നിപാ: പ്രതിരോധം ഊര്‍ജിതം; ഭീതിയൊഴിയാതെ ജനം
കോഴിക്കോട്: നിപാ വൈറസ് രാജ്യത്തെത്തിയത് പശ്ചിമബംഗാളിലെ സിലിഗുരി വഴി. രോഗം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമായ കേരളത്തില്‍ വൈറസ് എവിടെനിന്ന് എത്തിയെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. പേരാമ്പ്ര പന്തിരിക്കരയില്‍ കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച വീട്ടിലെ കിണറ്റില്‍നിന്ന് വവ്വാലുകളെ കണ്ടെത്തിയെങ്കിലും ഇവ രോഗാണു വാഹകരാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം നിപാ വൈറസിന്റെ പൊട്ടിപ്പുറപ്പെടല്‍ എങ്ങനെയെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിനും വ്യക്തതയില്ല. പേരാമ്പ്രയില്‍ ഒരു കുടുംബത്തില്‍ ബാധിച്ച രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നതും കൂടുതല്‍ പേര്‍ മരിക്കാനിടയാക്കിയതും ആശുപത്രികള്‍ വഴിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നഴ്‌സുമാരിലേക്കും മറ്റു രോഗികളിലേക്കും വൈറസ് പടര്‍ന്നത് ചികിത്സയ്ക്കിടെയാണ്.
പൂനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രേഖപ്രകാരം ഇന്ത്യയില്‍ നിപാ വൈറസ് എത്തുന്നത് പശ്ചിമ ബംഗാളിലെ സിലിഗുരി വഴിയാണ്. 2001 ജനുവരി 31നും ഫെബ്രുവരി 23നുമാണ് ബംഗ്ലാദേശിനോട് ചേര്‍ന്നു കിടക്കുന്ന സിലിഗുരിയില്‍ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് 2007 ഏപ്രിലിലും പശ്ചിമബംഗാളിലെ നാദിയയില്‍ രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇപ്പോള്‍ പേരാമ്പ്രയില്‍ വൈറസിനെ കണ്ടെത്തുംവരെ രാജ്യത്തൊരിടത്തും രോഗം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. രാജ്യത്ത് ആദ്യമായി രോഗം കണ്ടെത്തിയ സിലിഗുരിയില്‍ 66 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 45 പേര്‍ മരിച്ചു. ആ വര്‍ഷം പിന്നീട് രോഗം കണ്ടെത്തിയത് ബംഗ്ലാദേശിലെ മെഹര്‍പൂരിലായിരുന്നു. ഇവിടെ 13 പേര്‍ക്ക് രോഗം ബാധിക്കുകയും 9 പേര്‍ മരിക്കുകയും ചെയ്തു. 2001 മുതല്‍ 2007 വരെ ബംഗ്ലാദേശില്‍ അഞ്ചു തവണ രോഗം പടര്‍ന്നു. 2007 ജനുവരി മുതല്‍ ഏപ്രില്‍ വരെ ബംഗ്ലാദേശിലെ അഞ്ചിടങ്ങളിലും പശ്ചിമബംഗാളിലെ നാദിയയിലും രോഗം സ്ഥിരീകരിച്ചു. നാദിയയില്‍ അഞ്ചു പേര്‍ക്ക് രോഗം ബാധിച്ചതില്‍ അഞ്ചുപേരും മരിച്ചു.
രാജ്യത്തെ നിപാ വൈറസ് രോഗബാധയെ കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) 2006 ല്‍ പഠനം നടത്തിയിരുന്നു. നിപാ വൈറസ് സംസ്ഥാനത്ത് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്ന് ഐ.സി.എം.ആര്‍ വൃത്തങ്ങള്‍ പറഞ്ഞു. പശ്ചിമബംഗാളില്‍നിന്ന് സംസ്ഥാനത്തെത്തിയ ആരെങ്കിലും രോഗം ബാധിച്ച് മരിച്ചിട്ടുണ്ടോയെന്നും ഇവരില്‍നിന്ന് രോഗാണു സംസ്ഥാനത്തെത്താനുള്ള സാധ്യത കൂടുതലാണെന്നും ഇദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര ഭാഗത്ത് ഇത്തരം മരണം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇവരുടെ നിലപാട്. കൂടാതെ വിദേശത്തുനിന്ന് എത്തുന്ന പഴങ്ങള്‍ വഴിയും രോഗാണു സംസ്ഥാനത്തെത്താന്‍ സാധ്യതയുണ്ട്. നിപാ വൈറസ് രോഗം കണ്ടുവരുന്ന മലേഷ്യയില്‍ നിന്നുള്ള പഴങ്ങള്‍ നാട്ടില്‍ സുലഭമാണ്. ഇവയില്‍ ഏതെങ്കിലും രോഗാണുവാഹകരായ വവ്വാലുകള്‍ കൊത്തിയിട്ടുണ്ടെങ്കില്‍ അതുവഴിയും രോഗം പകരാം. വവ്വാലുകള്‍ ഭക്ഷിക്കാന്‍ സാധ്യതയുള്ള പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."