പരിസ്ഥിതി ദിന സന്ദേശം പ്രയോഗവല്‍കരിച്ച് വനം വകുപ്പ് ജീവനക്കാര്‍
മാനന്തവാടി: പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ പോരാടുകയെന്ന ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പ്രായോഗിക വല്‍ക്കരിച്ച് വനം വകുപ്പ് ജീവനക്കാര്‍. വയനാട് വന്യജീവിസങ്കേതം തോല്‍പ്പെട്ടി റെയ്ഞ്ചിലെ ജീവനക്കാരാണ് മാതൃകാ പ്രവര്‍ത്തനം നടത്തുന്നത്. പരിസ്ഥിതിദിനത്തില്‍ വച്ച് പിടിപ്പിക്കാനായി വിവിധ നഴ്സറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് വൃക്ഷ തൈകള്‍ പ്ലാസ്റ്റിക്ക് കൂടകളിലാണ് നട്ടു പിടിപ്പിക്കുന്നത്.
എന്നാല്‍ തോല്‍പ്പെട്ടി റെയ്ഞ്ചില്‍ മുളങ്കുറ്റികളിലാണ് മുളതൈകള്‍ നട്ടുവളര്ത്തിയിരിക്കുന്നതെന്നതാണ് പ്രത്യേകത. വേനല്‍കാലത്ത് കാട് കത്തിയമരുന്നതിന് പ്രധാന കാരണമായിത്തീരാറുള്ള വനത്തിനുള്ളിലെ വീണുകിടക്കുന്ന മുളകള്‍ ശേഖരിച്ചാണ് പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കിയത്.
വനത്തിനുള്ളില്‍ നിന്നാണ് മുളങ്കൂടകള്‍ തയ്യാറാക്കി നേഴ്സറികളിലെത്തിച്ച് തൈകള്‍ വെച്ച് പിടിപ്പിച്ചത്. 1500 ഓളം മുളതൈകളാണ് ഇത്തരത്തില്‍ നട്ടു പിടിപ്പിച്ചിരിക്കുന്നത്. തൈകള്‍ മുളങ്കൂടയോടു കൂടി തന്നെ കുഴികളിലേക്കിറക്കി വച്ചാല്‍ ചിതലരിച്ച് മുളങ്കൂട് തകര്‍ന്ന് തൈകള്‍ക്ക് വളരാന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രത്യാകത. വര്‍ഷം തോറും ലക്ഷക്കണക്കിന് വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ അത്രതന്നെ പ്ലാസ്റ്റിക്ക് കൂടകളും മണ്ണിലേക്ക് വലിച്ചറിയപ്പെടുന്നതാണ് നിലവിലെ സ്ഥിതി. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനസന്ദേശത്തിനൊപ്പം മാതൃകയാക്കിയിരിക്കുന്ന പ്രവൃത്തികള്‍ക്ക് റെയ്ഞ്ച് ഓഫിസര്‍ വി. രതീഷിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."