. എന്നാലും ചിത്രങ്ങള്‍ക്ക് പേരും വിവരണവും നല്‍കുമ്പോള്‍ ആസ്വാദകന്‍ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ അകപ്പെടുമെന്നും, ആ അതിര്‍ത്തിക്കുള്ളില്‍ നിന്നാണ് അദ്ദേഹം ചിത്രങ്ങള്‍ ആസ്വദിക്കുകയെന്നുമാണ് സന്തോഷ് പറയുന്നത്. 23 ചിത്രങ്ങളും ആഴ്ചാന്ത്യങ്ങളില്‍ തയാറാക്കിയതിനാലാണ് പ്രദര്‍ശനത്തിനും വീക്കെന്റ് ഹ്യൂസ് എന്ന പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. പ്രദര്‍ശനം നാളെ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."