മികച്ച കുട്ടികര്‍ഷകയ്ക്കുള്ള കൃഷിവകുപ്പിന്റെ അവാര്‍ഡ് അഞ്ജുവിന്
രാജാക്കാട്: അഞ്ജു തോമസിനു കൃഷിവകുപ്പിന്റെ ആദരം. പ്രോജക്ട് അധിഷ്ഠിത ജൈവപച്ചക്കറി കൃഷിയില്‍ ഈ വര്‍ഷത്തെ മികച്ച കുട്ടികര്‍ഷകയ്ക്കുള്ള കൃഷിവകുപ്പിന്റെ അവാര്‍ഡ് കൊന്നത്തടി പാറയ്ക്കല്‍ തോമസ് - വത്സമ്മ ദമ്പതികളുടെ മകളും രാജകുമാരി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംവര്‍ഷ അഗ്രിക്കള്‍ച്ചര്‍ വിഭാഗം വിദ്യാര്‍ഥിനിയുമായ അഞ്ജുവിനാണ്. നാളെ വണ്ടിപ്പെരിയാറില്‍വച്ച് നടക്കുന്ന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അവാര്‍ഡ് കൈമാറും.
കൃഷിയോടും മണ്ണിനോടുമുള്ള അഭിനിവേശം അഞ്ജുവിന്റെ കാര്‍ഷിക സപര്യയ്ക്കു കരുത്തേകുന്നു. ഒരു കൃഷി ഓഫിസറാകണമെന്ന ആഗ്രഹവും ഈ കൊച്ചുമിടുക്കിയുടെ കൃഷിയറിവുകളെ ഓരോ ദിവസവും സമ്പന്നമാക്കുന്നു. പരമ്പരാഗത കാര്‍ഷിക കുടുംബത്തിലെ അംഗമായ അഞ്ജു പഠനവുമായി ബന്ധപ്പെട്ട് അനവധി ക്ലാസുകളില്‍ പങ്കെടുക്കുകയും കൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം അഞ്ജുവിനെ തികഞ്ഞ കര്‍ഷകയാക്കിത്തീര്‍ത്തു. പഠനത്തിലൂടെയും പ്രയോഗത്തിലൂടെയും താന്‍ നേടിയ കൃഷിയറിവുകള്‍ മറ്റുള്ളവര്‍!ക്ക് പകര്‍ന്നുനല്‍കുകയാണ് ഇപ്പോള്‍ അഞ്ജുവിന്റെ പ്രധാന ഉദ്യമം.
ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൃഷി മുഖ്യ പഠനവിഷയമായെടുത്തിട്ടുള്ള നൂറുകണക്കിനു വിദ്യാര്‍ഥികളാണ് അഞ്ജുവിന്റെ വീട്ടിലും കൃഷിയിടത്തിലും എത്തി നൂറുമേനി കൃഷിയറിവുകളുമായി മടങ്ങുന്നത്. വിദേശ ഇനങ്ങളുള്‍പ്പെടെ എഴുപതിലധികം പച്ചക്കറികളാണ് അഞ്ജുവിന്റെ കൃഷിയിടത്തിലും പോളിഹൗസിലുമായി വളരുന്നത്. ബ്രൊക്കാളി, സെലറി, ലെറ്റിയൂസ, പക്കോയി, നോള്‍ക്കോള്‍, ബാസില്‍, ചൈനീസ് കാബേജ്, ബാംഗ്ലൂര്‍ തക്കാളി, വിവിധതരം കോളിഫ്‌ലവറുകള്‍ എന്നിവ അവയില്‍ ചിലതു മാത്രം. പത്തിനം അലങ്കാര മുളകുകള്‍ അഞ്ജുവിന്റെ ഉദ്യാനത്തിന് അഴകേകുന്നു.
പശു, കോഴി, താറാവ്, ആട്, മുയല്‍, മീന്‍ തുടങ്ങി വളര്‍ത്തുമൃഗങ്ങളും പക്ഷികളുമടങ്ങുന്ന എട്ട് യൂണിറ്റുകളാണ് അഞ്ജുവിന്റെ വീട്ടിലുള്ളത്. ബൃഹത്തായ മണ്ണിര കമ്പോസ്റ്റ് യൂണിറ്റും അസോളകൃഷിയും രണ്ടരയേക്കറോളം വരുന്ന കൃഷിയിടത്തിലെയും ഒരു പോളിഹൗസ് യൂണിറ്റിലെയും വിളവുകള്‍ക്കെല്ലാം ജൈവവളമേകുന്നു. മാതാപിതാക്കളുടെ പിന്തുണയും കൃഷിവകുപ്പിന്റെയും കൊന്നത്തടി പഞ്ചായത്തിന്റെയും സഹായവും അഞ്ജുവിന്റെ കാര്‍ഷിക സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."