യു.എ.ഇയുടെ മുന്നറിയിപ്പ് അവഗണിക്കരുത്
യു.എ.ഇയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ തിരിച്ചുപോകാനാഗ്രഹിക്കുന്ന വിദേശ പൗരരെ അതതു രാജ്യങ്ങള്‍ എത്രയും പെട്ടെന്നു തിരിച്ചുകൊണ്ടുപോകണമെന്ന് യു.എ.ഇ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. കൊണ്ടുപോകാന്‍ തയാറാകാത്ത രാജ്യങ്ങള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കാനാണ് യു.എ.ഇ ഭരണകൂടത്തിന്റെ തീരുമാനം. ഇത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ പുനഃപരിശോധിക്കുക, അവിടങ്ങളില്‍ നിന്നുള്ള തൊഴിലാളി റിക്രൂട്ട്‌മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കാനൊരുങ്ങുന്നത്.
യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായുള്ള തൊഴില്‍ ബന്ധം, സഹകരണം എന്നിവ സംബന്ധിച്ചും പുനഃപരിശോധന ഉണ്ടാകുമെന്നാണ് മനുഷ്യവിഭവ, സ്വദേശിവല്‍കരണ മന്ത്രാലയങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. പൗരരെ തിരിച്ചുകൊണ്ടുപോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരെ ഭാവിയില്‍ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോള്‍ കടുത്ത നിബന്ധനകളായിരിക്കും ഏര്‍പ്പെടുത്തുക. ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള പരസ്പര ധാരണാപത്രം റദ്ദാക്കുന്നതടക്കമുള്ള നടപടികളുമുണ്ടാകും.
കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി യു.എ.ഇ ഈ മാസം ആദ്യം തന്നെ ഇതിനുള്ള നീക്കം ആരംഭിച്ചിരുന്നു. അമേരിക്കയും വിദേശ പൗരരെ എത്രയും വേഗം അവരവരുടെ രാജ്യങ്ങള്‍ തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. ഇതേ ആവശ്യം തന്നെ പ്രാവാസി സംഘടനകളും കേരളത്തിലെ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക, സാമൂഹ്യ സംഘടനകളും ഉന്നയിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. യു.എ.ഇയും ഇതര അറബ് രാഷ്ട്രങ്ങളും ഇതിനായി വിമാന സര്‍വിസ് നടത്താന്‍ വരെ സന്നദ്ധമായിരിക്കയാണ്.
എന്നാല്‍, കൊവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി ഇന്നലെ പറഞ്ഞിരുന്നു. ആളുകള്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാല്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകുമെന്നും ബെഞ്ച് വ്യക്തമാക്കി. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ നാല് ആഴ്ചത്തേക്കു മാറ്റിവച്ചു. ഇത് പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കും.
തിരികെ വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ സമസ്തയുടെ കീഴിലുള്ള പതിനായിരത്തിലധികം വരുന്ന മദ്‌റസകളും അറബിക് കോളജുകളും യതീംഖാനകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യമെങ്കില്‍ വിട്ടുകൊടുക്കാന്‍ തയാറാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ വളരെ മുന്‍പു തന്നെ വ്യക്തമാക്കിയതാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന തിരിച്ചെത്തുന്ന പ്രവാസികള്‍ക്കു ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. പ്രവാസികള്‍ തിരിച്ചെത്തിയാല്‍ പ്രതിരോധിച്ചു നിര്‍ത്തിക്കൊണ്ടിരിക്കുന്ന കൊവിഡിന്റെ വ്യാപനം ഉണ്ടായേക്കുമോ എന്ന ഭയം ഇതുകൊണ്ടു തന്നെ അസ്ഥാനത്താണ്. മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളെയും നിശ്ചിത കാലാവധി വരെ നിര്‍ബന്ധിത നിരീക്ഷണത്തിനു വിധേയമാക്കിയതിനു ശേഷം മാത്രമേ അവരവരുടെ വീടുകളിലേക്കയയ്ക്കൂ എന്ന് സംസ്ഥാന സര്‍ക്കാരും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതാണ് കാര്യങ്ങള്‍ വഷളാക്കുന്നത്.
പ്രവാസികള്‍ നാട്ടിലെത്താന്‍ മെയ് വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഈയിടെ സുപ്രഭാതത്തോടു പറഞ്ഞത്. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് സംസ്ഥാനത്തുനിന്നുള്ള പ്രവാസികള്‍ തിരിച്ചെത്തിയാല്‍ എല്ലാവര്‍ക്കും ക്വാറന്റൈന്‍ സൗകരും ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാകുമെന്നായിരുന്നു. സംസ്ഥാന സര്‍ക്കാരും മത, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും ആ ദൗത്യം ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ആ വാദത്തിന് അര്‍ഥമില്ല.
മറ്റൊന്ന് അദ്ദേഹം പറഞ്ഞത് നിര്‍ത്തിവച്ച രാജ്യാന്തര വിമാന സര്‍വിസുകള്‍ ഉടന്‍ തുടങ്ങാന്‍ നിവൃത്തിയില്ലെന്നും സര്‍വിസ് ആരംഭിക്കുമ്പോള്‍ കുടുങ്ങിപ്പോയവരെ കൊണ്ടുവരാമെന്നുമാണ്. ആ സാഹചര്യമല്ല ഇപ്പോഴുള്ളത്.
യു.എ.ഇ ഇപ്പോള്‍ എടുത്ത തീരുമാനം നാളെ ഇതര അറബ് രാഷ്ട്രങ്ങളും കൈക്കൊണ്ടാല്‍ ആ രാഷ്ട്രങ്ങളിലെ തൊഴില്‍ സാധ്യതകള്‍ നമുക്ക് നഷ്ടപ്പെടും. കടുത്ത നിബന്ധനകളായിരിക്കും പിന്നീട് തൊഴിലിന്റെ കാര്യത്തിലുണ്ടാവുക. നമ്മുടെ സംസ്ഥാനം നേടിയെടുത്ത എല്ലാ സാമ്പത്തിക പുരോഗതിയുടെയും അടിസ്ഥാനം അറബ് രാഷ്ട്രങ്ങള്‍ അവരുടെ വാതിലുകള്‍ നമുക്കായി തുറന്നിട്ടതാണ്. കൊവിഡിന്റെ പേരില്‍ നാളെ നമുക്കു മുന്‍പില്‍ അതു കൊട്ടിയടയ്ക്കാന്‍ ഇടവരരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."