അബ്ദുല്‍സലാം ഹാജി സ്മാരക ജനസേവ അവാര്‍ഡ് ഡോ. ശാംഭഷെട്ടിക്ക്
തൃക്കരിപ്പൂര്‍: ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ഏര്‍പ്പെടുത്തിയ പ്രവാസി വ്യവസായ പ്രമുഖന്‍ എ.ബി അബ്ദുല്‍ സലാം ഹാജി സ്മാരക ജനസേവ അവാര്‍ഡ് തൃക്കരിപ്പൂരിലെ ആദ്യകാല ഡോക്ടര്‍ പരേതനായ കെ ശാംഭ ഷെട്ടിക്ക്. മരണാനന്തര ബഹുമതിയായിട്ടാണ് കാഷ് അവാര്‍ഡും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ ഡോ ജയചന്ദ്ര ഷെട്ടി അടുത്തമാസം തൃക്കരിപ്പൂരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചികിത്സാ സൗകര്യങ്ങള്‍ പട്ടണങ്ങളില്‍ കേന്ദ്രീകരിച്ചു നടക്കുമ്പോള്‍ ഗ്രാമമായിരുന്ന തൃക്കരിപ്പൂരില്‍ എത്തിയ ഡോക്ടറാണ് ശാംഭ ഷെട്ടി. വാഹന സൗകര്യമില്ലാതിരുന്ന കാലത്ത് കിടപ്പിലായ രോഗികളെ ചികിത്സിക്കാന്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് വീടുകളില്‍ എത്തിയിരുന്നത്. രണ്ടു മുതല്‍ അഞ്ചു രൂപവരെയായിരുന്നു ഈ ജനകീയ ഡോക്ടര്‍ ഫീസ് വാങ്ങിയിരുന്നത്. അത്യാവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കിയിരുന്നു.
തൃക്കരിപ്പൂരിലെ സാമൂഹിക സാംസ്‌കാരിക മത വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കുള്ള ആദരവായാണ് ദുബൈ കെ.എം.സി.സി മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു വെള്ളാപ്പിലെ എ.ബി അബ്ദുല്‍ സലാം ഹാജിയുടെ സ്മരണക്കായി ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, കെ.എം.സി.സി ഭാരവാഹികളായ എന്‍.പി ഹമീദ് ഹാജി, അഫ്‌സല്‍ മെട്ടമ്മല്‍ ഏ ജി സുലൈമാന്‍, യഹിയ നീലമ്പം തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."