മണല്‍ സംഭരണത്തില്‍ വീഴ്ച; ധാതു വികസന കോര്‍പറേഷന്‍ 6.42 കോടി നഷ്ടംവരുത്തി
തിരുവനന്തപുരം: ഖനനം ചെയ്‌തെടുത്ത മണല്‍ ശരിയായ രീതിയില്‍ സംഭരിക്കുന്നതില്‍ ധാതു വികസന കോര്‍പറേഷന്‍ വീഴ്ചവരുത്തിയതിനാല്‍ സര്‍ക്കാരിനുണ്ടായ നഷ്ടം 6.42 കോടി രൂപ. മണലിനു മതിയായ സുരക്ഷ ഒരുക്കുന്നതിലും ആവശ്യത്തിനുസരിച്ച് അതതു പ്രദേശങ്ങളില്‍ എത്തിക്കുന്നതിലുമുണ്ടായ പാളിച്ചകളാണ് നഷ്ടത്തിനിടയാക്കിയത്.
നിര്‍മാണ ആവശ്യങ്ങള്‍ക്കായി മണലിനു ദൗര്‍ലഭ്യം നേരിടുന്നത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലമ്പുഴ, ചുള്ളിയാര്‍, വകയാര്‍ എന്നീ ഡാമുകളില്‍ നിന്ന് മണല്‍ ഖന നവും സംസ്‌കരണവും നടത്താന്‍ കോര്‍പറേഷനെ സര്‍ക്കാര്‍ 2010ല്‍ ചുമതലപ്പെടുത്തിയത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കും ഇ.എം.എസ്, എം.എന്‍ ഭവന പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ മണല്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. വിറ്റുവരവ് സര്‍ക്കാരിലേക്കു നല്‍കണമെന്നായിരുന്ന വ്യവസ്ഥ. ഇതിന്റെ മേല്‍നോട്ടത്തിനായി ഒരു കോര്‍ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. പാലക്കാട് ജില്ലാ കലക്ടര്‍ അധ്യക്ഷനായ കോര്‍ കമ്മിറ്റിയില്‍ കമ്പനി പ്രതിനിധികളും ജലസേചനം, വനം, റവന്യൂ, പൊലിസ്, നികുതി വകുപ്പുകളില്‍ നിന്നുമുള്ളവരും സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയിലെ വിദഗ്ധരും ഉള്‍പ്പെട്ടിരുന്നു.
2010 ഫെബ്രുവരി മുതല്‍ മെയ് വരെയുളള കാലയളവില്‍ മൂന്നു ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ കമ്പനി ഖന നം ചെയ്ത് സംസ്‌കരിച്ചെടുത്തു. ഒരു ക്യുബിക് മീറ്ററിന് 180 രൂപ നിരക്കില്‍ കരാര്‍ നല്‍കിയായിരുന്നു ഖന നം. ഇതില്‍ നിന്ന് 2011 ഓഗസ്റ്റ് വരെ 1.35 ലക്ഷം ക്യുബിക് മീറ്റര്‍ വിറ്റു. 1.65 ലക്ഷം ക്യുബിക് മീറ്റര്‍ ബാക്കിയായി. ഖന നം ചെയ്യപ്പെട്ട അളവു സംബന്ധിച്ചു വിവാദമുയര്‍ന്നപ്പോള്‍ കോര്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മണലിന്റെ അളവ് കൃത്യമായി രേഖപ്പെടുത്താതെ കൃത്യവിലോപം കാട്ടിയ കമ്പനിയുടെ അന്നത്തെ മാനേജിങ് ഡയരക്ടറെ സംസ്ഥാന സര്‍ക്കാരിന്റെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കരുതെന്ന് 2012ല്‍ സമര്‍പ്പിക്കപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.
വിജിലന്‍സ് അന്വേഷണം നടന്ന കാലയളവില്‍ മണല്‍ ഖന നമോ സംസ്‌കരണമോ നടന്നില്ല. 2013ല്‍ വില്‍പന പുനരാരംഭിച്ചപ്പോള്‍ 0.58 ലക്ഷം ക്യുബിക് മീറ്റര്‍ മാത്രമാണ് അവശേഷിച്ചതെന്ന് കണ്ടെത്തി. 6.42 കോടി രൂപയെങ്കിലും വിലമതിക്കുന്ന 1.07 ലക്ഷം ക്യുബിക് മീറ്ററാണ് മതിയായ സംഭരണത്തിന്റെയും സംരക്ഷണത്തിന്റെയും അഭാവത്തില്‍ നഷ്ടമായത്. ഇത് മോഷ്ടിക്കപ്പെടുകയോ ഒഴുകിപ്പോവുകയോ ആണുണ്ടായതെന്നാണ് നിഗമനം. മണല്‍ മോഷ്ടിക്കപ്പെട്ടതായി കമ്പനി പൊലിസില്‍ പരാതി നല്‍കിയിരുന്നു. വിപണി നിരക്കും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നതിനാല്‍ മോഷ്ടിക്കപ്പെടാന്‍ സാധ്യത ഏറെയാണെന്നറിഞ്ഞിട്ടും അതു സംരക്ഷിക്കാന്‍ അധികൃതര്‍ വേണ്ട സംവിധാനമുണ്ടാക്കിയില്ല.
റിസര്‍വോയര്‍ ഡീസില്‍ടേഷന്‍ സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശമനുസരിച്ച് മണല്‍ മറ്റു ജില്ലകളിലേക്കു കൊണ്ടുപോകുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനാല്‍ മണല്‍ സംസ്‌കരണത്തിന്റെ ലക്ഷ്യം കണ്ടതുമില്ല.
എത്രത്തോളം വില്‍പന നടക്കുമെന്നും അവശേഷിക്കുന്നത് സംഭരിക്കാനും മറ്റിടങ്ങളിലേക്കു കൊണ്ടുപോകാനും എത്രമാത്രം സാധിക്കുമെന്നും അനുമാനമില്ലാതെ ഖന നം നടത്തിയതാണ് മണല്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."