വിദ്യാലയങ്ങള്‍ തുറക്കാറായി; വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് കഞ്ചാവ് മാഫിയ
ഏറ്റുമാനൂര്‍: വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ,വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുള്ള കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നതായി ആശങ്ക.
ആര്‍പ്പൂക്കര, നീണ്ടൂര്‍, ഏറ്റുമാനൂര്‍, അതിരമ്പുഴ പ്രദേശങ്ങള്‍ ഉള്‍പ്പടെ സ്‌കൂളുകളും കോളനികളും കേന്ദ്രീകരിച്ചും, ആവശ്യക്കാര്‍ക്ക് രഹസ്യമായി വാഹനങ്ങളില്‍ എത്തിച്ചും കച്ചവടം നടത്തുന്ന ഒട്ടേറെ സംഘങ്ങള്‍ ഒരു പേടിയുമില്ലാതെ വിലസുകയാണ്. പിടിക്കപ്പെടുന്നവര്‍ക്ക് മതിയായ ശിക്ഷാ നടപടികള്‍ ലഭിക്കാത്തതാണ് ഈ സാമൂഹ്യവിരുദ്ധ മാഫിയാ സംഘം തഴച്ചു വളരാന്‍ കാരണമാകുന്നത്.ചെറിയ കേസില്‍ ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍ തങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാനില്ലെന്ന മട്ടില്‍ വീണ്ടും ബിസിനസ് വ്യാപകമാക്കുന്നു. തങ്ങളുടെ കൈപിടിയിലൊതുങ്ങാത്ത വിധം കഞ്ചാവ് മാഫിയാ തഴച്ചു വളര്‍ന്നുവെന്ന് പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരും ഒന്നു പോലെ പറയുന്നു. കഞ്ചാവ് വില്‍പ്പന തകൃതിയായതറിഞ്ഞ് എത്തുന്ന നിയമപാലകരെ അക്രമിച്ച് കീഴ്‌പെടുത്തിയ ശേഷം രക്ഷപെട്ട സംഭവവും അടുത്തിടെയുണ്ടായി. തമിഴ്‌നാട്, ഹൈറേഞ്ച് എന്നിവിടങ്ങളില്‍ നിന്നാണ് കോട്ടയം ജില്ലയിലെ ചെറുതും വലുതുമായ ഏജന്റുമാര്‍ക്ക് പ്രധാനമായും കഞ്ചാവ് എത്തിക്കുന്നത്. മെയ് ഒന്നിനു ശേഷം ഏറ്റുമാനൂര്‍, അതിരമ്പുഴ, നീണ്ടൂര്‍, ആര്‍പ്പൂക്കര മേഖലകളില്‍ നിന്ന് നാല് കേസുകള്‍ എക്‌സൈസ് എടുത്തപ്പോള്‍ ഏറ്റുമാനൂര്‍ പോലീസ് മൂന്ന് പേരെ പിടികൂടി.
അതേസമയം ഏപ്രിലില്‍ എക്‌സൈസ് ഏഴ് പേരെ പിടികൂടിയിരുന്നു. ഏറ്റുമാനൂര്‍ പോലീസ് മൂന്ന് പേരെയും. ഇതു കൂടാതെ കഞ്ചാവ് ഉപയോഗിച്ച പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരും പിടിയിലായിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കാനാവാത്തതിനാല്‍ കൗണ്‍സിലിംഗിന് വിധേയരാക്കുകയായിരുന്നു.ഏറ്റുമാനൂരില്‍ മംഗളം കോളേജ് പരിസരം, പാറോലിക്കല്‍, വള്ളിക്കാട്, നീണ്ടൂരില്‍ പ്രാവട്ടം, കൈപ്പുഴ, അതിരമ്പുഴയില്‍ സ്‌കൂള്‍, പള്ളി, ഗവ. ആശുപത്രി പ്രദേശങ്ങള്‍, കോട്ടമുറി, ചന്തക്കടവ്, ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളേജിന്റെ പരിസരപ്രദേശങ്ങള്‍, മണിയാപറമ്പ്, കോലേട്ടമ്പലം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ പിടിക്കപ്പെട്ടിട്ടുള്ളത്.
ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിന് സമീപം കഞ്ചാവ് കച്ചവടം നടത്തുന്നതറിഞ്ഞ് സ്ഥലത്തെത്തിയ എക്‌സൈസ് സംഘത്തിന് നേരെ അലോട്ടി എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവിന്റെ നേതൃത്വത്തില്‍ കുരുമുളക് പൊടി സ്‌പ്രേ പ്രയോഗിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവം രണ്ടാഴ്ച മുമ്പായിരുന്നു. ഏഴംഗ സംഘത്തിലെ രണ്ട് പേരെ പിടികൂടാനായി. കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ഗുണ്ടാനേതാവും മറ്റ് നാല് പേരും ഇപ്പോഴും ഒളിവിലാണ്. അക്രമത്തില്‍ നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.ഈ മാസം ഏറ്റുമാനൂര്‍ പോലീസ് പിടികൂടിയ മൂന്ന് കേസും അതിരമ്പുഴയില്‍ നിന്നായിരുന്നു. ഗവ. ആശുപത്രിയ്ക്കും സെന്‍ട്രല്‍ ജംഗ്ഷനിലെ ബാറിനടുത്ത് നിന്നും കുമരകം സ്വദേശികളെ പിടികൂടിയത് ഒരേ ദിവസം. ആഡംബര കാറില്‍ കഞ്ചാവ് വില്‍പന് നടത്തിയിരുന്ന യുവാവും പിടിയിലായിരുന്നു. വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയയാളെ നീണ്ടൂരില്‍ നിന്നും പോലീസ് പിടികൂടിയത് കഴിഞ്ഞ മാസമാണ്. ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒരാളെയും പോലീസ് പിടികൂടിയിരുന്നു.
സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ച് കച്ചവടം പൊടിപൊടിക്കുന്നവര്‍ ആദ്യം വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തം കൂടി പിന്നാലെ അവരെ തങ്ങളുടെ ഏജന്റുമാരായി വളര്‍ത്തിയെടുക്കുകയാണ് ചെയ്തുവരുന്നത്. ആദ്യം നല്ല ഭക്ഷണവും മറ്റും വാങ്ങി നല്‍കി കൈയിലെടുക്കുന്ന ഇവരുടെ പക്കല്‍ ഇവരറിയാതെ തന്നെ ചെറിയ പൊതികള്‍ ആവശ്യക്കാര്‍ക്ക് നല്‍കാനായി കൊടുത്തുവിടും. പിന്നാലെ പാരിതോഷികമായി പണവും കൊടുത്തുതുടങ്ങും. തങ്ങള്‍ ചതിക്കപ്പെടുകയാണെന്ന് കുട്ടികള്‍ മനസിലാക്കുമ്പോഴേക്കും ഊരാനാവാത്ത വിധം കുരുക്കില്‍ പെട്ടിട്ടുണ്ടാവും. ഭീഷണിയുടെ നിഴലിലാണെങ്കിലും നല്ലൊരു വരുമാനമാര്‍ഗമായി കാണുന്നതോടെ യുവതലമുറ ഈ വഴി തന്നെ മുന്നോട്ട് സഞ്ചരിക്കുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഏറ്റുമാനൂരില്‍ നിന്നും പോയ നാല് യുവാക്കളില്‍ മൂന്ന് പേര്‍ അപകടത്തില്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ബൈക്കുമായി മുങ്ങുകയും ചെയ്തത് സംശയം ജനിപ്പിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മുങ്ങിയ യുവാവിനെ കഞ്ചാവുമായി പോലീസ് പൊക്കി. അപ്പോഴാണ് ഞെട്ടിക്കുന്ന പല കഥകളും പുറത്തറിയുന്നത്. ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകള്‍ മുതല്‍ പല വമ്പന്‍ ഓഫറുകളും നല്‍കിയാണ് കഞ്ചാവ് മാഫിയാ യുവാക്കളെ കളത്തിലിറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."