മുത്വലാഖ് വിവാദത്തിലെ രാഷ്ട്രീയം
ഇസ്‌ലാമികശരീഅത്ത് അനുസരിച്ചു ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ആ അവകാശം ചോദ്യം ചെയ്യപ്പെടുന്നതു മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. അത് സംഘ്പരിവാര്‍ എടുത്തുപയോഗിക്കുന്ന പല അടവുനയങ്ങളില്‍ ഒന്നുമാത്രമാണ്.
മൂന്നു ത്വലാഖ് ചൊല്ലി പെണ്ണിനെ മൊഴിചൊല്ലുന്ന രീതി അറബ്‌ലോകത്തുപോലും നിലനില്‍ക്കുന്നില്ലെന്നും അതുകൊണ്ട് അത്തരം സ്ത്രീവിരുദ്ധനിയമങ്ങള്‍ നീക്കം ചെയ്യേണ്ടതു മുസ്‌ലിംസ്ത്രീകളുടെ അവകാശസംരക്ഷണത്തിന് അനിവാര്യമാണെന്നുംവരേ മോദി മന്ത്രിസഭയിലെ ഉത്തരവാദപ്പെട്ട ചിലര്‍ പറയുകയുണ്ടായി.
വിവാഹജീവിതത്തിന് ഉലച്ചില്‍തട്ടുകയും ഒരുമിച്ചുജീവിക്കല്‍ അസാധ്യമെന്നു ബോധ്യപ്പെടുകയും ചെയ്യുമ്പോള്‍ വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താനുള്ള മാര്‍ഗമാണു ത്വലാഖ്, ഖുല, ഫസ്ഖ് എന്നീ ഇസ്‌ലാമികവിവാഹമോചന രീതികള്‍. പുരുഷന്‍ ഭാര്യയോടു 'നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലിയിരിക്കുന്നു'വെന്നു പറഞ്ഞാല്‍ ത്വലാഖും, സ്ത്രീ പ്രത്യേക നടപടിക്രമത്തിലൂടെ ഭര്‍ത്താവിനെ മൊഴി ചൊല്ലുന്നതു ഖുലയുമ്
ഇസ്‌ലാമിക ശരീഅത്തില്‍ ഇതിനൊക്കെ കൃത്യമായ നിയമസംഹിതയും അതിന്റെ പരിരക്ഷയുമുണ്ട്. അതാണ് ഇസ്‌ലാമിക ശരീഅത്തിനെ മറ്റു വ്യക്തിനിയമങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നത്. ദൈവവിധികളില്‍ അനുവദനീയമായ കാര്യങ്ങളില്‍ ദൈവത്തിന് ഏറ്റവും അനിഷ്ടകരമായതാണു ത്വലാഖ് എന്നു പ്രവാചകന്‍ മുന്നറിയിപ്പു നല്‍കിയതു ശ്രദ്ധേയമാണ്. ദൈനംദിന ജീവിതത്തില്‍ കുടുംബത്തിലുണ്ടായേക്കാവുന്ന പൊട്ടലും ചീറ്റലും പരിധി വിടുമ്പോഴാണു വിവാഹമോചന ആവശ്യമുയരുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറച്ചുകാലം ഒരേ വീട്ടില്‍ രണ്ടു മുറികളിലായി അകന്നുജീവിക്കണമെന്നാണു നിര്‍ദേശം. ഇദ്ദ കാലഘട്ടത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്ത് ഒന്നിച്ചു ജീവിക്കാനുള്ള അവസരമൊരുക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അതാണ് ഇസ്‌ലാം അനുവദിച്ച ത്വലാഖിന്റെ ഇതിവൃത്തം. അതിനെ അലംഭാവത്തോടെ സമീപിക്കുന്നവരെ പ്രവാചകന്‍ തന്നെ താക്കീത് ചെയ്തിട്ടുണ്ട്. 'നിങ്ങള്‍ എന്താണു കരുതുന്നത്. ദൈവവിധി കൊണ്ട് അമ്മാനമാടാമെന്നോ, രാവിലെ ത്വലാഖും രാത്രി തിരിച്ചെടുക്കലുമോ.' (നബി വചനം)
അപക്വമായി മൂന്നുപ്രാവശ്യം ത്വലാഖ് ചൊല്ലിയാല്‍ (മൂന്നു ത്വലാഖ്) പിന്നീടൊരു ബോധോദയത്തില്‍ വീണ്ടും അവളെ ഭാര്യയാക്കണമെങ്കില്‍ എളുപ്പമല്ല. അതിനു മറ്റൊരാള്‍ അവളെ കല്യാണം കഴിച്ചു വീട്ടില്‍ കൂടി പിന്നീടു ത്വലാഖ് ചൊല്ലി ഇദ്ദയും കഴിഞ്ഞേ പഴയഭര്‍ത്താവിനു കല്യാണം കഴിക്കാനാവൂ. അപക്വമായ സമീപനം വിവാഹബന്ധത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്നതാണ് ഈ നിയമത്തിന്റെ പൊരുള്‍.
ഈ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ ശരീഅത്ത് ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ക്കു കുറേ നിയന്ത്രണം വന്നു. ഒറ്റയടിക്കുതന്നെ 'നിന്നെ ഞാന്‍ മൂന്നും ചൊല്ലിയിരിക്കുന്നു എന്നു പറഞ്ഞാലോ മൂന്നുപ്രാവശ്യം ത്വലാഖ് ചൊല്ലിയെന്നു വരുന്ന രൂപത്തിലുള്ള വാചകം പറഞ്ഞാലോ മൂന്നു ത്വലാഖും സംഭവിക്കുമെന്നതാണ് അംഗീകൃത നാലു മദ്ഹബുകളുടെയും പ്രബലമായ അഭിപ്രായം.
ഇതുതന്നെയാണു മുസ്‌ലിം ലോകത്തൊക്കെയുള്ള പണ്ഡിതസഭകളുടെ മതനിയമ ബോര്‍ഡുകളൊക്കെ പിന്തുടരുന്ന നിയമവ്യവസ്ഥ. യെമന്‍, മൊറോക്കോ, ബഹ്‌റൈന്‍, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ നിലപാട് ഒരേ അവസരത്തില്‍ ബോധത്തോടെ മൂന്നു ത്വലാഖ് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നുതന്നെയാണ്.
നാലു മദ്ഹബിന്റെ വീക്ഷണത്തില്‍ നിലകൊള്ളുന്ന ഇസ്‌ലാമികരാജ്യങ്ങളില്‍ത്തന്നെ വ്യക്തിനിയമവിഷയങ്ങളില്‍ ഭരണകര്‍ത്താവിനു സ്വീകരിക്കാവുന്ന വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ യു.എ.ഇ അടക്കമുള്ള ചില രാജ്യങ്ങളില്‍ തുടര്‍ന്നുവരുന്ന മാലികി മദ്ഹബിന്റെ നിലപാടുകളാണ്. (മാലികി മദ്ഹബ് ആണ് ത്വലാഖ് നിയമത്തില്‍ ഏറെ കാര്‍ക്കശ്യം പുലര്‍ത്തുന്നത് ) ഇതില്‍, 'ഞാന്‍ നിന്നെ എന്റെ ജീവിതത്തില്‍ ഹറാം ആക്കിയിരിക്കുന്നു'വെന്നു ഭര്‍ത്താവ് ഭാര്യയോടു പറഞ്ഞാല്‍ അതോടെ വിവാഹബന്ധം മൂന്നു ത്വലാഖ് സംഭവിച്ചുവെന്നാണു വിധിക്കുന്നത്. ത്വലാഖ് എന്ന പദം പോലും വേണമെന്നില്ല. ഇങ്ങനെ പറഞ്ഞാല്‍ മറ്റു മദ്ഹബുകളില്‍ പുനര്‍വിചിന്തനത്തിനും ഹറാം നിഷിദ്ധമാക്കി എന്ന് പറഞ്ഞാല്‍ ഞാന്‍ കിടക്ക പങ്കിടില്ലെന്നേ ഉദ്ദേശിച്ചുള്ളൂ തുടങ്ങിയ വ്യാഖ്യാനങ്ങള്‍ക്കു പഴുതുകള്‍ പരതാമെങ്കിലും അതൊന്നും അംഗീകരിക്കാന്‍ മാലികി മദ്ഹബ് തയ്യാറാവുന്നില്ല.
ഒരേസമയത്തു മൂന്നുപ്രാവശ്യം ത്വലാഖ് മൊഴിഞ്ഞാല്‍, ഭര്‍ത്താവിന്റെ ആ സമയത്തെ ഉദ്ദേശ്യം മൂന്നു ത്വലാഖ് ചൊല്ലുക തന്നെയായിരുന്നോ അതോ ഒരു ത്വലാഖ് ഉറപ്പിക്കാനായി മൂന്നുപ്രാവശ്യം വാക്ക് ആവര്‍ത്തിക്കുകയായിരുന്നോ എന്ന വ്യാഖ്യാനത്തിനു സാധുത നല്‍കാന്‍ ഹമ്പലി മദ്ഹബ് മാത്രമാണു തയാറായിട്ടുള്ളത്. ഏതു സാഹചര്യത്തിലും വിവാഹ ബന്ധം പവിത്രമായി തുടരണം. അത് ഇസ്‌ലാമിക നിയമസംഹിതയ്ക്കകത്തായിരിക്കണം. ആ പവിത്രമായ ബന്ധത്തിലൂടെ വരാനിരിക്കുന്ന തലമുറ കൃത്യമായ നിയമപരിരക്ഷയ്ക്കുള്ളില്‍ ജനിച്ചുവീഴാനുള്ള നിയമസാധുതയും അവകാശവുമാണു മുസ്‌ലിംവ്യക്തിനിയമം വിഭാവന ചെയ്യുന്നത്.
ഒരേസമയത്തു മൂന്നു ത്വലാഖ് ബോധപൂര്‍വം ചൊല്ലിയാല്‍ ഒന്നേ സംഭവിക്കൂവെന്ന നിലപാട് ആദ്യമായെടുത്ത ഇബ്‌നു തീമിയ ഇക്കാരണത്താല്‍ ജയിലിലകപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമൊക്കെ ഇസ്‌ലാമികചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. പില്‍ക്കാലത്തെ ചില പണ്ഡിതരാണ് ഇദ്ദേഹത്തിന്റെ നിലപാടു പൊടിതട്ടിയെടുത്തു പ്രയോഗവത്കരിക്കാന്‍ ശ്രമിച്ചത്. അതും പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. 2005 മുതല്‍ യു.എ.ഇയില്‍ വന്ന നിയമം കൃത്യമായ നാലു മദ്ഹബുകള്‍ക്ക് വിധേയമായി പുനഃസ്ഥാപിക്കാന്‍ പോകുന്നുവെന്നു ബോധ്യപ്പെടുത്തുകയാണ്.
ദുൈബ കുടുംബ കോടതിയിലെ സീനിയര്‍ മജിസ്‌ട്രേറ്റ് അബ്ദുല്‍ റഹ്മാന്‍ അവാദി ഇക്കാര്യത്തെക്കുറിച്ചു വിശദീകരിക്കുന്നതിങ്ങനെ: 'മൂന്നു ത്വലാഖ് ചൊല്ലിയെന്നു പറയുന്ന പുരുഷന്മാരെ വിളിച്ചു താങ്കള്‍ ശരിക്കും മൂന്നു ത്വലാഖെന്നു കരുതിതന്നെയാണോ പറഞ്ഞതെന്നു ചോദിക്കുമ്പോള്‍ അധികപേരും പറയുന്നത് വ്യത്യസ്തങ്ങളായ കാരണങ്ങളായിരിക്കും. ഭരണകര്‍ത്താവു നല്‍കുന്ന വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിധിഷ്ഠിതമായ വിധികളാണ് ഇത്തരം സാഹചര്യത്തിലുണ്ടാകുക. മൂന്നു ത്വലാഖും ചൊല്ലി ബന്ധം പിരിയണമെന്ന നിലയില്‍ ചൊല്ലിയാല്‍ അതു മൂന്നു ത്വലാഖ് സംഭവിച്ചതായി തന്നെയാണ് ഏതാണ്ട് പ്രമുഖ അറബ് രാജ്യങ്ങളിലൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നത്.'
ഇന്ത്യന്‍ ഭരണകൂടം മനസ്സിലാക്കേണ്ടത് ഇതു ഇന്നു ജീവിക്കുന്ന സമൂഹത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നാണ്. വരുംതലമുറയുടെ ജന്മാവകാശസുതാര്യതയെയാണതു തകര്‍ത്തെറിയുന്നത്. ജനിക്കുന്ന ഓരോ കുഞ്ഞിന്റെയും മാതാപിതാക്കള്‍ നിയമപരമായ വിവാഹബന്ധത്തിലായിരുന്നുവെന്ന ഉറപ്പിനെയാണ് എന്നെന്നേയ്ക്കുമായി ഉത്തരവിലൂടെ തകര്‍ക്കുന്നത്. നിയമപരിരക്ഷയില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞ് ഹറാംപിറപ്പായി മാറുമെന്ന അതിഭയങ്കരമായ അനര്‍ഥമാണു സംഭവിക്കുക.
ശരീഅത്ത് വിവാദകാലത്തു ശംസുല്‍ ഉലമ മുതലക്കുളം മൈതാനത്തു സംഘടിപ്പിക്കപ്പെട്ട ശരീഅത്ത് സംരക്ഷണ സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചത് ഇന്നും പ്രസക്തമാണ്. 'നിങ്ങള്‍ ഇവിടെ നിലവിലുള്ള ശരീഅത്ത് നിയമം എടുത്തുകളഞ്ഞു ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു ഹലാലായ ഭക്ഷണം കൊടുക്കണമെന്ന ഞങ്ങളുടെ അവകാശത്തെ ഞങ്ങളില്‍നിന്ന് എടുത്തു മാറ്റി, ഹറാം ഭക്ഷിക്കുന്ന സമുദായത്തെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കുള്ളതിന്റെ പകുതി ഓഹരിയാണു പെണ്മക്കള്‍ക്കുള്ളത്. ഈ നിയമം എടുത്തു കളഞ്ഞാല്‍ പിന്നെ ആണിനും പെണ്ണിനും ഒരേവിധത്തില്‍ വീതംവച്ചാല്‍ അന്ത്യനാള്‍വരെ ഹറാം ഭക്ഷിച്ചു ജീവിക്കുന്ന സമുദായമായിരിക്കും ഇവിടെയുണ്ടാവുക.'
അതുപോലെ മൂന്നു ത്വലാഖ് ചൊല്ലി ബന്ധം പിരിച്ചതിനുശേഷം കൂടി ജീവിക്കുന്നതിലൂടെ ജനിച്ചേക്കാവുന്ന കുഞ്ഞുങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന കുടുംബവ്യവസ്ഥിതിക്കു വെല്ലുവിളിയാണ്. പല പാശ്ചാത്യരാജ്യങ്ങളിലും വിവാഹേതരബന്ധത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെപ്പോലെ ഏകമാതൃമക്കള്‍ സമ്പ്രദായം ആരോഗ്യപൂര്‍ണമായ സമൂഹത്തിനു ഭൂഷണമല്ല.
ലോകത്തു നിലനില്‍ക്കുന്ന പല മതാചാരങ്ങളിലും വ്യക്തിജീവിതവുമായി ബന്ധപ്പെട്ടു നിലവിലുള്ള നിയമവ്യവസ്ഥിതിക്ക് വളരെ മാറ്റങ്ങള്‍ കാലാന്തരേണ വന്നതും വരുത്തിയതുമാണ്, അതുപോലെയല്ല ഇസ്‌ലാമികവ്യക്തിനിയമം. കുറ്റമറ്റതെന്നു പറയാവുന്ന വ്യക്തിത്വനിയമസംഹിതയാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത്.
കൂട്ടുജീവിതം സമൂഹമര്യാദയ്ക്കും നീതിക്കുമൊക്കെ അനുസൃതമാവണമെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണമാണ്. വിവാഹം കര്‍ശനമായ നിയമവ്യവസ്ഥിതിക്കു വിധേയമായി മാത്രമേ നടക്കാവൂവെന്നു നിഷ്‌കര്‍ഷിക്കുന്നതും വിവാഹമോചന നിയമവ്യവസ്ഥ കര്‍ശനമായി പാലിച്ചിരിക്കണമെന്നതുമൊക്കെ ഇന്നു ജീവിച്ചിരിക്കുന്ന സമൂഹത്തേക്കാള്‍ വരുംതലമുറയുടെ അവകാശസംരക്ഷണമായാണ് ഇസ്‌ലാം നോക്കിക്കാണുന്നത്. വംശനാശം സംഭവിക്കുന്ന വന്യജീവികളുടെ അവകാശത്തിനുവേണ്ടി പ്രത്യേകമന്ത്രാലയവും മനുഷ്യജീവനു ഭീഷണിയായി മാറിയ തെരുവുനായ്ക്കള്‍ക്കുവേണ്ടി മുറവിളി കൂട്ടുന്ന സംഘടനകളും നിലനില്‍ക്കുന്ന നാട്ടില്‍ തങ്ങളുടെ വരുംതലമുറയുടെ ജന്മാവകാശം ഇത്രമേല്‍ അവഗണിക്കപ്പെടാന്‍ ഈ സമുദായം എന്തു തെറ്റാണു ചെയ്തത്.
ഇനി മതത്തിനകത്തു നടന്നുകൊണ്ടിരിക്കുന്ന ആചാരങ്ങളുടെ സാധുതയും കാലികതയുമൊക്കെയാണു വിഷയീഭവിക്കേണ്ടതെങ്കില്‍ അതത് മതപണ്ഡിതന്മാരുടെ സഭകളില്‍ ചര്‍ച്ചചെയ്തു പരിഹാരം കണ്ടെത്തിക്കൊള്ളട്ടെ. അല്ലാതെ നിലവിലെ ഭരണഘടനാവകാശങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷികളുടെ ഇംഗിതത്തിന് അനുസരിച്ചു വെട്ടിമാറ്റിയും തിരുകിക്കയറ്റിയും അന്തരീക്ഷം കലുഷിതമാക്കാമെന്നു കരുതുന്നതു മൗഢ്യമാണ്. അതിനേക്കാള്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ടത് മതാചാരമെന്നപേരില്‍ നഗ്‌നത മറക്കാതെയുള്ള സന്ന്യാസിസംഗമവും മനുഷ്യന്‍ ജനിച്ചുവീണതു കീഴ്ജാതിയിലായതുകൊണ്ടു ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതും എന്തു ഭക്ഷിക്കണം, ഭക്ഷിച്ചുകൂടാ എന്നൊക്കെ നിശ്ചയിക്കുന്നതുമൊക്കെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."