പറമ്പില്‍പീടികയിലെ മഞ്ഞപ്പിത്തം: നടപടി ഊര്‍ജിതമാക്കിയെന്ന് അധികൃതര്‍
പെരുവള്ളൂര്‍: പറമ്പില്‍പീടിക കൊടശ്ശേരിപ്പറ്റയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പടരുന്ന മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാക്കാന്‍ നടപടി ഊര്‍ജിതമാക്കിയെന്ന് അധികൃതര്‍. ഇതിന്റെ ഭാഗമായി പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റംലയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ ഇരുപതിലധികം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായതായി കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേതുടര്‍ന്നാണ് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും സംഭവസ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി, പഞ്ചായത്തംഗം പി.സി ബീരാന്‍കുട്ടി, തേഞ്ഞിപ്പലം ഹെല്‍ത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ടി അബ്ദുല്‍ നാസര്‍, ആശാവര്‍ക്കര്‍ ടി സിന്ദു, സന്നദ്ധ പ്രവര്‍ത്തകന്‍ എം.കെ സിറാജ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രദേശത്ത് ബോധവല്‍ക്കരണം കാര്യക്ഷമമാക്കാനും ലഘുലേഖ വിതരണം ചെയ്യാനും അധികൃതര്‍ തീരുമാനിച്ചു. അതേസമയം ഇന്നലെയും പ്രദേശത്ത് രണ്ട് കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ പെരുവള്ളൂര്‍ ഉങ്ങുങ്ങലില്‍ പ്രവര്‍ത്തിക്കുന്ന നജാത്ത് ഹൈസ്‌കൂളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ക്കും മഞ്ഞപ്പിത്ത രോഗം സ്ഥീരികരിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂളിലെ കിണറിനു സമീപത്തുള്ള സെപ്റ്റിക് ടാങ്ക് നീക്കം ചെയ്യാനും മറ്റും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്തില്‍ കുട്ടികളടക്കം മഞ്ഞപ്പിത്തബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."