എണ്ണവിലയില്‍ ഒരു പൈസ കുറച്ച് കമ്പനികളുടെ ഔദാര്യം
ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16 ദിവസത്തെ വിലവര്‍ധനവിനുശേഷം പെട്രോളിന്റെയും ഡീസലിന്റേയും വിലയില്‍ നേരിയ കുറവ്. ഒരു പൈസയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കുറവു വന്നതായി അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഇത് സാങ്കേതിക തകരാറാണെന്നും ഒരു പൈസയാണ് കുറവു വന്നതെന്നും പിന്നീട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിക്കുകയായിരുന്നു. ഇതോടെ പെട്രോളിന് ഡല്‍ഹിയില്‍ 77.83 രൂപയും മുംബൈയില്‍ 85.65 രൂപയും ചെന്നൈയില്‍ 80.80 രൂപയും ബംഗളൂരുവില്‍ 79.10 രൂപയുമായി.
ഡീസലിന് യഥാക്രമം 68.75, 73.20, 72.58, 69.93 രൂപയുമാണ് നിരക്ക്. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 3.8 രൂപയും ഡീസലിന് 3.38 രൂപയുമാണ് കൂടിയത്. അതിനിടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതിയില്‍ ഒരു ഭാഗം വേണ്ടെന്ന് വച്ച് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ തീരുമാനിച്ച കേരളം രാജ്യത്തിന് നല്ല മാതൃകയാണെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേരളത്തെ മാതൃകയാക്കി പെട്രോള്‍ വില കുറയ്ക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം താത്പര്യങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ ഒന്ന് മുതല്‍ പെട്രോള്‍, ഡീസല്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കാന്‍ ഇന്നലെ ചേര്‍ന്ന കേരള മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇതുവഴി സംസ്ഥാനത്തിന് 509 കോടി രൂപയുടെ നഷ്ടമുണ്ടാകും.
പരിഹസിച്ച് രാഹുലിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: ഇന്ധനവില കുറക്കണമെന്ന നിരന്തര ആവശ്യത്തിനൊടുവില്‍ ഒരു പൈസ കുറച്ച നടപടിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി. തുടര്‍ച്ചയായ 16 ദിവസത്തെ വിലവര്‍ധനയ്ക്കുശേഷം പെട്രോളിന്റെയും ഡീസലിന്റേയും വില ഒരു പൈസയായി കുറച്ച നടപടിയെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചത്. ട്വിറ്ററിലാണ് പ്രധാനമന്ത്രിക്കെതിരേ രാഹുലിന്റെ പ്രതികരണം.
ഇത് താങ്കളുടെ വികടമായ ആശയമാണ്. തികഞ്ഞ ബാലിശമായ തീരുമാനമാണ്. താന്‍ കഴിഞ്ഞ ആഴ്ച വെല്ലുവിളിച്ച ഫ്യൂവല്‍ ചലഞ്ചിന് എതിരായ യുക്തിയുള്ള മറുപടിയല്ല ഇതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."