മരിച്ചുകൊണ്ടിരിക്കുന്ന പതിമൂന്ന് കുളങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ചിറ്റൂര്‍ ഗവ. കോളജ് എന്‍.എസ്.എസ് കൂട്ടായ്മ
ചിറ്റൂര്‍: ഏഴ് ദേശങ്ങളുടെ കുളത്തെ വീണ്ടെടുത്ത് ചിറ്റൂര്‍ കോളജ് നാഷണല്‍ സര്‍വിസ് സ്‌കീം കൂട്ടായ്മ. പതിമൂന്നാമത്തെ കുളമാണ് കൂട്ടായ്മയിലൂടെ നന്നാക്കിയത്്. പുതുനഗരം കൊടുവായൂര്‍ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന കുളക്കുഴിക്കുളത്തെ നവീകരിച്ച് ചിറ്റൂര്‍ കോളജ് എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ രണ്ടുദിവസത്തെ ജില്ലാതല ജലസംരക്ഷണ ബോധവല്‍കരണ ക്യാംപ്, 'ജലായനം നല്ല ജലം നാളേക്കായ്'.കൊല്ലങ്കോട് ബ്ലോക്ക്, പുതുനഗരം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മലിനപ്പെട്ടു കിടന്ന കുളക്കുഴിക്കുളമാണ് ക്യാംപിന്റെ ഭാഗമായി നവീകരിച്ചത്.
ആറ് ഏക്കറോളം വലിപ്പമുണ്ട് ഈ കുളത്തിന്. ശുചീകരണമില്ലാതെയും മീന്‍ വളര്‍ത്തുന്നതിനും മറ്റും കുളത്തെ ഉപയോഗിച്ചതിന്റെ ഫലമായി കരിചണ്ടിയും, പായലും വളര്‍ന്നു. കൂടാതെ രണ്ടു പഞ്ചായത്തുകളുടെ പരിധിയിലുള്ളതിനാലും ഇതില്‍ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുമായതിനാല്‍ ശുചീകരണം ഇതുവരെയും നടന്നിരുന്നില്ല.
കരിപ്പോട് ലക്ഷം വീട് കോളനി, വീട്ടിയോട് ദേശം കരിപ്പോട് തറ, കണ്ണങ്കോട് ദേശം, മതിലകം ദേശം, പേഴുംകാട് ദേശം, വടക്കേത്തദേശം തുടങ്ങി ആയിരത്തോളം പേരാണ് കുളത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം മുതലുള്ള ഈ ദേശക്കാരുടെ ആവശ്യമായിരുന്നു കുളം ശുചീകരിച്ച് കുളിക്കാന്‍ യോഗ്യമാക്കുക എന്നത്. പുതുനഗരം പതിനൊന്നാം വാര്‍ഡ് മെമ്പര്‍ എ. വി. സ്വാമിനാഥനോടൊപ്പം, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫിസര്‍മാരും വിദ്യാര്‍ഥികളും ഇടപെട്ടതിന്റെ ഫലമായാണ് കുളം ശുചീകരണത്തിനായി വിട്ടുനല്‍കിയത്.
രണ്ടു ദിവസങ്ങളിലായി ഇരുപത് മണിക്കൂറോളം യത്‌നിച്ചാണ് കുളത്തിലെ ചെളിയും, കരിചണ്ടിയും, ആഫ്രിക്കന്‍ പായലും, പ്‌ളാസ്റ്റിക് വസ്തുക്കളും നീക്കം ചെയ്തത്. കുളം ശുചീകരണത്തിനായി വിട്ടുനല്‍കിയതറിഞ്ഞ സന്തോഷത്തില്‍ കരിപ്പോട് ലക്ഷം വീട് കോളനി, വീട്ടിയോട്, കരിപ്പോട് തറ, മതിലകം, വടക്കേത്തറ തുടങ്ങിയ ദേശങ്ങളില്‍ നിന്നുള്ള ആളുകളും, മതിലകം രേഖ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്, വൈ. എം. എ. വടക്കേത്തറ എന്നിവരും ശുചീകരണത്തില്‍ പങ്കാളികളായി. പരിസരത്തെ മുപ്പതോളം കുട്ടികളും പ്രവര്‍ത്തനങ്ങള്‍ പങ്കെടുത്തത് വളണ്ടിയര്‍മാര്‍ക്ക് ഏറെ ഊര്‍ജം നല്‍കി.
ചിറ്റൂര്‍ കോളജ് എന്‍. എസ്. എസ്. കൂട്ടായ്മയുടെ ജലസംരക്ഷണ പദ്ധതിയായ 'ജലായനം നല്ല ജലം നാളേക്കായ്'കീഴില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ പതിമൂന്നാമത്തെ കുളനവീകരണമാണിത് യൂനിറ്റുകളുടെ സഹവാസ ക്യാംപുമായി ബന്ധപ്പെട്ട് തത്തമംഗലത്തെ മന്നത്തുകാവ് കുളമാണ് ആദ്യമായി ശുചീകരിച്ചത്. തുടര്‍ന്ന് മഴയുടെ ലഭ്യത വര്‍ഷംതോറും കുറയുന്നതില്‍ ആകുലരായാണ് നിലവിലെ കുളങ്ങളുടെ സംരക്ഷണമാണ് പാലക്കാടിന്റെ നിലനില്‍പ്പിനു ആധാരം എന്നു മനസ്സിലാക്കി പാലക്കാടിന്റെ വിവിധഭാഗങ്ങളില്‍ കുളം ശുചീകരണം ഏറ്റെടുത്തത്.
യൂനിറ്റുകളുടെ ദത്തുഗ്രാമമായ പട്ടഞ്ചേരി പഞ്ചായത്തിലെ രണ്ടു ഹൈസ്‌കൂള്‍ കുളം, ചോറക്കോട് കുളം , കിട്ടുമാന്‍കോവില്‍ ക്ഷേത്രക്കുളം, പാലക്കാട് തേങ്കുറുശ്ശിയിലെ വാക്കുളം, കരിപ്പാങ്കുളം, തായങ്കാവ് ക്ഷേത്രക്കുളം, വടക്കേത്തറ കൊട്ടക്കുളം നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് പിരായിരിയിലെ കുന്നംകുളം, പാലക്കാട് വടക്കന്തറകുളം, മാത്തൂര്‍ നാരകപ്പറമ്പ് അയ്യപ്പന്‍കുളം, പുതുനഗരം കുളക്കുഴിക്കുളം തുടങ്ങി പാലക്കാട്ടെ പതിമൂന്ന് പൊതു കുളങ്ങളുടെ ശുചീകരണം പൊതുസമൂഹത്തിന് തന്നെ മാതൃകയാണ്.
ഓരോ പ്രവര്‍ത്തിയും നാളേക്കായ് ഒരു കുമ്പിള്‍ ജലം കരുതിവക്കുന്ന സംതൃപ്തിയാണുണ്ടാവുന്നതെന്നും വരും ദിനകളിലും ജലസ്രോതസ്സുകളെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ തങ്ങളുടെ ഭാവഗത്തുനിന്നും ഉണ്ടാവുമെന്നും വളണ്ടിയര്‍ സെക്രട്ടറിമാരായ എം. ബി. ഷാബിര്‍,സായ് പ്രശാന്ത്, എസ്. പ്രമോദ്, കെ. വൈഷ്ണ എന്നിവര്‍ പറയുന്നു.
വാര്‍ഡ് മെമ്പര്‍ എ. വി സ്വാമിനാഥന്‍, ശ്യാംകുമാര്‍ തേങ്കുറുശ്ശി, ഗിരിധര്‍, എം. ചിദംബരം, എസ്.ഗുരുവായൂരപ്പന്‍, എം. മണികണ്ഠന്‍ എന്നിവര്‍ സഹകരിച്ചു. അറുപതോളം എന്‍. എസ്. എസ്. വളണ്ടിയര്‍മാര്‍ പങ്കെടുത്ത ക്യാംപിന് എന്‍. എസ്. എസ്. പ്രോഗ്രാം ഓഫിസര്‍മാരായ കെ. പ്രദീഷ്, സി. ജയന്തി, വളണ്ടിയര്‍ സെക്രട്ടറിമാരായ എസ്. പ്രമോദ്, എം. ബി. ഷാബിര്‍, കെ. വൈഷ്ണ, വി. ഷിജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."