സന്തോഷ് ട്രോഫിയില്‍; കേരളം പുറത്ത്, ഗോവയും ബംഗാളും ഫൈനലില്‍
ബാംബോലിം (ഗോവ): 71മത് സന്തോഷ് ട്രോഫി കാലാശപ്പോരിനു ഗോവയും ബംഗാളും യോഗ്യത നേടി. കേരളത്തെ 2-1 നു തകര്‍ത്താണു ആതിഥേയരായ ഗോവ ഫൈനലിലേക്കു കടന്നത്. മിസോറമിനെ സഡന്‍ ഡെത്തില്‍ 6-5 നു വീഴ്ത്തിയാണു ബംഗാള്‍ കലാശപ്പോരിനെത്തുന്നത്. ജി.എം.സി അത്‌ലറ്റിക്ക് സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ പ്രതിരോധവും സ്‌ട്രൈക്കര്‍മാരും കേരളത്തെ നിരാശപ്പെടുത്തിയപ്പോള്‍, നാട്ടുകാരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് ഗോവ വിജയം വെട്ടിപ്പിടിച്ചത്. പരിശീലകന്‍ വി.പി ഷാജിയുടെ തന്ത്രങ്ങളെല്ലാം ഇന്നലെ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു. നായകന്‍ ഉസ്മാനെ പകരക്കാരുടെ ബെഞ്ചിലിരുത്തി പ്രതിരോധ നിര താരം ഷെറിന്‍ സാമിനെ ക്യാപ്റ്റനാക്കിയായിരുന്നു വി.പി ഷാജി ടീമിനെ കളത്തിലിറക്കിയത്. മുന്നേറ്റത്തില്‍ ജസ്റ്റിന്‍ ജോബിയും സഹല്‍ അബ്ദുള്‍ സമദും എത്തി. മധ്യനിരയില്‍ അസ്ഹറുദ്ദീന്‍, ജിജോ ജോസഫ്, ജിഷ്ണു ബാലകൃഷ്ണന്‍, എസ് സീസണ്‍ എന്നിവര്‍ അണിനിരന്നു. ഗോള്‍ വലയ്ക്കു മുന്നില്‍ എസ് മിഥുന്‍. പ്രതിരോധത്തില്‍ കോട്ട കെട്ടാനിറങ്ങിയത് ഷെറിന്‍ സാം, എസ് ലിജോ, വി.വി ശ്രീരാഗ്, രാഹുല്‍ വി രാജ് എന്നിവരും
ഇരമ്പി... കിതച്ചു
ഗോവന്‍ ഗോള്‍ മുഖത്തേക്ക് കേരളത്തിന്റെ ഇരമ്പിക്കയറ്റത്തോടെയായിരുന്നു രണ്ടാം സെമിയുടെ തുടക്കം. ആദ്യ മിനുട്ടില്‍ തന്നെ ഇടതു വിങിലൂടെ പന്തുമായി കുതിച്ച അസ്ഹറുദ്ദീനു ബോക്‌സിന് അടുത്തു വച്ച് നിയന്ത്രണം നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ അസ്ഹറുദ്ദീന്‍ തൊടുത്ത ലോങ് റേഞ്ചര്‍ പോസ്റ്റിനു സമീപത്തു കൂടി പറന്നു. പിന്നെ കണ്ടത് പതിയെ ഗോവ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു തുടങ്ങുന്നതാണ്. ഗാലറിയിലെ വുവുസേല നാദത്തിനും താളമേളങ്ങള്‍ക്കും ഗോവ...ഗോവ.. വിളികള്‍ക്കും നടുവില്‍ ഗോവന്‍ നിര ആക്രമണത്തിന്റെ കെട്ടഴിച്ചു. കേരളത്തിന്റെ പ്രതിരോധ നിരയ്ക്ക് പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നു. ഗോവയുടെ തുടര്‍ച്ചയായ മൂന്നു മുന്നേറ്റങ്ങള്‍. ഗോവന്‍ താരങ്ങള്‍ കേരള ബോക്‌സിലേക്ക് തുടര്‍ച്ചയായി ഇരമ്പിക്കയറി.
ഞെട്ടിച്ച് കൊളാസോ
ഗോവ... ഗോവ... വിളികള്‍ക്ക് പുല്‍ത്തകിടിയില്‍ നിന്നും പ്രത്യഭിവാദ്യം ഗോളിന്റെ രൂപത്തിലെത്തി. 14 ാം മിനുട്ടില്‍ കേരളത്തിന്റെ വല കുലുങ്ങി. ഇടതു വശത്തൂടെ പന്തുമായി മുന്നേറിയ ഗോവയുടെ റെയ്മണ്ട് നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ സ്വീകരിച്ച ലിസ്റ്റണ്‍ കൊളാസോ അഡ്വാന്‍സ് ചെയ്ത് കയറിയ കേരള ഗോളി മിഥുനെ മികച്ചൊരു ഷോട്ടിലൂെട കീഴടക്കി വല കുലുക്കി. ലീഡു വഴങ്ങിയതോടെ കേരളം ആക്രമണത്തിന്റെ മൂര്‍ച്ചകൂട്ടി. ഇടതു വിങിലൂടെ അസ്ഹറുദ്ദീനും കൂട്ടരും നിരന്തം ഗോവന്‍ പ്രതിരോധത്തെ വിറപ്പിച്ചു. എന്നാല്‍, ലക്ഷ്യം മാത്രം അകലെയായിരുന്നു. ഗോവ നിറഞ്ഞു കളിക്കുകയായിരുന്നു. 30 ാം മിനുട്ടില്‍ കേരളം വീണ്ടും ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷപ്പെട്ടു. രാഹുലിന്റെ ഗോള്‍ ലൈന്‍ സേവാണ് കേരളത്തിനു തുണയായത്.
ലിസ്റ്റണ്‍ കൊളാസോ വീണ്ടും ഗോവയുടെ നക്ഷത്ര താരമായി. 37ാം മിനുട്ടില്‍ കേരളത്തിന്റെ വല കുലുങ്ങി. വലതു വിങിലൂടെ പന്തുമായി ഒറ്റയാനായി പാഞ്ഞ കൊളാസോ ബോക്‌സില്‍ കയറി പായിച്ച കിടിലന്‍ ഷോട്ട് കേരളത്തിന്റെ വലയില്‍ തുളഞ്ഞിറങ്ങി. ഗോള്‍ കീപ്പര്‍ മിഥുന് നിസഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗോവ 2-0നു മുന്നില്‍.
ആശ്വാസ ഹെഡ്ഡര്‍
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സീസണ് പകരം നായകന്‍ ഉസ്മാന്‍ കളത്തിലെത്തി. കേരളം തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാനായില്ല. ഒടുവില്‍ 60 ാം മിനുട്ടില്‍ കേരള താരങ്ങളുടെ കഠിനധ്വാനം ഫലം കണ്ടു. കേരളത്തിനു അനുകൂലമായി ലഭിച്ച കോര്‍ണറിന് ഒടുവില്‍ ആശ്വാസ ഗോള്‍ പിറന്നു. രാഹുലിന്റെ മികച്ചൊരു ഹെഡ്ഡറാണ് ഗോവന്‍ വല കുലുക്കിയത്. സ്‌കോര്‍ 2-1. ഗോള്‍ മടക്കിയതിന്റെ ആവേശത്തില്‍ കേരളം ഗോവന്‍ ബോക്‌സിലേക്ക് ആക്രമിച്ചു കയറി. ഇതോടെ ഗോവന്‍ പ്രതിരോധം ആടിയുലഞ്ഞു. നിരവധി അവസരങ്ങളാണു ഉസ്മാന്റെ നേതൃത്വത്തില്‍ കേരളം ഗോവന്‍ മുഖത്ത് തുറന്നെടുത്തത്. 76ാം മിനുട്ടില്‍ ജസ്റ്റിന്‍ ജോബിയെ വീഴ്ത്തിയതിനു കേരളത്തിനു ഫ്രീ കിക്ക്. ജിജോ ജോസഫ് എടുത്ത കിക്ക് ഗോവന്‍ ഗോളി ഉയര്‍ന്നു ചാടി കുത്തിയകറ്റി. തുടര്‍ന്നു ലഭിച്ച കോര്‍ണര്‍ ഗോവന്‍ ബോക്‌സില്‍ വീണ്ടും അപായ സൂചന സൃഷ്ടിച്ചെങ്കിലും കേരളത്തിന്റെ സമനില ഗോള്‍ അകലെ തന്നെയായിരുന്നു. രണ്ടാം പകുതിയില്‍ കളംനിറഞ്ഞു കളിച്ചിട്ടും കരുത്തുറ്റ ഗോവന്‍ പ്രതിരോധം കേരളത്തിന്റെ ഫൈനല്‍ മോഹം തല്ലിയുടച്ചു. പ്രതിരോധത്തിലെ പാളിച്ചയും ഇതുവരെയുള്ള മത്സരങ്ങളില്‍ മിന്നുന്ന കാഴ്ചവച്ച സ്‌ട്രൈക്കര്‍മാര്‍ക്കു പിഴച്ചതുമാണ് ദേശീയ ഫുട്‌ബോള്‍ കിരീടം മോഹിച്ചു ഗോവന്‍ സഫാരിക്കിറങ്ങിയ കേരളത്തിനു പിഴച്ചത്. ഗോവയ്ക്കിത് ഏഴാം ഫൈനല്‍ പ്രവേശമാണ്.
സഡന്‍ ഡെത്തില്‍ ബംഗാള്‍
ബാംബോലിം (ഗോവ): സഡന്‍ ഡെത്തെില്‍ മിസോറമിനു പുറത്തേക്കുള്ള വഴിയൊരുക്കി ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ കടന്നു. ആദ്യ സെമിയില്‍ 6-5 നു മിസോറമിനെ തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനലില്‍ എത്തിയത്. ഇരു ടീമുകള്‍ക്കും മുഴുവന്‍ സമയവും ഗോള്‍ വല ചലിപ്പിക്കാനാകാതെ വന്നതോടെ കളി അധിക സമയത്തേയ്ക്ക് നീണ്ടു. ട്രൈബ്രേക്കറിലും ബംഗാളും മിസോറമും സമനില പാലിച്ചതോടെ വിധി നിര്‍ണയത്തിനായി സഡന്‍ ഡെത്തിലേക്ക്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും അഞ്ചില്‍ നാലു ഷോട്ടുകളും ഗോളാക്കി തുല്യത പാലിച്ചു. മിസോറമിനു വേണ്ടി ലാല്‍ റമാവിയ, സോട്ടിയ, അപ്പുയ, ലാല്‍ റിഞ്ചന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ബംഗാളിനു വേണ്ടി റാണാ ഗരാമി, മന്‍വീര്‍ സിങ്, സമദ് അലി മാലിക്, മുംതാസ് അക്തര്‍ എന്നിവരുടെ ഷോട്ട് ലക്ഷ്യത്തിലെത്തി. ബംഗാളിനായി മൊണോട്ടോഷ് തൊടുത്ത ഷോട്ട് പോസ്റ്റില്‍ പതിച്ച് പുറത്തേക്കു പോയി. ഇരു ടീമുകളും 4-4 എന്ന നിലയില്‍ തുല്യത പാലിച്ചു. തുടര്‍ന്നു പോരാട്ടം സഡണ്‍ ഡെത്തിലേയ്ക്ക്. ആദ്യം കിക്കെടുത്തത് മിസോറമിന്റെ വഞ്ചുവാങ്ങ്. പന്ത് ഗോള്‍ പോസ്റ്റിന്റെ വലതു മൂലയില്‍ പറന്നിറങ്ങി. മറുപടിയായി ബംഗാളിനായി അവരുടെ പത്താം നമ്പര്‍ താരം എസ്.കെ ഫയാസ് എടുത്ത ഷോട്ട് മിസോറാമിന്റെ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതു മൂലയില്‍ പതിച്ചു. സ്‌കോര്‍ 5-5. മിസോറമിനായി ഏഴാം നമ്പര്‍ താരം ലാല്‍ ബിനാക്കുല തൊടുത്ത ഷോട്ടിനു ബംഗാള്‍ ഗോളി ശങ്കര്‍ റോയിയെ കീഴടക്കാനായില്ല. ബംഗാളിനായി ഷോട്ട് എടുക്കാന്‍ എത്തിയത് ബസന്താ സിങ്. മിസോറം ഗോളിയെ നിഷ്പ്രഭനാക്കി ബസന്തയുടെ ഷോട്ട് വലയിലേക്ക് തുളച്ചിറങ്ങിയപ്പോപ്പോള്‍ വടക്കുകിഴക്കന്‍ മോഹം പൊലിഞ്ഞു. ബംഗാള്‍ സന്തോഷ് ട്രോഫി ചരിത്രത്തില്‍ 44ാം ഫൈനലിലേക്ക് യോഗ്യത നേടി. 2011 ലാണു ബംഗാള്‍ അവസാനം ഫൈനല്‍ കളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."